Quantcast

'നെതന്യാഹു ഇറങ്ങിയ ശേഷം എന്റെ ടോയ്‌ലെറ്റിൽ വിവരം ചോർത്തുന്ന ശ്രവണ സഹായി കണ്ടെത്തി'; വെളിപ്പെടുത്തലുമായി ബോറിസ് ജോൺസൻ

ഏകദേശം ഇതേ സമയത്തു തന്നെ യുഎസിൽ വൈറ്റ് ഹൗസിലും തന്ത്രപ്രധാനമായ മറ്റു സ്ഥലങ്ങളിലും വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന നിരീക്ഷണ സംവിധാനം കണ്ടെത്തുകയും പിന്നിൽ ഇസ്രായേലാണെന്ന് എഫ്ബിഐ ആരോപിക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-04 16:59:18.0

Published:

4 Oct 2024 4:35 PM GMT

Bugging device found in my bathroom after Israel PM Benjamin Netanyahu visit, claims Ex-UK PM Boris Johnson, Boris johnson memoir Unleashed
X

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തില്‍ നെതന്യാഹു ബോറിസ് ജോണ്‍സനുമായുള്ള കൂടിക്കാഴ്ചയ്‍ക്കെത്തിയപ്പോള്‍

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഒക്ടോബർ പത്തിനു പുറത്തിറങ്ങാനിരിക്കുന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം ഇപ്പോൾ തന്നെ വലിയ വിവാദങ്ങൾക്കു തിരികൊളുത്തിയിരിക്കുകയാണ്. പുസ്തകം തുറന്നുവിടാനിരിക്കുന്ന രഹസ്യവിവരങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ നേരത്തെ തന്നെ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ സജീവമാണ്. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പുസ്തകത്തിലുള്ള ഗുരുതരമായൊരു വെളിപ്പെടുത്തൽ വലിയ വാർത്തയായിരിക്കുകയാണിപ്പോള്‍. നെതന്യാഹുവിന്റെ സന്ദർശനത്തിനു പിന്നാലെ തന്റെ ഓഫിസിൽ ചാരപ്രവർത്തനത്തിനുള്ള ശ്രമമുണ്ടായെന്നാണ് ജോൺസൻ ആരോപിക്കുന്നത്.

2017ൽ ബോറിസ് ജോൺസൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന സമയത്താണ് നെതന്യാഹു ലണ്ടനിലെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിലെത്തുന്നത്. ബോറിസുമായി കൂടിക്കാഴ്ചയ്ക്കു വേണ്ടിയായിരുന്നു സന്ദർശനം. സെക്രട്ടറിയുടെ മുറിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹു ഒന്ന് ബാത്‌റൂമിൽ പോകണമെന്ന് പറഞ്ഞു. ഓഫിസിനോട് ചേർന്നൊരു രഹസ്യഭാഗത്തായിരുന്നു ബോറിസിന്റെ ടോയ്‌ലെറ്റ് ഉണ്ടായിരുന്നത്.

ബോറിസ് തന്നെ നെതന്യാഹുവിനതു കാണിച്ചുകൊടുത്തു. അൽപസമയം കഴിഞ്ഞ് അദ്ദേഹം കാര്യം സാധിച്ചു തിരിച്ചുവന്നു. എന്നാൽ, കൂടിക്കാഴ്ച കഴിഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി മടങ്ങിയ ശേഷം ഉദ്യോഗസ്ഥർ മുറിയിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണു ദുരൂഹമായൊരു സംഗതി കണ്ടെത്തിയത്. രഹസ്യവിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന ശ്രവണ സഹായിയായിരുന്നു അത്.

നെതന്യാഹുവിനെ ബീബി എന്നു പരിചയപ്പെടുത്തിയാണു സംഭവത്തെ കുറിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിവരിക്കുന്നത്. യാദൃച്ഛികതയായി തോന്നാമെങ്കിലും നെതന്യാഹു ടോയ്‌ലെറ്റ് ഉപയോഗിച്ചു മടങ്ങിയ ശേഷമാണ് അവിടെ ഉപകരണം കണ്ടെത്തിയതെന്ന് ബോറിസ് പറയുന്നു. സംഭവത്തെ കുറിച്ചുള്ള വിശദമായ വിവരം പുസ്തകത്തിലുണ്ടെന്നാണ് 'ദി ടെലഗ്രാഫി'നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

നെതന്യാഹുവിനൊപ്പം നടന്ന്, നിരവധി ചരിത്രസംഭവങ്ങൾക്കും നിർണായക യോഗങ്ങൾക്കും സാക്ഷ്യംവഹിച്ച ബ്രിട്ടീഷ് വിദേശ കാര്യാലയത്തിനകത്തെ ഓരോ സ്ഥലങ്ങളും പരിചയപ്പെടുത്തിയതായും ബോറിസ് വെളിപ്പെടുത്തുന്നുണ്ട്. ഫലസ്തീന്‍ മണ്ണില്‍ ജൂതരാഷ്ട്രം യാഥാർഥ്യമാക്കിയ ബാൾഫർ പ്രഖ്യാപനം തയാറാക്കിയത് ഇവിടെ വച്ചാണെന്നു പറഞ്ഞ് ഒരു അക്രോട്ട് മരത്തിന്റെ മേശയും അദ്ദേഹം കാണിച്ചുകൊടുത്തു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആർഥർ ജെയിംസ് ബാൾഫറിന്റെ നേതൃത്വത്തിൽ പ്രഖ്യാപനം തയാറാക്കിയത് ആ മേശയ്ക്കു പുറത്തായിരുന്നുവെന്നായിരുന്നു വിവരിച്ചുകൊടുത്തത്. ഇതു കണ്ട് നെതന്യാഹു അത്ഭുതം കൂറിയെന്ന് ബോറിസ് പറയുന്നു. എന്നാൽ, ബാൾഫർ പ്രഖ്യാപനം എങ്ങനെയാണു തയാറാക്കിയതെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും, അത് ആർഥർ ബാൾഫർ ഉപയോഗിച്ച മേശയാകാൻ സാധ്യതയില്ലെന്നു പിന്നീടു ബോധ്യപ്പെട്ടെന്നും ബോറിസ് പുസ്തകത്തില്‍ കുറ്റസമ്മതം നടത്തുന്നുണ്ട്.

അതേസമയം, ടോയ്‌ലെറ്റിൽനിന്ന് ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേലിൽനിന്ന് ബ്രിട്ടൻ വിശദീകരണം തേടിയതായോ മറ്റു നടപടികളുണ്ടായതായോ വിവരമൊന്നും ലഭ്യമല്ലെന്ന് ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഏകദേശം ഇതേ സമയത്തു തന്നെ വാഷിങ്ടണിലെ വൈറ്റ് ഹൗസിലും സമാനമായ ഉപകരണം സ്ഥാപിച്ചെന്ന ആരോപണം ഇസ്രായേലിനെതിരെ ഉയർന്നിരുന്നു. വൈറ്റ് ഹൗസിനു പുറമെ യുഎസ് തലസ്ഥാനത്തെ മറ്റു തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന നിരീക്ഷണ സംവിധാനമായ സെൽഫോണുകൾ കണ്ടെത്തിയിരുന്നു. ഇതു സ്ഥാപിച്ചതിനു പിന്നിൽ ഇസ്രായേലിനു പങ്കുണ്ടെന്നാണ് അന്ന് യുഎസ് അധികൃതർ ആരോപിച്ചത്.

2018ൽ ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടുള്ള ചാരപ്രവർത്തനത്തിനായി വൈറ്റ് ഹൗസിൽ ശ്രവണ സഹായ ഉപകരണം സ്ഥാപിച്ചതായി മൊസാദിനെതിരെ യുഎസ് ആരോപണമുന്നയിച്ചിരുന്നു. വാഷിങ്ടൺ ഡിസിയിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഉപകരണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ കണ്ടെത്തിയിരുന്നതായി യുഎസ് വൃത്തങ്ങൾ ഫ്രഞ്ച് മാധ്യമമായ 'പോളിറ്റിക്കോ'യോട് മുൻപ് വെളിപ്പെടുത്തിയിരുന്നു. ടെലിഫോൺ സംഭാഷണ വിവരങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ഉപകരണം. മൊബൈൽ ലൊക്കേഷനുകളും കോളുകളിലെ ഉള്ളടക്കങ്ങളുമെല്ലാം ഇതുവഴി ചോർത്താനാകും. വാഷിങ്ടണിൽ സ്ഥാപിച്ച ഈ ഉപകരണങ്ങളിലൊന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, ഡൊണാൾഡ് ട്രംപ് തന്നെ ഈ കണ്ടെത്തൽ തള്ളിക്കളയുകയാണുണ്ടായത്. വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നു പറഞ്ഞായിരുന്നു അദ്ദേഹം എഫ്ബിഐ റിപ്പോർട്ട് അവഗണിച്ചത്. അമേരിക്കയിൽ ഒരു രഹസ്യ പ്രവർത്തനവും ചാരപ്രവർത്തനവും നടത്തരുതെന്ന് ഞങ്ങൾക്കു നിർദേശമുണ്ടെന്നായിരുന്നു ഇതിനോട് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. യുഎസിലെ ഇസ്രായേൽ എംബസിയും റിപ്പോർട്ടുകളെ പൂർണമായി തള്ളിക്കളയുകയായിരുന്നു ചെയ്തത്.

Summary: Bugging device found in my bathroom after Israel PM Benjamin Netanyahu visit, claims Ex-UK PM Boris Johnson

TAGS :

Next Story