Quantcast

''ഇവർ കള്ളം പറയുകയാണ്''; റഷ്യൻ സർക്കാർ ചാനലിൽ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്ലക്കാർഡുയർത്തി മാധ്യമപ്രവർത്തക

സർക്കാർ ടെലിവിഷൻ ചാനലായ 'ചാനൽ വണി'ലാണ് തത്സമയ വാർത്താ ബുള്ളറ്റിനിടെ ന്യൂസ് എഡിറ്റർ മറീന ഒവ്‌സ്യാനിക്കോവ യുദ്ധവിരുദ്ധ പ്ലക്കാർഡും മുദ്രാവാക്യവുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-03-15 11:14:30.0

Published:

15 March 2022 11:10 AM GMT

ഇവർ കള്ളം പറയുകയാണ്; റഷ്യൻ സർക്കാർ ചാനലിൽ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്ലക്കാർഡുയർത്തി മാധ്യമപ്രവർത്തക
X

റഷ്യയിൽ യുദ്ധവിരുദ്ധ വികാരം കൂടുതൽ ശക്തമാകുന്നു. സർക്കാർ ടെലിവിഷൻ ചാനലായ 'ചാനൽ വണി'ൽ യുദ്ധത്തിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തക. തത്സമയ വാർത്താ ബുള്ളറ്റിനിടെ യുദ്ധവിരുദ്ധ പ്ലക്കാർഡുയർത്തിയായിരുന്നു സ്ഥാപനത്തിലെ ന്യൂസ് എഡിറ്റർ മറീന ഒവ്‌സ്യാനിക്കോവയുടെ പ്രതിഷേധം.

''യുദ്ധം വേണ്ട, യുദ്ധം നിർത്തൂ... പ്രോപഗണ്ടകൾ വിശ്വസിക്കരുത്. ഇവരിവിടെ നിങ്ങളോട് കള്ളം പറയുകയാണ്..'' എന്നു തുടങ്ങുന്നതായിരുന്നു പ്ലക്കാർഡിലെ കുറിപ്പുകള്‍. റഷ്യക്കാർ യുദ്ധത്തിനെതിരാണെന്നും പ്ലക്കാർഡിൽ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

യുക്രൈനിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിന്റെ 19-ാം ദിവസമായിരുന്നു ചാനലിൽ മാധ്യമപ്രവർത്തകയുടെ പ്രതിഷേധം. തത്സമയ സംപ്രേഷണത്തിനിടെ പ്ലക്കാർഡുമായി രംഗത്തെത്തിയ മറീനയെ ഉടൻ തന്നെ സ്ഥാപനത്തിലെ ജീവനക്കാർ പിടിച്ചുമാറ്റുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

മാധ്യമപ്രവർത്തകയെ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അഭിനന്ദിച്ചു. സത്യം വിളിച്ചുപറയാൻ മടിക്കാത്ത റഷ്യക്കാരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം കുറിച്ചു. വ്യാജവാർത്തകളോട് പോരാടി സത്യവും യാഥാർത്ഥ്യങ്ങളും തുറന്നുപറയുന്നവർക്കും വ്യക്തിപരമായി ചാനൽ വൺ സ്റ്റുഡിയോയിൽ യുദ്ധവിരുദ്ധ പോസ്റ്ററുമായി എത്തിയ വനിതയ്ക്കും നന്ദിയെന്നും സെലൻസ്‌കി കുറിച്ചു.

അതേസമയം, മാധ്യമപ്രവർത്തക മറീനയുടെ നടപടിക്കെതിരെ റഷ്യൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തയുടെ നടപടി ഗുണ്ടാപ്രവർത്തനമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ വക്താവ് ദ്മിത്രി പെസ്‌കോവ് പ്രതികരിച്ചു. ടെലിവിഷൻ ചാനലും ഉത്തരവാദപ്പെട്ടവരും വിഷയം പരിശോധിച്ചുവരികയാണെനി്‌നും പെസ്‌കോവ് കുറിച്ചു.

Summary: 'Don't believe propaganda': 'Anti-war' news editor in studio disrupts live Russian state TV news

TAGS :

Next Story