ഗസ്സക്ക് ഭക്ഷണവും വെള്ളവും നൽകാൻ 40 ദശലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് കാനഡ
വേൾഡ് ഫുഡ് പ്രോഗ്രാം, യുനിസെഫ്, ലോകാരോഗ്യ സംഘടന തുടങ്ങിയ ഏജൻസികൾക്കാണ് ഫണ്ട് അനുവദിക്കുക
ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മറ്റു മാനുഷിക സഹായങ്ങളും നൽകാൻ കാനഡ 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. വേൾഡ് ഫുഡ് പ്രോഗ്രാം, യുനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾക്കാണ് ഫണ്ട് അനുവദിക്കുകയെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ യുഎൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) ജീവനക്കാർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ ആരോപിച്ചിരുന്നു. തുടർന്ന് കാനഡയും അമേരിക്കയുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഫണ്ട് നിഷേധിച്ച നടപടി ആപൽക്കരമാണെന്ന് യു.എൻ ഏജൻസി ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു. ഗസ്സയിലെ അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുകയാണെന്ന് ഹമാസ് ആരോപിച്ചു. ധനസഹായ വിതരണം നിർത്തിവെക്കരുതെന്ന് ഇവർ ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയുടെ പുതിയ ധനസഹായ പ്രഖ്യാപനം വരുന്നത്.
Adjust Story Font
16