ട്രംപ് റിപബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി; വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജെ.ഡി വാന്‍സ്-ഔദ്യോഗിക പ്രഖ്യാപനം
യു.എസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജ ഉഷ ചിലുകുരിയാണ് ജെ.ഡി വാന്‍സിന്റെ ഭാര്യ
ജെ.ഡി വാന്‍സും ഡൊണാള്‍ഡ് ട്രംപും തെരഞ്ഞെടുപ്പ് റാലിയില്‍
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ റിപബ്ലിക്കന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഒഹായോയില്‍നിന്നുള്ള സെനറ്റര്‍ ജെ.ഡി വാന്‍സിനെ പ്രഖ്യാപിച്ചു.
ഇന്നലെ വിസ്‌കോണ്‍സിനിലെ മില്‍വോക്കീ നഗരത്തിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ നടന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വെടിവയ്പ്പില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് ചടങ്ങിനെത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണു വ്യക്തമാകുന്നത്.
അതേസമയം, സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം എന്നിവരെ പിന്തള്ളിയാണ് 39കാരനായ വാന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു വാന്‍സ്. ഇപ്പോള്‍ ട്രംപ് ക്യാംപിലെ മുന്‍നിരക്കാരനാണ്. യു.എസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.
Summary: Donald Trump is officially Republican presidential nominee, JD Vance his running mate
Adjust Story Font
16