ഈജിപ്ത് എയർവിമാനം തകർന്നുവീണുണ്ടായ അപകടം; 66 പേരുടെ മരണത്തിനിടയാക്കിയത് പൈലറ്റിന്റെ സിഗരറ്റ് വലി
അപകടത്തിനു പിന്നാലെ കെയ്റോയുടെ പ്രോസിക്യൂട്ടർ ജനറൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
പാരീസ്: 2016ൽ ഈജിപ്ത് എയർ വിമാനം എംഎസ് 804 തീപിടിച്ച് തകർന്ന് വീണുണ്ടായ അപകടത്തിന് കാരണം പൈലറ്റുമാരുടെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ. പാരീസിൽ നിന്ന് കെയ്റോയിലേക്കു പോയ വിമാനം തീപിടിച്ച് തകർന്നു വീഴുകയായിരുന്നു. ഫ്രഞ്ച് എവിയേഷൻ വിദഗ്ധർ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തൽ. സംഭവത്തിൽ 66 പേർ മരിക്കുകയുമുണ്ടായി
പൈലറ്റുമാർ സിഗരറ്റ് വലിച്ചതിനെ തുടർന്ന് കോക്ക്പിറ്റിൽ തീപിടിക്കുകയായിരുന്നുവെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. മുഹമ്മദ് സെയ്ദ് അലി ഷോകൈറോ സഹ പൈലറ്റായ മുഹമ്മദ് അഹമ്മദ് മംദൂ അസെമോ എന്നിവരാണ് വിമാനം പ്രവർത്തിപ്പിച്ചിരുന്നത്. 66 യാത്രക്കാരും ജീവനക്കാരുമായി പോയ വിമാനം 2016 മെയ് 19 നാണ് മെഡിറ്റനേറിയൻ കടലിൽ തകർന്നു വീണത്. വിമാനാപകടത്തിൽ മരിച്ചവരുടെ അവശിഷ്ടങ്ങളിൽ സ്‌ഫോടകവസ്തുക്കളുടെ അംശം കണ്ടെത്തിയതായും വെളിപ്പെടുത്തലുണ്ടായിരുന്നു. തീവ്രവാദ ആക്രമണമാണ് അപകടത്തിന് പിന്നിലെന്നും ഈജിപ്ത് ആദ്യം വാദിച്ചു.
അപകടത്തിനു പിന്നാലെ കെയ്റോയുടെ പ്രോസിക്യൂട്ടർ ജനറൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അതേസമയം ഫ്രഞ്ച് പൗരന്മാർ അപകടത്തിൽ കൊല്ലപ്പെട്ടിട്ടും വിവരങ്ങൾ പറത്തുവിടാൻ ഫ്രാൻസും തയ്യാറായിരുന്നില്ല. അപകടത്തിൽ 40 ഈജിപ്ത് പൗരൻമാർക്കും 15 ഫ്രഞ്ച് പൗരൻമാർക്കും ജീവൻ നഷ്ടമായിരുന്നു. വിമാന അപകടത്തിന് പിന്നാലെ ബ്ലാക്‌സ് ബോക്‌സ് കണ്ടെത്താനായി വലിയ തിരച്ചിലും നടത്തിയിരുന്നു.
Adjust Story Font
16