'ഏറ്റവും സുരക്ഷിതമായ രീതിയിൽ കൊണ്ടുപോയി'; അസദിന് അഭയം നല്‍കിയതായി സ്ഥിരീകരിച്ച് റഷ്യ
സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയില്‍ അസദിനെ കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി
മോസ്കോ: വിമതസംഘം സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രസിഡന്റ് ബഷാർ അൽ അസാദിനെ സംരക്ഷിച്ചെന്ന് സ്ഥിരീകരിച്ച് റഷ്യ. 'വളരെ സുരക്ഷിതമായി റഷ്യയിലെത്തിച്ചുവെന്നാണ് വിദേശകാര്യ സഹ മന്ത്രി സെർജി റിയാബ്കോവ് വ്യക്തമാക്കിയത്.
എന്‍ബിസി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ബഷാറുല്‍ അസദ് സുരക്ഷിതനാണ്, അസാധാരണ സാഹചര്യത്തിൽ റഷ്യ ആവശ്യാനുസരണം ഇടപെടുന്നുവെന്നതാണ് അദ്ദേഹത്തെ സംരക്ഷിച്ചതിലൂടെ വ്യക്തമാകുന്നതെന്നും സെർജി റിയാബ്കോവ് പറഞ്ഞു.
ആദ്യമായാണ് അതും ഉന്നത തലങ്ങളില്‍ നിന്നും തന്നെ, അസദിന് സംരക്ഷണം കൊടുത്തുവെന്ന് റഷ്യ സ്ഥിരീകരിക്കുന്നത്. സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ അസദിന് അനുകൂലമായ നിലപാടായിരുന്നു റഷ്യ സ്വീകരിച്ചിരുന്നത്. തന്ത്രപ്രധാനമായൊരു കൂട്ടാളി എന്ന നിലയിലായിരുന്നു പുടിന്‍, സിറിയയെ കണ്ടിരുന്നതും. സ്വാഭാവികമായും അവിടെയൊരു അത്യാഹിതം സംഭവിച്ചാല്‍ റഷ്യ, ഇടപെടും എന്ന് ഉറപ്പായിരുന്നു. അതിനാലായിരുന്നു അസദിന്, റഷ്യ അഭയം കൊടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്.
ആദ്യഘട്ടങ്ങളില്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ റഷ്യ തയ്യാറായിരുന്നില്ല. ഇതോടെ അസദിന് അഭയം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ റഷ്യന്‍ ഭരണകൂടം അവസാനിപ്പിച്ചു. സിറിയയില്‍, വിമത വിഭാഗം വന്‍ മുന്നേറ്റം നടത്തുന്നുവെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെ തന്നെ അസദിനെ സുരക്ഷതിനാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് റഷ്യയില്‍ തുടക്കം കുറിച്ചിരുന്നു.
അതേസമയം, റഷ്യയില്‍ എവിടെയാണ് അസദ് തങ്ങുന്നത് എന്നും എന്താണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റ അവസ്ഥയെന്നും സെർജി റിയാബ്കോവ് വ്യക്തമാക്കിയില്ല. അതുസംബന്ധിച്ച് വിശദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ അസദിനെ റഷ്യ പിന്തുണയ്ക്കുന്നത് തുടരുമെന്നും റിയാബ്കോവ് വ്യക്തമാക്കി.
റഷ്യ, അസദിനെ വിചാരണയ്ക്കായി കൈമാറുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിച്ച കണ്‍വെന്‍ഷനില്‍ റഷ്യ ഒരു കക്ഷിയല്ലെന്നായിരുന്നു സെര്‍ജി റിയാബിന്റെ മറുപടി. അതേസമയം സിറിയയിലെ സാഹചര്യം മുതലെടുത്തുള്ള ഇസ്രായേൽ നീക്കത്തിനെതിരെയും റഷ്യ നിലപാട് വ്യക്തമാക്കി. ബഫർ സോണിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിറിയയുടെ പ്രാദേശിക അഖണ്ഡതയെ ലംഘിക്കുന്ന നീക്കം പാടില്ലെന്നും സെർജി റിയാബ്കോവ് വ്യക്തമാക്കി. സിറിയയില്‍ വ്യോമതാവളമുള്‍പ്പെടെ റഷ്യക്ക് തന്ത്രപ്രധാനമായ ഇടങ്ങളുണ്ട്. അസദിന്റെ പതനത്തിനുശേഷം ഇവയുടെ ഭാവി സംബന്ധിച്ച് റഷ്യക്ക് ആശങ്കകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൂർണ്ണ പിന്തുണ നൽകിയിരുന്നൊരു ഭരണത്തിൻ്റെ തകർച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് നല്‍കിയത് വലിയ പ്രഹരമാണെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16