അടിയന്തര ചികിത്സക്കായി ഗസ്സയിൽ നിന്ന് മാറ്റേണ്ടത് 8000 പേരെ; വഴിയില്ലാതെ ലോകാരോഗ്യ സംഘടന
ഈജിപ്തും മറ്റു പല രാജ്യങ്ങളും രോഗികളെ സ്വീകരിക്കാൻ തയാറാണ്
ഗസ്സയിൽ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന. യുദ്ധത്തിൽ പരിക്കേറ്റവർക്കും മറ്റും രോഗികൾക്കുമുള്ള ചികിത്സ സൗകര്യം ഗസ്സയിൽ പരിമിതമാണ്. ഈജിപ്തിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ രോഗികളെ മാറ്റൽ അത്യാവശ്യമാണെന്ന് ഫലസ്തീനിലെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധി റിച്ചാർഡ് പീപെർകോൺ പറഞ്ഞു.
6000ഓളം പേർക്ക് ഇസ്രായേലിന്റെ ആക്രമണത്തിലാണ് പരിക്കേറ്റത്. മറ്റുള്ള 2000 പേർ വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ്. യുദ്ധം ആരംഭിച്ചശേഷം 1243 രോഗികളെയും 1025 കൂട്ടിരിപ്പുകാരെയുമാണ് ഈജിപ്ത് അതിർത്തിയിലെ റഫ വഴി ചികിത്സക്ക് അയച്ചത്. ഇതിൽ 790 പേർ യുദ്ധത്തിൽ പരിക്കേറ്റവരായിരുന്നു.
ഈജിപ്തും മറ്റു പല രാജ്യങ്ങളും രോഗികളെ സ്വീകരിക്കാൻ തയാറാണ്. എന്നാൽ, ഇവരെ മാറ്റാൻ ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും കുറവാണെന്ന് റിച്ചാർഡ് വ്യക്തമാക്കി. വടക്കൻ ഗസ്സയിൽ ജനുവരിയിൽ ഇത്തരത്തിലുള്ള 15 ദൗത്യങ്ങളാണ് ഡബ്ല്യു.എച്ച്.ഒ ആസൂത്രണം ചെയ്തത്. എന്നാൽ, ഇതിൽ മൂന്നെണ്ണം മാത്രമാണ് പ്രാവർത്തികമായത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ നാല് ദൗത്യങ്ങൾ തടസ്സപ്പെട്ടു. ഒന്ന് മാറ്റിവെക്കുകയും എട്ടെണ്ണം നിരസിക്കുകയും ചെയ്തു.
തെക്കൻ ഗസ്സയിൽ 11 ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തത്. ഇതിൽ നാലെണ്ണം നടപ്പായി. രണ്ടെണ്ണം ചെക്ക്പോസ്റ്റിലെ പ്രശ്നങ്ങൾ കാരണം മുടങ്ങി. മൂന്ന് ദൗത്യങ്ങൾ നിരസിക്കപ്പെടുകയും ചെയ്തു. ഗസ്സയിലെ സുരക്ഷ സംവിധാനങ്ങളുടെയും മാനുഷിക ഇടനാഴികളുടെയും അഭാവം ഇത്തരം പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണെന്നും റിച്ചാർഡ് പീപെർകോൺ വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ശേഷമുള്ള ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 27,019 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 66,139 ആയി.
Adjust Story Font
16