Quantcast

ഗസ്സയെ കാന്‍സറെന്നു വിശേഷിപ്പിച്ച മെയര്‍ ഹബീബ്; ഫ്രാന്‍സിലെ ഇടതു മുന്നേറ്റത്തില്‍ അടിതെറ്റിയവരില്‍ നെതന്യാഹുവിന്റെ വിശ്വസ്തനും

ഫ്രഞ്ച് തെരുവുകളില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയാണ് ഇടതു മുന്നണിയുടെ വിജയാഘോഷമെന്നും ഫലസ്തീന്‍ രാഷ്ട്രത്തെ ഫ്രാന്‍സ് അധികം വൈകാതെ അംഗീകരിക്കുമെന്നുമാണ് തോല്‍വിക്ക് ശേഷം ഹബീബിന്‍റെ ആദ്യ പ്രതികരണം

MediaOne Logo

Shaheer

  • Updated:

    2024-07-08 19:37:14.0

Published:

8 July 2024 2:07 PM GMT

ഗസ്സയെ കാന്‍സറെന്നു വിശേഷിപ്പിച്ച മെയര്‍ ഹബീബ്; ഫ്രാന്‍സിലെ ഇടതു മുന്നേറ്റത്തില്‍ അടിതെറ്റിയവരില്‍ നെതന്യാഹുവിന്റെ വിശ്വസ്തനും
X

പാരിസ്: ഫ്രാന്‍സിലെ ഇടതു മുന്നേറ്റത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തനും അടിതെറ്റി. ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടിയായ ലെസ് റിപബ്ലിക്കന്‍സ് നേതാവും പേരുകേട്ട ഫലസ്തീന്‍ വിരുദ്ധനുമായ മെയര്‍ ഹബീബ് ആണ് തുടര്‍ച്ചയായി വിജയിച്ചുവരുന്ന സീറ്റില്‍ പരാജയം നുണഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിനൈസാന്‍സ് പാര്‍ട്ടി അംഗവും ജൂത നേതാവുമായ കരോലൈന്‍ യദാന്‍ ആണ് ഹബീബിനെ തോല്‍പിച്ചത്.

വിദേശത്ത് കഴിയുന്ന ഫ്രഞ്ച് പൗരന്മാരുടെ എട്ടാമത്തെ മണ്ഡലത്തിലാണ് ഹബീബ് ഇതാദ്യമായി പരാജയം നുണഞ്ഞത്. തുര്‍ക്കി, ഗ്രീസ്, ഇറ്റലി, മാള്‍ട്ട, സൈപ്രസ്, വത്തിക്കാന്‍, സാന്‍ മറിനോ, ഫലസ്തീന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലുള്ള ഫ്രഞ്ച് പൗരന്മാര്‍ ആണ് ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍. വോട്ടിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും ഇസ്രായേലില്‍ മുന്നേറ്റം തുടരാന്‍ ഹബീബിനായെങ്കിലും മറ്റൊരിടത്തും മുന്നിലെത്താനായില്ല. 52.7 ശതമാനം വോട്ട് നേടിയാണ് യദാന്‍ ഇവിടെ വിജയിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ മോണ്ടെ' റിപ്പോര്‍ട്ട് ചെയ്യുന്നു. 47.3 ശതമാനം വോട്ടാണ് ഹബീബിനു ലഭിച്ചത്.

നെതന്യാഹുവിന്റെ വലംകൈ

തുനീസ്യന്‍ വംശജനായ ജൂത നേതാവാണ് മെയര്‍ ഹബീബ്. ഫ്രാന്‍സിനു പുറമെ ഇസ്രായേലിലും പൗരത്വമുള്ളയാണ്. ബെഞ്ചമിന്‍ നെതന്യാഹുവുമായി വര്‍ഷങ്ങള്‍ നീണ്ട ഉറ്റ ബന്ധമുണ്ട്. നെതന്യാഹുവിന്റെ 'വിദേശ വലംകൈ' എന്നു തന്നെ വേണമെങ്കില്‍ പറയാം. ഫ്രഞ്ച് പാര്‍ലമെന്റിലിരുന്ന് ഇസ്രായേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ഇത്രയും കാലം ഹബീബ് ചെയ്തുപോന്നത്. ഫ്രാന്‍സും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ഇടപാടുകളില്‍ പോലും മധ്യസ്ഥനായി നിന്നത് അദ്ദേഹമായിരുന്നു.

ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുതല്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വരെ രംഗത്തിറങ്ങിയിരുന്നു. നെതന്യാഹുവും ഗാലന്റും ഇസ്രായേല്‍ നെസെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാനയുമെല്ലാം ഹബീബിനു വോട്ട് തേടി പ്രചാരണ വിഡിയോകള്‍ പുറത്തിറക്കിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പില്‍ ഇങ്ങനെ പ്രമുഖരായ ഇസ്രായേല്‍ വൃത്തങ്ങള്‍ പങ്കാളികളാകുന്നത് അസാധാരണ സംഭവമാണെന്നാണ് 'ജ്യൂയിഷ് പ്രസ്' വിശേഷിപ്പിച്ചത്.

തുനീസ്യന്‍ പൗരനാണെങ്കിലും മെയര്‍ ഹബീബിന്റെ വളര്‍ച്ചയും പഠനവുമെല്ലാം ഫ്രഞ്ച് തലസ്ഥാനമായ പാരിസിലായിരുന്നു. പിതാവ് ഇമ്മാനുവല്‍ ഹബീബിന് ഫ്രാന്‍സില്‍ വിന്‍സ് ഹബീബ് ഫ്രെറെസ് എന്ന പേരില്‍ ഒരു വീഞ്ഞ് കമ്പനി തന്നെയുണ്ടായിരുന്നു. ലെസ് റിപബ്ലിക്കന്‍സിലൂടെ ഫ്രഞ്ച് രാഷ്ട്രീയത്തില്‍ സജീവമായ ഹബീബ് 2013ല്‍ ദേശീയ അസംബ്ലിയുടെ വിദേശകാര്യ സമിതിയില്‍ അംഗമായി. 2016ല്‍ നെതന്യാഹുവിന്റെ ഓഫിസുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഒരു വിവാദത്തിലൂടെയാണ് ഇരുവരും എത്രമാത്രം അടുത്തു ബന്ധമുള്ളവരാണെന്നു പുറംലോകമറിയുന്നത്. ഹബീബ് വഴി നെതന്യാഹുവിന് ഒരു മില്യന്‍ യൂറോ നല്‍കിയെന്ന ഫ്രഞ്ച് വ്യവസായി അര്‍ണോഡ് മിംറാന്റ വെളിപ്പെടുത്തലായിരുന്നു വിവാദത്തിനു തുടക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി മാത്രം 40,000 യൂറോ നല്‍കിയെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

2000 മുതല്‍ നെതന്യാഹുവിന്റെ നിരവധി വിദേശയാത്രകള്‍ക്ക് ഹബീബ് ഫണ്ട് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ വിവാദങ്ങള്‍ ഇസ്രായേലില്‍ വലിയ കോളിളക്കമാണു സൃഷ്ടിച്ചത്.. 2017ലെ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവുമായുള്ള തന്റെ ബന്ധം വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ഹബീബ് ആഞ്ഞടിച്ചിരുന്നു. ഇരുവരുമുള്ള സൗഹൃദത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണെന്നായിരുന്നു ആക്ഷേപം.

ഇസ്രായേലിന്റെ ഗസ്സ വംശഹത്യയുടെ 'ആഗോള വക്താവ്'

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയെ പരസ്യമായി പിന്തുണയ്ക്കുന്ന നേതാവാണ് മെയര്‍ ഹബീബ്. ഇതിന്റെ പേരില്‍ പാര്‍ലമെന്റില്‍ പലതവണ വന്‍ വിമര്‍ശനത്തിനും പാത്രമായിരുന്നു. ഒരുഘട്ടത്തില്‍ ഇസ്രായേലിനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട ഫ്രഞ്ച് നടപടിയെ പാര്‍ലമെന്റിനകത്തും പുറത്തും രൂക്ഷമായി വിമര്‍ശിച്ചു ഹബീബ്.

കഴിഞ്ഞ മേയ് അവസാനത്തില്‍ റഫായിലെ ഇസ്രായേല്‍ ആക്രമണത്തെച്ചൊല്ലി ഫ്രഞ്ച് പാര്‍ലമെന്റ് പ്രക്ഷുബ്ധമായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റത്തിനു നേതൃത്വം നല്‍കിയ ഫ്രാന്‍സ് അന്‍ബൗഡ്(എല്‍.എഫ്.ഐ) എന്ന തീവ്ര ഇടത് പാര്‍ട്ടിയുടെ അംഗമായ സെബാസ്റ്റ്യന്‍ ഡെലോഗു അന്ന് ഫലസ്തീന്‍ പതാകയുമായാണ് പാര്‍ലമെന്റില്‍ എത്തിയത്. ഇതു വലിയ കോളിളക്കം സൃഷ്ടിച്ചു. നടപടിയുടെ പേരില്‍ രണ്ടു മാസത്തേക്ക് സഭയില്‍നിന്നു വിലക്ക് നേരിട്ടു ഡെലോഗു. രണ്ടു മാസത്തെ ശമ്പളത്തില്‍നിന്ന് 50 ശതമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഫലസ്തിന്‍ രാഷ്ട്രത്തിനുള്ള അംഗീകാരത്തെ ചൊല്ലിയായിരുന്നു ചര്‍ച്ചകള്‍ക്കു തുടക്കം. ഡെലോഗുവിനെ വിലക്കിയ ശേഷവും എല്‍.എഫ്.ഐ നേതാവ് ഡേവിഡ് ഗിറൂഡ് വിഷയം ഉയര്‍ത്തി. ഇതോടെ പലതവണ പ്രസംഗം ഇടപെട്ട് തടസപ്പെടുത്തുകയായിരുന്നു അന്ന് മെയര്‍ ഹബീബ് ചെയ്തത്. ഹബീബിന്റെ ഇടപെടല്‍ അതിരുകടന്നതോടെ രൂക്ഷമായ വാക്കേറ്റവും കടന്ന പ്രയോഗങ്ങള്‍ക്കും സഭ സാക്ഷിയായി. 'വംശഹത്യാ ചെളിക്കെട്ടിലെ പന്നി'യാണ് ഹബീബ് എന്നു പ്രതികരിച്ചു ഗിറൂഡ്. സെമിറ്റിക് വിരുദ്ധനെന്ന് വിമര്‍ശിച്ച് ഹബീബ് ഇതിനെതിരെ രംഗത്തെത്തി.

എന്നാല്‍, ഗസയെ അര്‍ബുദം എന്നു വിശേഷിപ്പിച്ച ഹബീബിന്റെ പഴയൊരു പ്രസംഗം എടുത്തിട്ടു ഗിറൂഡ്. ഇതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു തന്റെ പരാമര്‍ശമെന്നു പ്രതിരോധിക്കുകയും ചെയ്തു അദ്ദേഹം. ഗസ്സ ആക്രമണത്തിനുശേഷം ഫ്രഞ്ച് പാര്‍ലമെന്റില്‍ എല്‍.എഫ്.ഐ അംഗങ്ങളും ഹബീബും പല തവണ പരസ്പരം ഏറ്റുമുട്ടിയിരുന്നു. വംശഹത്യയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഹബീബിനെ സഭയില്‍നിന്നു വിലയ്ക്കണമെന്നും പലകുറി ആവശ്യമുയര്‍ന്നിരുന്നു.

'ഫലസ്തീന്‍ രാഷ്ട്രത്തെ ഫ്രാന്‍സ് അംഗീകരിക്കും'

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും ഫലസ്തീന്‍ വിഷയം ഉയര്‍ത്തി വിദ്വേഷം പ്രചരിപ്പിക്കാനായിരുന്നു മെയര്‍ ഹബീബിന്റെ ശ്രമം. തെരഞ്ഞെടുപ്പ് ഫലം ഫ്രാന്‍സിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക കൂട്ടുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഫ്രഞ്ച് തെരുവുകളില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയാണ് ഇടതു മുന്നണിയുടെ വിജയാഘോഷം നടക്കുന്നതെന്നും അധികം വൈകാതെ ഫലസ്തീന്‍ രാഷ്ട്രത്തെ ഫ്രാന്‍സ് അംഗീകരിക്കുമെന്നും ഹബീബ് തുടര്‍ന്നു.

സെമിറ്റിക് വിരുദ്ധരായ തീവ്ര ഇടതുപക്ഷം ഫ്രാന്‍സിനെ കീഴടക്കിയിരിക്കുകയാണ്. ഫ്രാന്‍സിലെ ജൂതന്മാരുടെ ഭാവിയെ കുറിച്ച് എനിക്ക് ഏറെ ആശങ്കയുണ്ട്. ഫ്രാന്‍സിന്റെ മൊത്തം ഭാവിയെ കുറിച്ചും ഉത്കണ്ഠാകുലനാണെന്നും ഹബീബ് പറഞ്ഞു.

മെയര്‍ ഹബീബിനെ തോല്‍പിച്ച കരോലൈന്‍ യദാനും ഇസ്രായേല്‍ അനുകൂല നേതാവാണ്. എന്നാല്‍, പ്രത്യേക്ഷത്തില്‍ ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ പിന്തുണച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഹബീബിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പലതും സെമിറ്റിക് വിരുദ്ധത നിറഞ്ഞതാണെന്നും ഇതിനെ അപലപിക്കുന്നുവെന്നുമാണ് അവര്‍ പ്രതികരിച്ചത്.

Summary: Israel PM Benjamin Netanyahu confidant Meyer Habib loses in French parliament election

TAGS :

Next Story