ഹൊറര്‍ ചിത്രമല്ല; സാക്ഷാല്‍ ഉറുമ്പിന്‍റെ മുഖം! ഞെട്ടിച്ച് വൈറല്‍ ചിത്രം
2022ലെ നിക്കോൺ സ്‌മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി കോംപിറ്റീഷന്റെ ഫലം പുറത്തുവന്നപ്പോഴാണ് മനുഷ്യന്‍ ഇതുവരെ കാണാത്ത ഉറുമ്പിന്‍റെ അപൂര്‍വ ചിത്രം പുറത്തുവന്നത്
വിൽനിയസ്: ഈ ചിത്രം കണ്ടിട്ട് എന്തു തോന്നുന്നു! ഒരു ഹൊറർ ചിത്രം കണ്ട അനുഭവമാണോ? ഒരു ദിവസത്തേക്കെങ്കിലും ഉറക്കം കെടുത്താൻ മാത്രം പോന്ന ഈ ഭീകരചിത്രത്തിന്റെ യാഥാർത്ഥ്യം അറിഞ്ഞാൽ നിങ്ങൾക്ക് ഒരുപക്ഷെ ഒരേസമയം ചിരിയും കരച്ചിലും ഒന്നിച്ചുവരാം. നമ്മളൊന്നും അധികം വിലവയ്ക്കാതെ ഉറുമ്പുകളുടെ യഥാർത്ഥ മുഖമാണിത്. ഉറുമ്പുകളുടെ സൂക്ഷ്മചിത്രം പകർത്താൻ ലിത്വാനിയൻ ഫോട്ടോഗ്രാഫർ യൂജെനിജസ് കവലൗസ്‌കസ് കാമറ എടുത്തപ്പോഴും ഇങ്ങനെയൊരു കാഴ്ച ഒട്ടും പ്രതീക്ഷിച്ചുകാണില്ലെന്നുറപ്പാണ്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് യൂജെനിജസ് കവലൗസ്‌കസ്. 2021ൽ അദ്ദേഹം പകർത്തിയ ചിത്രം ലോകം നടുക്കത്തോടെ കാണുന്നത് കഴിഞ്ഞ ദിവസമാണ്. 2022ലെ നിക്കോൺ സ്‌മോൾ വേൾഡ് ഫോട്ടോമൈക്രോഗ്രഫി കോംപിറ്റീഷന്റെ ഫലം പുറത്തുവന്നപ്പോഴാണ് ഉറുമ്പുകളുടെ യഥാർത്ഥ മുഖം ലോകം കാണുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതും ഇതേചിത്രമാണ്.
മൈക്രോ ലെൻസ് ഉപയോഗിച്ച് പകർത്തിയ ജീവികളുടെ സൂക്ഷ്മചിത്രങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. മനുഷ്യരുടെ സ്വാഭാവികകാഴ്ചകൾക്ക് പ്രാപ്യമല്ലാത്ത ദൃശ്യങ്ങളാണ് ഇതിൽ പകർത്തേണ്ടത്.
വനപ്രദേശത്താണ് താമസമെന്നതിനാൽ ഒരു ഉറുമ്പിനെ കൃത്യമായി കണ്ടെത്തി പകർത്താനായെന്ന് കവലൗസ്‌കസ് പ്രതികരിച്ചു. നിലത്തൂടെ അലസമായി കറങ്ങിനടക്കുന്ന ഉറുമ്പുകളെ കാമറയിൽ പകർത്തൽ വിരസമായ പരിപാടിയാണ്. സൂക്ഷ്മമായ, ഇതുവരെയും പുറംലോകം കാണാത്ത കാഴ്ചകൾക്കു വേണ്ടിയാണ് താൻ കാത്തിരുന്നത്. പുതിയൊരു കണ്ടെത്തലാകണമതെന്നായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൃഷ്ടാവിന്റെ ഏറ്റവും മികച്ച സൃഷ്ടികൾ കാണാനായതിൽ ഉത്സാഹഭരിതനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ രൂപകൽപനകൾ കാണാനുള്ള ഒരു അവസരമായിരിക്കുകയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഭീകരമുഖമാണെന്ന വിലയിരുത്തലുകളും ഫോട്ടോഗ്രാഫർ തള്ളി. പ്രകൃതിയിൽ ഭീകരതകളില്ലെന്നാണ് യൂജെനിജസ് കവലൗസ്‌കസ് വ്യക്തമാക്കിയത്.
Summary: Lithuanian photographer's extraordinary close up of ant's face wins Nikon photo competition prize
Adjust Story Font
16