Quantcast

ലൈവിനിടെ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ മുന്‍ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സംഭവം നടന്നത്

MediaOne Logo

Web Desk

  • Published:

    25 Oct 2021 6:36 AM GMT

ലൈവിനിടെ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ മുന്‍ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി
X

സോഷ്യല്‍മീഡിയയില്‍ ലൈവ് ചെയ്യുന്നതിനിടെ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ മുന്‍ഭര്‍ത്താവിന് ചൈനീസ് കോടതി വധശിക്ഷ വിധിച്ചു. ടാങ് ലു എന്നയാള്‍ക്കാണ് കോടതി മരണശിക്ഷ വിധിച്ചത്. സംഭവം അങ്ങേയറ്റം ക്രൂരവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണെന്ന് കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സംഭവം നടന്നത്. ടിബറ്റന്‍ വ്ലോഗറായ ലാമോ ലൈവ് വീഡിയോ ചെയ്യുന്നതിനിടെ മുന്‍ഭര്‍ത്താവായ ടാങ്‍ലു ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും ലാമോയെ പെട്രോള്‍ ഒഴിച്ചു ജീവനോടെ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ലാമോ രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം മരണമടയുകയായിരുന്നു. സംഭവം പിന്നീട് വലിയതോതില്‍ ചര്‍ച്ചയാവുകയും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

ചൈനയിലെ ടിക്ടോക് പതിപ്പ് ഡൗയിനിലെ താരമായ മുപ്പതുകാരിയായ ലാമോ രണ്ടു കുട്ടികളുടെ മാതാവ് കൂടിയാണ്. സോഷ്യല്‍മീഡിയയില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുമുണ്ട്. 2009ലാണ് ലാമോയും ടാങും തമ്മില്‍ വിവാഹിതരായത്. പിന്നീട് ലാമോ ടാങിനെ രണ്ടു തവണ വിവാഹമോചനം ചെയ്തതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പൊലീസിനും ഓള്‍ വിമന്‍സ് ഫെഡറേഷന്‍റെ പ്രാദേശിക ഘടകത്തിനും ലാമോ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതു വെറുമൊരു കുടുംബപ്രശ്നം മാത്രമാണെന്നാണ് അധികൃതര്‍ പറഞ്ഞത്.

ദമ്പതികളുടെ ആദ്യവിവാഹമോചനത്തിന് ശേഷം തന്നെ പുനര്‍വിവാഹം ചെയ്തില്ലെങ്കില്‍ കുട്ടികളെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ടാങ് ഭീഷണിപ്പെടുത്തിയിരുന്നതായി ലാമോയുടെ സഹോദരി ഡോള്‍‌മ പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെത്തുടർന്ന്, ലാമോയും ടാംഗും ആ മാസം അവസാനം പുനർവിവാഹം ചെയ്തെങ്കിലും ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് മെയ് മാസത്തിൽ വീണ്ടും വിവാഹമോചനത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്നാം തവണയും തന്നെ വിവാഹം ചെയ്യണമെന്ന് ടാങ് ആവശ്യപ്പെട്ടെങ്കിലും ലാമോ അതു നിരസിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

TAGS :

Next Story