ഇസ്രയേലിൽ സർക്കാരിനെതിരായ പ്രതിഷേധറാലിയിലേക്ക് കാർ ഇടിച്ചുകയറ്റി; ഒരു മരണം നിരവധി പേർക്ക് പരിക്ക്
റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രതിഷേധക്കാരെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി
തെൽ അവീവ്: ഭരണകൂടഭീകരതക്കെതിരെ തലസ്ഥാനമായ തെൽ അവീവിൽ ആയിരങ്ങളെ അണിനിരത്തി നടത്തിയ പ്രതിഷേധറാലിയിലേക്ക് കാർ ഇടിച്ചുകയറ്റി അപകടം. നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നവരിലേക്കാണ് കാർ ഇടിച്ചുകയറ്റിയത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രതിഷേധക്കാർക്കിടയിലേക്ക് പാഞ്ഞുകയറിയ കാർ നിരവധി പേരെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോവുകയായിരുന്നു.
സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്. വാഹനത്തിലെ മറ്റ് യാത്രക്കാർക്കും സംഭവത്തിൽ പങ്കുണ്ടോ, ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
'റോഡ് തടസപ്പെടുത്തുന്നതും അക്രമങ്ങൾ അഴിച്ചുവിടുന്നതും അസഹനീയമാണെങ്കിലും എല്ലാവരും സംയമനം പാലിക്കണം'- എന്നാണ് ഇസ്രയേൽ ആശയവിനിമയ മന്ത്രി ഷ്‌ലോമോ കാർഹി സംഭവത്തെക്കുറിച്ച് എക്‌സിൽ കുറിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം സഖ്യത്തിനകത്തും പുറത്തുമുള്ള ഇടത് നേതാക്കൾക്കാണെന്നും കാർഹി കുറ്റപ്പെടുത്തി
ബെഞ്ചമിൻ നെതന്യാഹു സർക്കാർ അക്രമവും ഭിന്നിപ്പും പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപിച്ചും, സംഭവത്തെ അപലപിച്ചും ഇസ്രായേൽ പ്രതിപക്ഷ നേതാവ് യാർ ലാപിഡും രംഗത്തുവന്നു.
ഇതിനിടെ ഗസ്സയുടെ പല ഭാഗങ്ങളിലും വ്യാപക ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഖാൻ യൂനുസിലും മറ്റുമായി ചെറുത്തുനിൽപ്പ് പോരാളികൾ നടത്തിയ ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഖാൻ യൂനുസിലും പരിസരങ്ങളിലും കഠിന പോരാട്ടമാണ് നടക്കുന്നതെന്ന് ഇസ്രായേൽ സൈനിക വക്താവും പ്രതികരിച്ചു. അതിനിടെ, ചെങ്കടലിൽ ഒരു കപ്പലിനു നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണമുണ്ടായി. ഗസ്സയിലേക്ക് ഭക്ഷണവും വഹിച്ചുളള കൂടുതൽ ട്രക്കുകൾ വന്നുതുടങ്ങിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരെ കൊലപ്പെടുത്തിയത് ബോധപൂർവമല്ലെന്ന ഇസ്രായേൽ വിശദീകരണം വേൾഡ് സെൻട്രൽ കിച്ചൺ തള്ളിയിരുന്നു. സംഭവത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
Adjust Story Font
16