റഷ്യയിലെ കടുത്ത നിയന്ത്രണങ്ങൾ; വിവാഹമോചനത്തിന് അപേക്ഷ നൽകി അസദിന്റെ ഭാര്യ, ലക്ഷ്യം ലണ്ടൻ
സിറിയയിൽ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു
മോസ്കോ: സിറിയയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അൽ അസദിന്റെ ഭാര്യ അസ്മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്.
റഷ്യയിലെ ജീവിതത്തിൽ തൃപ്‌തയല്ലാത്തതിന് പിന്നാലെയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്ന് തുർക്കി, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജന്മനാടായ ലണ്ടനിലേക്ക് മാറാനാണ് അസ്മ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ കോടതിയിലാണ് വിവാഹമോചന അപേക്ഷ സമർപ്പിച്ചത്. ഇതോടൊപ്പമാണ് മോസ്കോ വിടാനും പ്രത്യേക അനുമതി തേടിയത്.
അതേസമയം, അസ്മയുടെ അപേക്ഷ റഷ്യൻ അധികാരികൾ അവലോകനം ചെയ്യുകയാണെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സിറിയന്‍ സ്വദേശികളാണ് മാതാപിതാക്കളെങ്കിലും ലണ്ടനിലാണ് അസ്മ ജനിച്ചതും വളര്‍ന്നതും. ബ്രിട്ടിഷ് – സിറിയ ഇരട്ടപൗരത്വമുള്ളയാളാണ് അസ്മ. 2000ൽ 25-ാം വയസ്സിൽ സിറിയയിലേക്ക് താമസം മാറിയ അവർ, അതേവർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. സിറിയയില്‍ കലാപം ആരംഭിച്ചതു മുതൽ മക്കൾക്കൊപ്പം ലണ്ടനിലേക്ക് കടക്കാനായിരുന്നു അസ്മ ശ്രമിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലണ്ടനിലെ കിങ്സ് കോളജിൽ കമ്പ്യൂട്ടർ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം നേടിയ അസ്മ, ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിങിലായിരുന്നു കരിയര്‍ തുടങ്ങിയിരുന്നത്. മോസ്കോയിൽ അഭയം പ്രാപിച്ച അസദ്, നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നത്. മോസ്കോ വിടുന്നതിനോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോ വിലക്കുള്‍പ്പെടെയുള്ളതാണ് നിയന്ത്രണങ്ങള്‍.
അദ്ദേഹത്തിന്റെ 270 കിലോഗ്രാം സ്വർണവും 2 ബില്യൺ യുഎസ് ഡോളറും മോസ്കോയിലെ 18 അപ്പാർട്ടുമെൻ്റുകളും ഉൾപ്പെടുന്ന പണവും സ്വത്തുക്കളും റഷ്യൻ അധികൃതർ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16