ട്രംപിനെ വെടിവച്ചത് 20കാരൻ; റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകൻ തന്നെയെന്ന് അന്വേഷണ സംഘം
കൊലപാതക ശ്രമത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പെനിസൽവാലിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെടിവച്ചയാളെ തിരിച്ചറിഞ്ഞു. തോമസ് മാത്യു ക്രൂക്സ് എന്ന 20കാരനാണ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറഞ്ഞു. പെൻസിൽവാലിയയിലെ ബഥേൽ പാർക്കിലെ താമസക്കാരനാണ് ക്രൂക്സ്.
വോട്ടർ രേഖകൾ പ്രകാരം ഇയാൾ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ട്രംപിന് വെടിയേറ്റതിന് പിന്നാലെ, റാലിയിൽ വച്ചുതന്നെ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ക്രൂക്‌സിനെ വധിച്ചതായി ഏജൻസി വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു.
അതേസമയം, കൊലപാതക ശ്രമത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വേദിയിലുണ്ടായിരുന്ന ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് ശനിയാഴ്ച ബട്‌ലറിൽ നടന്ന റാലിയിൽ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ ട്രംപിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.
വെടിയുണ്ട ട്രംപിന്റെ ചെവിയുടെ മുകൾഭാഗം തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ മുതിർന്ന ഫോട്ടോഗ്രാഫർ ഡഗ് മിൽസാണ് ചിത്രം പകർത്തിയത്. ചെവി തുളച്ചശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയിൽ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം ചിത്രത്തിലുണ്ട്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.
യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെയായിരുന്നു ആക്രമണം. വെടിയേറ്റ ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചിരുന്നു.
Adjust Story Font
16