Quantcast

'സ്റ്റാലിനെ ഭീകരനാക്കി അവതരിപ്പിക്കുന്നത് മുതലാളിത്ത അജണ്ട'; പ്രതിരോധവുമായി സിപിഎം യുവനേതാക്കള്‍

സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിനെതിരായ കൂട്ടക്കുരുതി ആരോപണങ്ങൾ നിഷേധിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഷിജൂഖാൻ എന്നിവരാണ് വിവിധ മാധ്യമങ്ങളിൽ ലേഖനമെഴുതിയത്

MediaOne Logo

Web Desk

  • Updated:

    2021-08-30 11:00:39.0

Published:

30 Aug 2021 8:24 AM GMT

സ്റ്റാലിനെ ഭീകരനാക്കി അവതരിപ്പിക്കുന്നത് മുതലാളിത്ത അജണ്ട; പ്രതിരോധവുമായി സിപിഎം യുവനേതാക്കള്‍
X

സോവിയറ്റ് യൂനിയനിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്റെ കാലത്ത് കൂട്ടത്തോടെ കൊന്നൊടുക്കപ്പെട്ടതെന്നു കരുതപ്പെടുന്ന മനുഷ്യരുടെ കുഴിമാടങ്ങൾ കഴിഞ്ഞ ദിവസം യുക്രൈനിൽ കണ്ടെടുത്തിരുന്നു. ഇതിനു പിറകെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം സിപിഎം വിമർശനവുമായി രംഗത്തെത്തി. പതിനഞ്ച് ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്നായിരുന്നു സതീശന്റെ വിമർശനം. ഇതോടെ സ്റ്റാലിന് പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം യുവനേതാക്കള്‍.

തൃപ്പൂണിത്തുറ മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം. സ്വരാജ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഷിജൂഖാൻ എന്നിവരാണ് വിവിധ മാധ്യമങ്ങളിൽ സ്റ്റാലിനെതിരായ ആരോപണങ്ങൾ പ്രതിരോധിച്ച് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. 'അനന്തരം അവർ സ്റ്റാലിനെ തേടിയിറങ്ങി' എന്ന തലക്കെട്ടോടെ റിപ്പോർട്ടർലൈവ് ഡോട്ട് കോമിലാണ് സ്വരാജിന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'സ്റ്റാലിനെ വില്ലനാക്കുന്നവരോട് ' എന്ന തലക്കെട്ടിൽ ട്രൂകോപ്പി ഡോട്ട് മീഡിയയിലാണ് ചാനൽ ചർച്ചകളിൽ പാർട്ടി വക്താവായി പ്രത്യക്ഷപ്പെടാറുള്ള ഷിജൂഖാൻ ലേഖനമെഴുതിയത്.

പതിറ്റാണ്ടുകളായി ലോക മുതലാളിത്തം സ്റ്റാലിനെ ഭീകരനാക്കി പ്രചാരണം നടത്തിക്കൊണ്ടിരിയ്ക്കുകയാണെന്നും സ്റ്റാലിനെ കൊടും ഭീകരനും ക്രൂരനുമാക്കി അവതരിപ്പിച്ചുകൊണ്ട് കമ്മ്യൂണിസത്തെ കുഴിച്ചുമൂടുകയെന്ന അജണ്ടയാണ് മുതലാളിത്ത ശക്തികൾ ഏറ്റെടുത്തിട്ടുള്ളതെന്ന് ലേഖനത്തിൽ സ്വരാജ് ആരോപിക്കുന്നു.

സ്വരാജിന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:

പതിറ്റാണ്ടുകളായി തുടരുന്ന സ്റ്റാലിന്റെ ക്രൂരതയുടെയും കൂട്ടക്കൊലപാതകങ്ങളുടെയും കഥകൾ കേട്ടുകേട്ട് സ്റ്റാലിൻ വിരോധത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെയും അടിത്തറയിൽ രൂപപ്പെട്ട മനസുകൾക്ക് ഏത് ശ്മശാനത്തിലെ അസ്ഥികൂടവും സ്റ്റാലിന്റെ തലയിൽ കൊണ്ടുവന്നുവയ്ക്കാൻ തോന്നും. കേട്ടുകേൾവികൾക്കും നിറംപിടിപ്പിച്ച നുണക്കഥകൾക്കുമപ്പുറം ചരിത്രത്തിലേയ്ക്ക് കടന്നുചെല്ലാൻ തയാറാവുമ്പോഴാണ് നുണകൾ കൊണ്ട് കെട്ടിയുയർത്തിയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കോട്ടകൾ ഇളകിത്തുടങ്ങുന്നത്. ഏറ്റവും പുതിയ വാർത്ത റഷ്യയിലെ 70 ശതമാനം പേരും സ്റ്റാലിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന സർവേയുടെ വിവരങ്ങളാണ്. വർഷം ചെല്ലുംതോറും സ്റ്റാലിന്റെ ജനപ്രീതി റഷ്യയിൽ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സോവിയറ്റ് യൂനിയന്റെ ആദ്യകാലത്ത് പ്രതിസന്ധികളുടെ നടുവിലാണ് ലെനിന്റെ മരണശേഷം സ്റ്റാലിൻ അധികാരമേൽക്കുന്നത്. അക്കാലത്ത് പ്രതിവിപ്ലവനീക്കങ്ങൾ ശക്തമായിരുന്നു. 1930ൽ പോലും 10 ശതമാനത്തിലധികം ഉദ്യോഗസ്ഥർ സാർ ഭരണകാലത്തുള്ളവർ തന്നെയായിരുന്നു. സോവിയറ്റ് യൂനിയനെ അട്ടിമറിക്കാനും രാഷ്ട്രത്തെ ശിഥിലമാക്കാനുമുള്ള നീക്കങ്ങൾ നടക്കുന്ന ഒരു ഘട്ടത്തിൽ ശക്തമായ നടപടികളിലൂടെയാണ് സ്റ്റാലിൻ വെല്ലുവിളികളെ തകർത്ത് സോവിയറ്റ് യൂനിയനെ ലോകത്തിന്റെ മുൻനിരയിലെത്തിച്ചത്.

അട്ടിമറിക്ക് ശ്രമിച്ചവരും രാജ്യത്തിന്റെ ശത്രുക്കളും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. യുദ്ധകാല സാഹചര്യങ്ങളെ നേരിടാനുള്ള കർശന നടപടികൾ സാഹചര്യങ്ങൾ മാറിയിട്ടും തുടർന്നു എന്നതുൾപ്പെടെ പ്രസക്തമായ വിമർശനങ്ങൾ സ്റ്റാലിനെതിരായുണ്ട്. സ്റ്റാലിന്റെ സംഭാവനകളെ വിലമതിയ്ക്കുമ്പോൾ തന്നെ സ്റ്റാലിന്റെ പിശകുകളും ദയാരഹിതമായും സൂക്ഷ്മമായും വിലയിരുത്തപ്പെടണമെന്നും സ്വരാജിന്റെ ലേഖനത്തിൽ പറയുന്നു.

ലോകത്ത് ഒരു ഭരണാധികാരിക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത 'വലതുപക്ഷ ഓഡിറ്റിന്' ഇന്നും വിധേയമാകുന്നു എന്നത് സ്റ്റാലിന്റെ മെറിറ്റായി കണക്കാക്കണമെന്നാണ് ഷിജൂഖാൻ 'ട്രൂകോപ്പി' ലേഖനത്തിൽ എഴുതിയത്. ബോധമുള്ള ഏതൊരാൾ മനുഷ്യചരിത്രമെഴുതിയാലും പ്രതിലോമകാരികളുടെ പട്ടിക വിശദീകരിക്കുമ്പോൾ അതിൽ ആദ്യം ഇടംപിടിക്കുന്ന ഹിറ്റ്ലർ എവിടെ നിൽക്കുന്നുവെന്നും, ഹിറ്റ്ലറുടെ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തെ മാനവരാശിക്കുവേണ്ടി സധൈര്യം നേരിട്ട സ്റ്റാലിൻ എവിടെ നിൽക്കുന്നുവെന്നും വെളിവാകും. ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങൾക്ക് വഴിമരുന്നിടുക വഴി സോവിയറ്റ് യൂനിയന്റെ മാത്രമല്ല-മാനവരാശിയുടെ തന്നെയും മുഖച്ഛായ മാറ്റിയെഴുതിയ, എല്ലാത്തിനുമുപരിയായി ഫാസിസത്തിന്റെ ധിക്കാരങ്ങളെ തലകുനിപ്പിച്ച സ്റ്റാലിന്റെ സ്മരണകൾ വി.ഡി സതീശന് അലോസരമുണ്ടാക്കുന്നുവെങ്കിൽ അത് പുരോഗമനവിരുദ്ധ മനസിന്റെ ലക്ഷണമല്ലാതെ മറ്റൊന്നുമല്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

TAGS :

Next Story