'പൊറുക്കില്ല, വേട്ടയാടിപ്പിടിക്കും'; കാബൂൾ ആക്രമണത്തിൽ മുന്നറിയിപ്പുമായി ബൈഡൻ
ഐഎസിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ ബൈഡൻ പെന്റഗണ് നിർദേശം നൽകി
വാഷിങ്ടൺ: 13 യുഎസ് സൈനികർ ഉൾപ്പെടെ എഴുപതിലേറെ പേർ കൊല്ലപ്പെട്ട കാബൂളിലെ ചാവേർ ആക്രമണത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. ആക്രമണത്തിന്റെ ഉത്തരവാദികൾക്ക് മാപ്പില്ലെന്നും അവരെ വേട്ടയാടിപ്പിടിക്കുമെന്നും ബൈഡൻ പറഞ്ഞു.
'ആക്രമണം നടത്തിയവരും അമേരിക്കയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാമെന്ന് ആഗ്രഹിക്കുന്നവരും ഇക്കാര്യം അറിയുക. ഞങ്ങളിത് മറക്കില്ല. പൊറുക്കില്ല. നിങ്ങളെ വേട്ടയാടിപ്പിടിക്കും. ഭീകരവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം നിർത്തില്ല. ഒഴിപ്പിക്കൽ തുടരും'- വൈറ്റ്ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ വ്യക്തമാക്കി.
ഐഎസിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ ബൈഡൻ പെന്റഗണ് നിർദേശം നൽകി. 'ഈ ഐഎസ് ഭീകരവാദികൾ വിജയിക്കില്ല. അമേരിക്കക്കാരെ രക്ഷിക്കുന്നത് ഞങ്ങൾ തുടരും. ഞങ്ങളുടെ സഖ്യകക്ഷികളെയും പുറത്തെത്തിക്കും. അമേരിക്കയെ വിരട്ടാനാകില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച രാത്രിയാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചാവേർ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായത്. എഴുപതിലേറെ പേർ മരിച്ചതായാണ് കണക്ക്. 140 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്ത് നിന്ന് പുറത്തുപോകാനായി എത്തിയ ആൾക്കൂട്ടത്തിലാണ് ആക്രമണമുണ്ടായതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.
അതിനിടെ, യുഎസ് വൈസ് പ്രസിഡണ്ട് തന്റെ പര്യടനങ്ങൾ അവസാനിപ്പിച്ച് വാഷിങ്ടണിൽ തിരിച്ചെത്തി. കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിക്കുന്നതായും അഫ്ഗാനിലെ ദൗത്യം പൂർത്തിയാക്കുമെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
Adjust Story Font
16