Quantcast

വാങ്കിനു നിയന്ത്രണവുമായി ഇസ്രായേൽ; പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം

ശബ്ദമലിനീകരണം ആരോപിച്ചാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    1 Dec 2024 6:51 PM GMT

വാങ്കിനു നിയന്ത്രണവുമായി ഇസ്രായേൽ; പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം
X

തെൽ അവീവ്: മുസ്‌ലിം പള്ളികളിലെ വാങ്കുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കവുമായി ഇസ്രായേൽ ഭരണകൂടം. പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ പൊലീസിനു നിർദേശം നൽകി. പിഴ ചുമത്താനും ഉത്തരവിട്ടതായി 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.

ശബ്ദമലിനീകരണം ആരോപിച്ചാണ് കടുത്ത നടപടികളിലേക്കു നീങ്ങുന്നത്. കിഴക്കൻ ജറൂസലം ഉൾപ്പെടെയുള്ള അധിനിവിഷ്ട പ്രദേശങ്ങളിലെ പള്ളികൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ സുരക്ഷാ മന്ത്രാലയത്തിന്റെ നിയമനിർമാണം. പാതിരാത്രികളിൽ ഉൾപ്പെടെ പള്ളികളിൽനിന്ന് അമിതമായ ശബ്ദം ഉയരുന്നുവെന്ന് ഇവിടങ്ങളിലെ ജൂതതാമസക്കാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണിപ്പോൾ ഇസ്രായേൽ ഭരണകൂടം വാങ്കിനു നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.

പള്ളികളിലെ ശബ്ദസംവിധാനങ്ങൾ പിടിച്ചെടുക്കാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ടെന്ന് ബെൻ ഗിവിർ വാർത്താകുറിപ്പിൽ അറിയിച്ചു. ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമാണിത്. ഈ നിയമം കൊണ്ട് ഫലമുണ്ടാകണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ശബ്ദം ഉയർത്തുന്ന പള്ളികൾക്കെതിരെ പിഴത്തുക ഉയർത്താനുള്ള പുതിയ ബിൽ അവതരിപ്പിക്കുമെന്നും ബെൻ ഗിവിർ അറിയിച്ചു.

അറബ് മുസ്‌ലിം സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ബെൻ ഗിവിറിന്റെ നീക്കം പ്രകോപനപരമാണെന്നാണ് അറബ് നഗരങ്ങളില മേയറുമാർ പ്രതികരിച്ചത്. നടപടി മേഖലയിൽ കൂടുതൽ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബെൻ ഗിവിർ വീണ്ടും ഇസ്‌ലാമോഫോബിയ ആളിക്കത്തിക്കുകയാണെന്ന് അറബ് എംപി അഹ്മദ് തീബി പറഞ്ഞു. ഈ അടിച്ചമർത്തൽ നയം തടയുമെന്നും വിശുദ്ധകേന്ദ്രങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story