ആറ് മാസത്തെ ശമ്പളം, മാക്ബുക്ക്, സാമ്പത്തിക സഹായം..ജീവനക്കാരെ പിരിച്ചുവിട്ട് CANVA
കമ്പനിയുടെ വളര്‍ച്ചാമാന്ദ്യമാണ് ഇത്തരമൊരു കഠിനമായ തീരുമാനത്തിലെത്തിച്ചതെന്ന് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ സിഇഒ

സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ് പ്രമുഖ ഡിസൈനിങ് ആപ്പ് ആയ കാന്‍വയിലെ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍. ഓസ്‌ട്രേലിയന്‍ കമ്പനിയായ കാന്‍വ തങ്ങളുടെ ജീവനക്കാരില്‍ 22% പേരെ പിരിച്ചുവിടുന്നത് നവംബർ മൂന്നിനാണ് പ്രഖ്യാപിച്ചത്. കമ്പനിയുടെ 13 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണിതെന്ന് പിരിച്ചുവിടല്‍ അറിയിച്ചുകൊണ്ട് സിഇഒ മെലാനി പെര്‍ക്കിന്‍സ് പറഞ്ഞു. ആഗോളതലത്തില്‍ 1271 ജീവനക്കാരെയാണ് കാന്‍വ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഇതില്‍ ഇന്ത്യക്കാരും അടങ്ങിയിട്ടുണ്ട്.
നിര്‍മിതബുദ്ധിയുടെ കടന്നു വരവോടെയുള്ള ഉയര്‍ന്ന ചെലവുകളും എഐ ടൂളുകളില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് കമ്പനിയെ ഈ തീരുമാനത്തിലെത്തിച്ചത്. കമ്പനിയുടെ വളര്‍ച്ചാമാന്ദ്യമാണ് ഇത്തരമൊരു കഠിനമായ തീരുമാനത്തിലെത്തിച്ചതെന്ന് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ മെലാനി പെര്‍ക്കിന്‍സ് വ്യക്തമാക്കി.
എന്നാല്‍ ജീവനക്കാര്‍ക്കുള്ള പിരിച്ചുവിടല്‍ പാക്കേജിനെ കുറിച്ച് ജീവനക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ കമ്പനിയുടെ പരിഗണന കൈയടി നേടുകയാണ്. കാൻവയിലെ മുൻ ജീവനക്കാരി ആയിരുന്ന ശ്രദ്ധ ഖുലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. കാൻവയിലാണ് ജോലി ചെയ്യുന്നതെന്ന് ഇനി പറയാനാവില്ലല്ലോ എന്ന സങ്കടവും അവർ പറയുന്നുണ്ട്. വളരെ വിഷമകരമായ വാർത്തയാണിതെന്നും ജോലി ചെയ്തതിൽ ഏറ്റവും മികച്ച കമ്പനിയാണിതെന്നും അവർ പറഞ്ഞു.
പിരിച്ചുവിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും കുറഞ്ഞത് ആറ് മാസത്തെ ശമ്പളം നല്‍കും. കൂടാതെ കമ്പനി നല്‍കിയ മാക്ബുക്ക് ജീവനക്കാര്‍ക്ക് കൈവശം വെക്കാം. തുടര്‍ന്നുള്ള ജോലി അന്വേഷിക്കാനായി ഒരു വര്‍ഷത്തെ ലിങ്ക്ഡിന്‍ സബ്‌സ്‌ക്രിപ്ഷന്‍, അഭിമുഖത്തിനുള്ള തയ്യാറെടുപ്പ്, കരിയര്‍ കോച്ചിങ്ങ് എന്നിവയും കമ്പനി നല്കുന്നു.
കൂടാതെ പുതിയ സംരംഭങ്ങൾ ആരംഭിക്കാനായി 10000 ഡോളർ സാമ്പത്തിക സഹായവും ജീവനക്കാർക്ക് ലഭിക്കും. ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും കാൻവ കെയർ വഴി ഒരു വർഷത്തെ ആരോഗ്യ പരിരക്ഷയും നല്കും. കമ്പനിയിൽ ഒരു വർഷം പൂർത്തിയാക്കാത്തവർക്ക് ഓഹരി ആനുകൂല്യങ്ങൾ നിലനിർത്താം. തൊഴിലവസരങ്ങൾ കണ്ടെത്താനായി കമ്പനിയുടെ ടാലൻറ് അക്വിസിഷൻ ടീമിലെ ഒരു വിഭാഗത്തെ ചുമതലപ്പെടുത്തും.
Adjust Story Font
16

