മോസ്‌കോയിൽ സ്‌ഫോടനം; റഷ്യൻ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു
ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്.
മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തിൽ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവ് കൊല്ലപ്പെട്ടത്. ആണവായുധം, ജൈവായുധം, രാസായുധം തുടങ്ങിയ സുപ്രധാന വിഭാഗങ്ങളുടെ മേധാവിയായിരുന്നു കിറിലോവ്. ഒരു അപ്പാർട്ട്‌മെന്റ് ബിൽഡിങ്ങിന്റെ പുറത്താണ് സ്‌ഫോടനമുണ്ടായത്.
ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യത്തിന്റെ അന്വേഷണസംഘം സ്ഥിരീകരിച്ചു. 300 ഗ്രാം ടിഎൻടിക്ക് തുല്യമായ ശേഷിയുള്ള ഉപകരണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ്സ് റിപ്പോർട്ട് ചെയ്തു.
ഒരു കെട്ടിടത്തിന്റെ തകർന്നുകിടക്കുന്ന പ്രവേശകവാടത്തിന്റെയും രക്തം പുരണ്ട മഞ്ഞിൽ കിടക്കുന്ന രണ്ട് മൃതദേഹങ്ങളുടെയും ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചതിന്റെ ദൃശ്യങ്ങൾ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു.
യുക്രൈനിൽ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് കിറിലോവിനെതിരെ യുക്രൈനിയൻ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിരുന്നു. എന്നാൽ റഷ്യ ഈ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
Adjust Story Font
16