‘ക്രിസ്ത്യാനികളെ പുറത്താക്കാൻ യുഎസ് നികുതിപ്പണം ഉപയോഗിക്കുന്നു’; പൊലിമയില്ലാതെ ബെത്ലഹേമിലെ ക്രിസ്മസ് ആഘോഷം
‘ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെയാണ് ക്രിസ്മസിന് അമേരിക്കക്കാർ ബെത്ലഹേമിനെക്കുറിച്ച് പാടുന്നത്’
ലോകം ക്രിസ്മസ് ആഘോഷത്തിെൻറ തിരക്കിലാണ്. നക്ഷത്രങ്ങളും കരോൾ ഗാനവും പുൽക്കൂടുകളുമായി യേശുവിെൻറ പിറവിയെ ആഘോഷമാക്കുന്നു. എന്നാൽ, ഉണ്ണിയേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ലഹേമിൽ ആഘോഷങ്ങൾക്ക് അത്ര പൊലിമയില്ല. തങ്ങളെ ഇവിടെനിന്ന് പുറത്താക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഇവിടെയുള്ള ക്രിസ്ത്യാനികൾ ആരോപിക്കുന്നു.
ബെത്ലഹേമിലെ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് പാസ്റ്റർ മുൻതർ ഐസക്കിെൻറ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെയാണ് ക്രിസ്മസിന് അമേരിക്കക്കാർ ബെത്ലഹേമിനെക്കുറിച്ച് പാടുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അമേരിക്കയുടെ നികുതിപ്പണവും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ക്രിസ്ത്യാനികളെ ചെറിയ പട്ടണമായ ബെത്ലഹേമിൽനിന്ന് പുറത്താക്കാൻ കൂട്ടുനിൽക്കുകയാണെന്ന് അവർ അറിയുന്നുണ്ടോയെന്നും അദ്ദേഹം അമേരിക്കക്കാരോട് ചോദിച്ചു.
ഇസ്രായേൽ സൈന്യം ചെക്ക് പോയിൻറുകൾ സ്ഥാപിക്കുകയും മറ്റു നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്തതിനാൽ ഈ വർഷം ബെത്ലഹേമിൽ ക്രിസ്മസ് ആഘോഷം പരിമിതപ്പെടുത്തിയിട്ടുണ്ട്. പള്ളികളിൽ അലങ്കാരങ്ങൾ കുറവാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നഗരം സന്ദർശിക്കുന്നതിൽ ഫലസ്തീൻ ക്രിസ്ത്യാനികളെ ഇസ്രായേലി സൈന്യം തടയുകയാണെന്നും ആരോപണമുണ്ട്.
ഫലസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രായേലിെൻറ ക്രൂരതയിൽ പ്രതിഷേധിച്ച് ഈ വർഷം ക്രിസ്മസ് ആഘോഷം പരിമിതപ്പെടുത്തുമെന്ന് ബെത്ലഹേം മുനിസിപ്പാലിറ്റി അധികൃതരും വ്യക്തമാക്കി. പ്രാർഥനകളും മതപരമായ ചടങ്ങുകളും മാത്രമേ ഉണ്ടാകൂവെന്നും അധികൃതർ പറഞ്ഞു.
ഇസ്രായേൽ സർക്കാരിനെതിരെ ഇവിടത്തെ സഭകൾ നിരന്തരം വിമർശിക്കുന്നുണ്ട്. ഇസ്രായേലിലെ ചർച്ചുകൾക്കും അവയുടെ സ്വത്തുക്കൾക്കും മേൽ നികുതി ചുമത്താനുള്ള സർക്കാർ നീക്കത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ചർച്ചുകൾക്കും അവയുടെ സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും നികുതി ചുമത്തി ക്രിസ്ത്യാനികളെ സമ്മർദ്ദത്തിലാക്കാനും അവരെ ബലപ്രയോഗത്തിലൂടെ മാറ്റാനുമുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ഇവർ ആരോപിക്കുന്നു.
ചർച്ചുകൾ, സഭക്ക് കീഴിലുള്ള സ്ഥാപനങ്ങൾ, പുരോഹിതൻമാർ എന്നിവർക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ വലിയരീതിയിലുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇവരെ ഒഴിപ്പിക്കാനുള്ള ആസൂത്രിത ശ്രമം സർക്കാരും നടത്തുന്നത്.
നികുതി ചുമത്തി വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യൻ സാന്നിധ്യത്തിനെതിരെ ഇസ്രായേൽ അധികൃതർ ഏകോപിത ആക്രമണം നടത്തുകയാണെന്ന് പ്രധാന സഭകളുടെ നേതാക്കൾ ആരോപിക്കുന്നു. ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയുള്ള ക്രിസ്ത്യാനികൾ ഇസ്രായേലിലും ഫലസ്തീനിലും ന്യൂനപക്ഷമാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് ഇസ്രായേലിൽ 1,82,000, വെസ്റ്റ് ബാങ്കിലും ജെറുസലേമിലുമായി 50,000, ഗസ്സയിൽ 1300 എന്നിങ്ങനെയാണ് ക്രിസ്ത്യാനികളുടെ ജനസംഖ്യ.
Adjust Story Font
16