Quantcast

കോവാക്‌സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകും

വാക്‌സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത തേടിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന

MediaOne Logo

Web Desk

  • Published:

    1 Oct 2021 3:53 PM GMT

കോവാക്‌സിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകും
X

ഇന്ത്യയുടെ തദ്ദേശീയ നിര്‍മ്മിത കോവിഡ് വാക്‌സീനായ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര ഉപയോഗ അനുമതി ലഭിക്കുന്നത് ഇനിയും വൈകിയേക്കും. വാക്‌സീന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തത തേടിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ അനുമതി ഇല്ലാതെ ലോകത്തെ പല രാജ്യങ്ങളും കോവാക്‌സിനെ അംഗീകാരം നല്‍കില്ല.

കോവാക്‌സിനെടുത്ത് വിദേശത്തേക്ക് പോകേണ്ട വിദ്യാര്‍ഥികള്‍, മെഡിക്കല്‍ ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രികര്‍ തുടങ്ങിയവരെ ഇത് ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ അനുമതി കോവാക്‌സിന് ഉടനെ ലഭിക്കുമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചിരുന്നു. ഈ മാസം അവസാനത്തിന് മുമ്പ് അനുമതി ലഭിക്കുമെന്ന പ്രതീക്ഷ ദേശീയ വാക്‌സീന്‍ ദൗത്യസംഘം തലവന്‍ വി.കെ.പോളും പങ്കുവച്ചിരുന്നു.

അനുമതിക്ക് ആവശ്യമായ രേഖകള്‍ ഭാരത് ബയോടെക്ക് ജൂലൈ 9ന് തന്നെ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിയതാണ്. എന്നാല്‍ കൂടുതല്‍ സാങ്കേതിക വിവരങ്ങളില്‍ വ്യക്തത തേടുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അനുമതി ലഭിച്ചേക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന വാക്‌സീനുകളില്‍ കോവിഷീല്‍ഡിന് മാത്രമേ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടുള്ളൂ.

TAGS :

Next Story