Quantcast

ബംഗ്ലാദേശിൽ നിരോധനാജ്ഞ; നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്

ധാക്കയിലടക്കം സൈന്യത്തെ വിന്യസിച്ചു

MediaOne Logo

Web Desk

  • Published:

    21 July 2024 2:01 AM GMT

Bangladesh, curfew, army shoot-on-sight order.,job quota system,ബംഗ്ലാദേശ് പ്രക്ഷോഭം,ജോലി സംവരണം,
X

ധാക്ക: തൊഴിൽ സംവരണത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ രാജ്യവ്യാപക നിരോധനാജ്ഞ ഏർപ്പെടുത്തി. ധാക്കയിലടക്കം സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവർക്കെതിരെ ഷൂട്ട് ഓൺ സൈറ്റ് ഓർഡർ പുറപ്പെടുവിച്ചു.

സർക്കാർ നിയമനങ്ങളിലെ സംവരണത്തിനെതിരായ വിദ്യാർഥി പ്രതിഷേധം വൻസംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് സർക്കാറിന്റെ പുതിയ നീക്കം. സൈനികർ പ്രധാന ഇടങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. സംഘർഷത്തിൽ ഇതുവരെ 114 പേരാണ് മരിച്ചത്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 300 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി അധികൃതർ അറിയിച്ചു. രാജ്യത്ത് ഇന്‍റര്‍നെറ്റ് നിരോധനം തുടരുകയാണ്.

കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണ്. സ്വതന്ത്യത്തിനായി 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. ആയുധമേന്തി തെരുവിൽ ഇറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിലെ സർവകലാശാല ഉൾപ്പെടെ അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാർഥികളുടെ ആവശ്യം അംഗീകരിച്ച ധാക്ക ഹൈക്കോടതി തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി, സർക്കാർ തീരുമാനം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥികൾ തെരുവിലേക്ക് ഇറങ്ങിയത്.

അതിനിടെ ബംഗ്ലാദേശിലുള്ള ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നത് തുടരുകയാണ്. ഇതുവരെ ആയിരം വിദ്യാർഥികൾ മടങ്ങിയെത്തിയിട്ടുണ്ട്. 4,000 വിദ്യാർഥികൾ ഇപ്പോഴും ബംഗ്ലാദേശിൽ തുടരുകയാണ്. ഇവരെ തിരികെ എത്തിക്കുന്നതിനും സഹായമൊരുക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എം.ബി.ബി.എസ് വിദ്യാർഥികളാണ് മടങ്ങിയെത്തിയവരിൽ ഏറെയും.ഭൂരിഭാഗം വിദ്യാർഥികളുംഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

TAGS :

Next Story