ഗസ്സയ്ക്ക് ഐക്യദാർഢ്യം; ഡാനിഷ് പ്രധാനമന്ത്രിയെ കൂവിവിളിച്ചോടിച്ച് സ്ത്രീകൾ
ഇസ്രായേലിന് എഫ്-35 ഫൈറ്റർ ജെറ്റുകൾ നല്‍കിയത് ഡെന്മാര്‍ക്ക് ആയിരുന്നു
കോപ്പൻഹേഗൻ: അന്താരാഷ്ട്ര വനിതാദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്ന് പ്രധാനമന്ത്രി മെറ്റ ഫ്രഡ്രിക്‌സണെ കൂവിവിളിച്ചോടിച്ച് ഡാനിഷ് വനിതകൾ. നഗരത്തിലെ നോളജ് സെന്ററായ വിൻഫോ വെഗ സ്‌റ്റോറിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചയുടൻ പ്രതിഷേധക്കാർ ബഹളം വയ്ക്കുകയും ബാൽക്കണിയിൽ നിന്നടക്കം ലഘുലേഖകൾ താഴേയ്ക്ക വലിച്ചെറിയുകയുമായിരുന്നു.
'വംശഹത്യ ഫെമിനിസമല്ല' എന്നായിരുന്നു പ്രതിഷേധക്കാരുടെ മുദ്രാവാക്യം. 'വിൻ വിൻ ഫലസ്തീൻ' എന്ന വിളിയും ഉയർന്നുകേട്ടു. ഹാളിൽ വലിയ ബാനറും ഫലസ്തീൻ പതാകയുമുയർന്നു. ബഹളം ഉച്ചത്തിലായതോടെ പ്രധാനമന്ത്രി ഹാൾ വിട്ടുപോകാൻ നിർബന്ധിതയാകുകയായിരുന്നു.
വലിയ ബഹളായിരുന്നു പരിപാടിയിലെന്നും ജനാധിപത്യ സംവാദത്തിന് ക്ഷണിച്ചവർക്ക് നന്ദിയുണ്ടെന്നും പിന്നീട് ഫ്രഡ്രിക്‌സ് സമൂഹമാധ്യമത്തിൽ കുറിച്ചു. 'വലിയ ബഹളമായിരുന്നു അവിടെ. വാക്കുകൾ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജനാധിപത്യ സംവാദത്തിന് നിർബന്ധിച്ച എല്ലാവർക്കും നന്ദി. നിങ്ങളായിരുന്നു അവിടെ ഭൂരിപക്ഷം. ഇത് ചിന്തയ്ക്കുള്ള വിഷയമാണ്. നമ്മുടെ ജനാധിപത്യം ശക്തമായി നിലകൊള്ളും.' - ഫ്രഡ്രിക്‌സൺ പറഞ്ഞു. സാംസ്‌കാരിക മന്ത്രി ജേക്കബ് എയ്ഞ്ചൽ ഷിമിറ്റ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തെ പരസ്യമായി പിന്തുണയ്ക്കുന്ന നേതാവാണ് ഡാനിഷ് പ്രധാനമന്ത്രി. യുദ്ധമുഖത്തെ ആക്രമണങ്ങൾക്കായി ഇസ്രായേൽ എഫ്-35 ഫൈറ്റർ ജെറ്റുകൾ വാങ്ങിയത് ഡെന്മാർക്കിൽനിന്നായിരുന്നു. സർക്കാർ തീരുമാനം യുദ്ധക്കുറ്റമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഡെന്മാർക്കിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനി ടെർമയുമായാണ് ഇസ്രായേൽ ഫൈറ്റർ ജറ്റുകളുടെ കരാർ ഉണ്ടാക്കിയത്.
അതിനിടെ, റമദാനു മുമ്പ് ഗസ്സയിൽ വെടിനിർത്തലിന് സാധ്യതയില്ലെന്ന് യുഎസ് പ്രസഡണ്ട് ജോ ബൈഡൻ പറഞ്ഞു. കിഴക്കൻ ജറൂസലേമിലെ സംഘർഷങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 24 മണിക്കൂറിനിടെ 82 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 122 പേർക്ക് പരിക്കേറ്റു.
Adjust Story Font
16