ഗസ്സ യുദ്ധം; ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ
ഇടതുപക്ഷക്കാരനായ ഗുസ്താവോ പെട്രോയാണ് കൊളംബിയൻ പ്രസിഡന്റ്
ബൊഗാട്ട: ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു. അന്താരാഷ്ട്ര തൊഴിലാളിദിനത്തിൽ സംസാരിക്കവെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്‌ക്രിയരായി നിൽക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങൾക്ക് മുന്നിൽ ഞാൻ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നൽകുന്ന ഒരു സർക്കാരും പ്രസിഡന്റുമാണ് ഇസ്രായേലിലേത്'-പെട്രോ പറഞ്ഞു.
ഇടതുപക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്റായത്. തെക്കേ അമേരിക്കയിൽ ഇസ്രായേലിന്റെ പ്രധാന വിമർശകരിൽ ഒരാളാണ് പെട്രോ. ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ജൂതരിലെ നാസികളുടെ ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ തന്നെ പെട്രോ വിമർശിച്ചിരുന്നു. ഗസ്സയിൽ മനുഷ്യമൃഗങ്ങൾക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന ഗാലന്റിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമർശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിർത്തിവെക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.
ഭക്ഷണത്തിന് കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് ഇസ്രായേലിൽനിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ കൊളംബിയ പ്രഖ്യാപിച്ചിരുന്നു. 34,500 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. കൊളംബിയ നയതന്ത്രബന്ധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Adjust Story Font
16