വടക്കൻ ഗസ്സയിലെ വെടിനിർത്തൽ: ഫലസ്തീനികൾക്ക് പലായനം ചെയ്യാൻ
ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ രൂപപ്പെടുത്തുമെന്നും ഈ പ്രദേശങ്ങളിൽ സൈനികനടപടികൾ ഉണ്ടാകില്ലെന്നും ജോൺ കിർബി
ഇസ്രായേൽ മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ വടക്കൻ ഭാഗത്ത് ദിവസവും നാലു മണിക്കൂർ വെടിനിർത്താൻ തീരുമാനം. ഇക്കാര്യം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസാണ് അറിയിച്ചത്. വടക്കൻ ഗസ്സയിൽനിന്ന് ഫലസ്തീനികൾക്ക് പലായനം ചെയ്യാനായാണ് വെടിനിർത്തൽ. വടക്കൻഗസ്സയിൽ നിന്ന് ആളുകൾക്ക് പലായനം ചെയ്യാൻ രണ്ട് മാനുഷിക ഇടനാഴികൾ രൂപപ്പെടുത്തുമെന്നും ഈ പ്രദേശങ്ങളിൽ സൈനികനടപടികൾ ഉണ്ടാകില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോൺ കിർബി പറഞ്ഞു.
അതേസമയം വെടിനിർത്തലിനുള്ള ഉചിത സമയമായില്ലെന്ന ഇസ്രായേൽ വാദം അമേരിക്കയും ശരിവെച്ചു. വിജയം വരെ യുദ്ധം തുടരുമെന്നും വെടിനിർത്തൽ പരിഗണനയിൽ ഇല്ലെന്നും ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചു. തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ നാലു മണിക്കൂർ കൂടി അധിക സമയം അനുവദിച്ചതായി ഇസ്രായേൽ അറിയിപ്പ് ലഭിച്ചതിനു പിന്നാലെ വടക്കൻ ഗസ്സയിൽനിന്ന് സലാഹുദ്ദീൻ റോഡുവഴി വൻ ജനപ്രവാഹമാണ്. കരസൈന്യത്തിന്റെ മുന്നേറ്റം ഉറപ്പാക്കാൻ ഗസ്സയിൽ വ്യാപക വോമാക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്ന് ഗസ്സയിലെ വലിയ രക്തദാന കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചതായി ബ്ലഡ് ബാങ്ക് അസോസിയേഷൻ അറിയിച്ചു. 16 ആശുപത്രികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചു. ഇസ്രായേൽ ആക്രമണത്തിൽ അൽ ഔദ ആശുപത്രികെട്ടിടത്തിന് കാര്യമായ തകരാർ സംഭവിച്ചു. ആശുപത്രികൾക്കു മേലുള്ള ഇസ്രായേൽ ആക്രമണം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച അടിയന്തര രക്ഷാസമിതി ചേരണമെന്ന് ചൈന ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലും വ്യാപക ആക്രമണങ്ങളാണ് ഫലസ്തീൻ ജനതക്കു നേരെ അരങ്ങേറുന്നത്. ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ അതിക്രമങ്ങളിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 18 ആയി. ഇസ്രായേൽ സേന നടത്തിയ ഡ്രോൺ ബോംബിങ്ങിലും വെടിവെപ്പിലുമായാണ് ഫലസ്തീനികൾ കൊല്ലപ്പെട്ടത്. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അറബ് രാഷ്ട്രീയ നേതാവും മുൻ ഇസ്രായേലി പാർലമെൻറ് അംഗവുമായ മുഹമ്മദ് ബറാഖെയെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് നടപടി.
നിരവധി ഇസ്രായേലി സൈനിക സന്നാഹങ്ങൾ തകർത്തതായി ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം അവകാശപ്പെട്ടു. ഇസ്രായേൽ യുദ്ധക്കുറ്റം ചെയ്തതായി അന്താരാഷ്ട്ര നീതിന്യായകോടതിയിൽ മൂന്നു ഫലസ്തീൻ സംഘടനകൾ പരാതി നൽകി. ലബനാൻ, ഇസ്രായേൽ അതിർത്തിയിലും സംഘർഷം പടരുകയാണ്. ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിനു നേരെ ഇന്നലൈയും ഡ്രോൺ ആക്രമണം നടന്നു. പശ്ചിമേഷ്യയിൽ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പെൻറഗൺ ഇറാന് മുന്നറിയിപ്പ് നൽകി.
Ceasefire in northern Gaza
Adjust Story Font
16