ഇസ്രായേൽ വംശഹത്യയെ വിമര്‍ശിച്ചത് നന്മയ്ക്കുവേണ്ടി; ഫലസ്തീൻ പിന്തുണയിലുറച്ച് ദുവ ലിപ
ഫലസ്തീന്‍ അനുകൂല നിലപാടിന്‍റെ പേരിലുള്ള വിമർശനങ്ങളെ നേരിടാൻ തയാറാണെന്ന് ദുവ ലിപ
വാഷിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ ക്രൂരതയെ വിമർശിച്ച നിലപാടിൽ ഉറച്ച് പോപ് ഗായിക ദുവ ലിപ. ഗസയിലെ സൈനിക നടപടികളെ 'ഇസ്രായേൽ വംശഹത്യ'എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ വലിയ വിമർശനം നേരിട്ടിരുന്ന ദുവ. എന്നാൽ തന്റെ നിലപാടിന്റെ പേരിലുള്ള വിമർശനങ്ങളെ നേരിടാൻ തയാറാണെന്ന് ദുവ ലിപ വ്യക്തമാക്കി
ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് താൻ സ്വയം പലതവണ ചിന്തിക്കാറുണ്ട്. എന്നാൽ അത് നല്ലതിനുവേണ്ടിയാണെന്ന ധാരണ ഉള്ളതുകൊണ്ടാണ് പ്രതിസന്ധികൾ ഉണ്ടായേക്കുമെന്നറിഞ്ഞിട്ടും നിലപാടിലുറച്ച് നിൽക്കുന്നതെന്നും റേഡിയോ ടൈംസിന് നൽകിയ അഭിമുഖത്തിൽ ദുവ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ 88 മില്യൺ ഫോളോവേഴ്‌സുള്ള ഗ്രാമി അവാർഡ് ജേതാവാണ് 28കാരിയായ ദുവാ ലിപ. ഫലസ്തീനെ പിന്തുണച്ച് അടുത്തിടെയാണ് തന്റെ സമൂഹമാധ്യമത്തിൽ #ALL EyesOnRafah എന്ന ഹാഷ്ടാഗിലുള്ള പോസ്റ്റ് പങ്കുവച്ചത്. ഇസ്രായേൽ ഗസ്സയിലെ റഫ നഗരത്തിൽ ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്.
കുട്ടികളെ ജീവനോടെ കത്തിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഇസ്രായേൽ വംശഹത്യ തടയാൻ ലോകം മുഴുവൻ അണിനിരക്കണമെന്നും. ഏവരും ദയവായി ഗസയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന കുറിപ്പും ദുവ പങ്കുവച്ചിരുന്നു. ഇത് വലിയ ട്രെൻഡിങ് ആയി മാറുകയും ചെയ്തു. പിന്നാലെയാണ് വിമർശനം ഉയർന്നത്.
രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ രണ്ടോ മൂന്നോ തവണയെങ്കിലും അതേകുറിച്ച് പരിശോധിക്കാറുണ്ട്. ഗസ്സയെ സംബന്ധിച്ച പോസ്റ്റ് അത്യാവശ്യമാണെന്ന് തോന്നി. അതുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചത്. അതാണ് തനിക്ക് ആശ്വാസം നൽകുന്നത്. ഇത് തിരിച്ചടികൾക്കും മറ്റുള്ളവരുടെ വിമർശനങ്ങൾക്കും ഇടയാക്കിയേക്കും. എന്നാൽ ആത്യന്തികമായി അത് നല്ലതിനുവേണ്ടിയാണെന്ന ബോധ്യം തനിക്കുണ്ട്. അതിന്റെ പേരിലുള്ള വിമർശനങ്ങൾ നേരിടാൻ താൻ തയാറാണെന്നും ലിപ പറഞ്ഞു.
അതേസമയം തന്റെ രാഷ്ട്രീയ നിലപാടുകളിൽ അസാധാരണത്വം ഇല്ലെന്നും പാരമ്പര്യം തന്നെയാണ് ശക്തമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കാൻ കരുത്ത് പകരുന്നതെന്നും താരം പറഞ്ഞു. വരാനിരിക്കുന്ന യു.കെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കുള്ള പിന്തുണ തുടരും. തനിക്ക് രാഷ്ട്രീയമുണ്ട്. ആ പാർട്ടിക്കുള്ള പിന്തുണ തുടരുകയും ചെയ്യും എന്നാൽ പരസ്യമായി ആർക്കെങ്കിലും അനുകൂലമോ പ്രതികൂലമോ ആയി പ്രതികരിക്കില്ലെന്നും ദുവ പറഞ്ഞു.
ദുവ ലിപയുടെ റാഡിക്കൽ ഒപ്റ്റിമിസം എന്ന ആൽബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.
Adjust Story Font
16