ശ്രീലങ്കയിൽ ആഭ്യന്തര കലാപം: മഹിന്ദ രജപക്‌സയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികൾ
ശ്രീലങ്കയിൽ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റ് അംഗം കൊല്ലപ്പെട്ടു
മഹിന്ദ രജപക്‌സ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ ശ്രീലങ്കയിൽ ആഭ്യന്തര കലാപം ശക്തി പ്രാപിക്കുന്നു. രജപക്‌സയുടെ വീടിന് പ്രക്ഷോഭകാരികൾ തീയിട്ടു. മെഡാമുലാനയിലെ കുടുംബ വീടിനാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മഹിന്ദ രജപക്‌സ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.
അതേസമയം, ശ്രീലങ്ക പൊതുജന പെരമുന (എസ്.എൽ.പി.പി) എംപിമാരുടെ വീടുകൾക്കു നേരെയും പ്രക്ഷോഭകാരികൾ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ചില എംപിമാരുടെ വീടുകൾ പ്രക്ഷോഭകാരികൾ തീയിടുകയുമുണ്ടായി. നിരവധി എസ്.എൽ.പി. ഓഫീസുകൾക്കു നേരെയും പ്രക്ഷോഭകർ തീവെച്ചു. ശ്രീലങ്കയിൽ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീർത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്സെ രാജിവച്ചതിനു പിന്നാലെയായിരുന്നു സംഭവം.
പ്രധാനമന്ത്രിയുടെ വസതിയായ ടെംപിൾ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സർക്കാർ വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടിയത്. രാവിലെ പ്രക്ഷോഭകാരികൾക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സർക്കാർ അനുകൂലികൾ തുടർന്നു. ഇതിനിടെ, ശ്രീലങ്കൻ നഗരമായ നിട്ടാംബുവയിൽ അമരകീർത്തിയുടെ വാഹനം പ്രക്ഷോഭകാരികൾ തടഞ്ഞു. ഉടൻ തന്നെ വാഹനം തടഞ്ഞവർക്കുനേരെ എം.പി വെടിയുതിർത്തു. വെടിവയ്പ്പിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയാണ് അടുത്തുള്ള കെട്ടിടത്തിൽ അഭയം പ്രാപിച്ച അമരകീർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടുത്ത സമ്മർദങ്ങൾക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്കുശേഷം സഹോദരനും പ്രസിഡന്റുമായ ഗൊട്ടബയ രജപക്സെയ്ക്ക് മഹിന്ദ രാജിക്കത്ത് നൽകിയത്. പുതിയ ഐക്യസർക്കാർ രൂപീകരിക്കാൻ വഴിയൊരുക്കുന്നുവെന്നു പറഞ്ഞായിരുന്നു രാജി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനായി എല്ലാ കക്ഷികളെയും ചേർത്ത് സർക്കാർ രൂപീകരിക്കാനാണ് താൻ രാജിവയ്ക്കുന്നതെന്ന് മഹിന്ദ രാജിക്കത്തിൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ പ്രധാനന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പ്രക്ഷോഭം രൂക്ഷമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സർക്കാർ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയ്ക്കുമേൽ സമ്മർദം ശക്തമായിരുന്നു. എന്നാൽ, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലെന്ന നിലപാടിലപായിരുന്നു മഹിന്ദ. മാറിനിൽക്കാൻ സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എൽ.പി.പി)യിലും ആവശ്യം ശക്തമായതോടെയാണ് മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ നിൽക്കക്കള്ളിയില്ലാതെ മഹിന്ദ രാജിയ്ക്കു തയാറായത്.
Adjust Story Font
16