ഗസ്സ ആക്രമണത്തിനിടെ മുഖം രക്ഷിക്കാന്‍ ബൈഡന്‍റെ 'മുസ്‍ലിം നയതന്ത്രം'; വിമര്‍ശകരെ മാറ്റിനിര്‍ത്തി നേതാക്കളുമായി കൂടിക്കാഴ്ച
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾക്കിടെ അമേരിക്കയിലെ ഒരു വിഭാഗം മുസ്‌ലിം നേതാക്കളുമായി ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു
ജോ ബൈഡന്‍
വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനു നൽകുന്ന ഉറച്ച പിന്തുണയ്‍ക്കെതിരെ വന്‍ വിമര്‍ശനമുയരുന്നതിനിടെ മുഖം രക്ഷിക്കാന്‍ നീക്കവുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേല്‍ അനുകൂല നിലപാടിനെ വിമർശിച്ചവരെ മാറ്റിനിര്‍ത്തി അമേരിക്കയിലെ ഒരു വിഭാഗം മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് ബൈഡന്‍ ഭരണകൂടത്തിന്‍റെ പുതിയ 'നയതന്ത്ര'നീക്കം. ഗസ്സ ആക്രമണത്തിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി കൂടിക്കാഴ്ച ബഹിഷ്‌ക്കരിക്കാൻ ആഹ്വാനമുണ്ടായിരുന്നുവെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു വൃത്തം പ്രതികരിച്ചു.
മിനെസോട്ട അറ്റോണി ജനറൽ കീത്ത് എല്ലിസൺ, അമേരിക്കയിലെ മുസ്‌ലിം രാഷ്ട്രീയ കൂട്ടായ്മയായ എംഗേജിന്റെ പ്രതിനിധി വായിൽ അൽസയാത്ത്, വിർജിനിയയിലെ ആൾ ഡലസ് ഏരിയ മുസ്‌ലിം സൊസൈറ്റി സെന്റർ എക്‌സിക്യൂട്ടീവ് റിലീജ്യസ് ഡയരക്ടർ ഇമാം മുഹമ്മദ് മാജിദ്, ഇന്നർ സിറ്റി മുസ്‌ലിം ആക്ഷൻ നെറ്റ്‌വർക്ക് ഡയരക്ടറും ഫലസ്തീൻ-അമേരിക്കനുമായ റാമി നഷാഷിബി, കാലിഫോർണിയ സർവകലാശാലയിൽ ഫാമിലി മെഡിസിൻ പ്രൊഫസറായ സൂസൻ ബറകാത്ത് എന്നിവരാണ് ഇന്നലെ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾക്കിടെ ബൈഡൻ ഭരണകൂടത്തോട് മുസ്‌ലിം സമുദായത്തിനിടയിൽ അമർഷം പുകയുന്നതിനിടെയാണ് ഇത്തരമൊരു നീക്കമെന്നതു ശ്രദ്ധേയമാണ്. ഇതോടൊപ്പമാണ് ഇസ്രായേൽ നിലപാടിനെ പരസ്യമായി വിമർശിച്ച നേതാക്കളുമായി സംസാരിക്കാനും ബൈഡൻ ഭരണകൂടം വിസമ്മതിച്ചത്.
കൂടിക്കാഴ്ചയിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ സമുദായ നേതാക്കൾക്കിടയിൽ ചർച്ച നടന്നിരുന്നതായി റാമി നഷാഷിബി പ്രതികരിച്ചു. ബൈഡനോട് വഒരുപാട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തെ നേരിൽകാണാമെന്നു താൻ തീരുമാനിക്കുകയായിരുന്നുവെന്നും റാമി നഷാഷിബി മിഡിലീസ്റ്റ് ഐയോട് പ്രതികരിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുത്ത മറ്റുള്ളവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
ഫലസ്തീൻ വിഷയത്തിൽ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മുസ്‌ലിം നേതാക്കൾ ആശങ്കയറിയിച്ചിരുന്നുവെന്നാണു വിവരം. എന്നാൽ, വെടിനിർത്തലിനും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനും ഇടപെടുന്ന കാര്യത്തിൽ ഇവരൊന്നും കൃത്യമായ മറപുടി നൽകിയിട്ടില്ലെന്നാണു കൂടിക്കാഴ്ചയിൽ പങ്കെടുത്ത നേതാക്കൾ വെളിപ്പെടുത്തിയത്.
Summary: Joe Biden administration refused to meet American Muslim leaders publicly critical of Gaza policy
Adjust Story Font
16