Quantcast

ജനന നിരക്ക് കുത്തനെ കുറയുന്നു; ചൈനയിൽ ഒരു വർഷത്തിനിടെ അടച്ചുപൂട്ടിയത് 14,800 കിന്റർഗാർട്ടനുകൾ

ജനസംഖ്യാ വർധന നിയന്ത്രിക്കാൻ എടുത്ത നടപടികളാണ് രാജ്യത്തിന് തിരിച്ചടിയായത്.

MediaOne Logo

Web Desk

  • Published:

    29 Oct 2024 6:51 AM GMT

China’s kindergarten numbers shrink as policymakers struggle to arrest falling birthrate
X

ബീജിങ്: ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. കഴിഞ്ഞ വർഷം രാജ്യത്തെ കിന്റർഗാർട്ടനുകളിൽ അഞ്ച് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2022ൽ ചൈനയിൽ 289,200 കിന്റർഗാർട്ടനുകളാണ് ഉണ്ടായിരുന്നത്. 2023ൽ അത് 274,400 ആയി കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന ജനസംഖ്യാ വർധന നിയന്ത്രിക്കാൻ എടുത്ത നടപടികളാണ് രാജ്യത്തിന് തിരിച്ചടിയായത്. ജനസംഖ്യയിൽ വലിയ അസന്തുലിതത്വം വന്നതോടെ ഇത് മറികടക്കാൻ സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.

കിന്റർഗാർട്ടനിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 2023ൽ 40.9 മില്യൻ കുട്ടികളാണ് പ്രീസ്‌കൂളിൽ ചേർന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണിത്. 2022ൽ കിന്റർഗാർട്ടനുകളുടെ എണ്ണത്തിൽ 1.9 ശതമാനവും കിന്റർഗാർട്ടനിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ 3.7 ശതമാനവും കുറവുണ്ടായി.

കുട്ടികൾ കുറഞ്ഞതോടെ പല കിന്റർഗാർട്ടനുകളും വയോജന കേന്ദ്രങ്ങളാക്കി മാറ്റി. പല പ്രവിശ്യകളിലും രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികളുള്ളവർക്ക് സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ചൈനയിലെ ഗുവാൻങ്‌ഡോങ് പ്രവിശ്യയിൽ രണ്ടാമത്തെ കുട്ടിക്ക് 10,000 യുവാനും മൂന്നാമത്തെ കുട്ടിക്ക് 30,000 യുവാനുമാണ് സബ്‌സിഡി പ്രഖ്യാപിച്ചത്.

2016ലാണ് ചൈന പതിറ്റാണ്ടുകൾ നീണ്ട ഒറ്റക്കുട്ടി നയം എടുത്തുകളഞ്ഞത്. ഇപ്പോൾ മൂന്ന് കുട്ടികൾ വരെയാകാം. അതേസമയം സിച്ചുവാൻ പോലുള്ള പ്രവിശ്യകളിൽ കുട്ടികളുടെ എണ്ണത്തിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ചൈനയിൽ ജനസംഖ്യ 2.08 മില്യൻ കുറഞ്ഞിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ജനസംഖ്യയിൽ കുറവുണ്ടായത്.

TAGS :

Next Story