ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: പ്രതിയുടെ പാർട്ടിയെ പിന്തുണച്ച് ഇലോൺ മസ്‌ക്
എഎഫ്ഡിക്കു മാത്രമേ ജർമനിയെ രക്ഷിക്കാനാകൂവെന്ന് മസ്‌ക്
വാഷിങ്ടൺ: ജർമനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിലെ പ്രതി ഡോ. താലിബ് അബ്ദുൽ മുഹ്സിെൻറ പാർട്ടിയെ പിന്തുണച്ച് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ആക്രമണത്തിന് പിന്നാലെ ജർമൻ ചാൻസലറുടെ രാജി ആവശ്യപ്പെട്ട് മസ്‌ക് എക്‌സിൽ ട്വീറ്റ് ചെയ്തിരുന്നു. ചാൻസലർ ഒലാഫ് ഷോൾസ് 'കഴിവുകെട്ട വിഡ്ഢി'യാണെന്ന വിമർശിച്ച മസ്‌ക്, തീവ്ര വലതുപക്ഷ പാർട്ടിയായ 'ആൾട്ടർനേറ്റീവ് ഫോർ ജർമനി'(എഎഫ്ഡി)യെ പിന്തുണച്ചും രംഗത്തുവരികയുണ്ടായി. എഎഫ്ഡിക്കു മാത്രമേ ജർമനിയെ രക്ഷിക്കാനാകൂവെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു.
അതേസമയം, രാജ്യത്തെ തീവ്ര വലതുപക്ഷ പാർട്ടിയായ (എഎഫ്ഡിയുടെ അനുയായിയാണ് പ്രതി ഡോ. താലിബെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 'എക്സ്-മുസ്‍ലിമാ'യ ഇയാള്‍ കടുത്ത ഇസ്‌ലാം വിമർശകൻ കൂടിയാണ്.
ഇന്നലെ രാത്രി ജർമൻ നഗരമായ മാഗ്‌ഡെബുർഗിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട എക്‌സ് കുറിപ്പിനുള്ള കമന്റിലായിരുന്നു മസ്‌ക് ഒലാഫ് ഷോൾസിനെതിരെ രംഗത്തെത്തിയത്. ഷോൾസ് കഴിവുകെട്ടവനാണെന്നും ചാൻസലർ പദവിയിൽനിന്ന് ഉടൻ തന്നെ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജർമൻ പൊതുതെരഞ്ഞെടുപ്പിൽ എഎഫ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ച മസ്‌ക്, പാർട്ടിക്കു മാത്രമേ ജർമനിയെ രക്ഷിക്കാൻ കഴിയൂവെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്.
ജർമനിയിലെ നവനാസികളെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി യുഎസ് സെനറ്റർ ക്രിസ് മർഫി നടത്തിയ വിമർശനങ്ങൾക്കെതിരെയും മസ്‌ക് രംഗത്തെത്തി. ഒബാമ യുഎസ് പ്രസിഡന്റായ സമയത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ അതേ നിലപാട് തന്നെയാണ് എഎഫ്ഡിക്കുമുള്ളതെന്നും അദ്ദേഹം വാദിച്ചു. രണ്ടു പാർട്ടിയും തമ്മിൽ ഒരു വ്യത്യാസമില്ലെന്നും എക്‌സിൽ അദ്ദേഹം അവകാശപ്പെട്ടു.
ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള മധ്യ ഇടത് സഖ്യസർക്കാർ തകർന്നതിനു പിന്നാലെ ജർമനി തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച് ക്രിസ്മസ് മാർക്കറ്റിൽ ഭീകരാക്രമണം നടക്കുന്നത്. സംഭവത്തിൽ സൗദി വംശജനായ ഡോക്ടർ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 23നാണ് ജർമനിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള എഎഫ്ഡി അഭിപ്രായ സർവേകളിൽ രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം, മസ്‌കിന്റെ വിമർശനത്തോട് ഷോൾസ് പരോക്ഷ പ്രതികരണം നടത്തി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അത് ശതകോടീശ്വരന്മാർക്കും ബാധകമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റായ കാര്യങ്ങൾ കൂടി പറയുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയാണ് ജർമൻ നഗരമായ മാഗ്‌ഡെബുർഗിൽ ഭീകരാക്രമണം നടന്നത്. നഗരം ക്രിസ്മസ് ആഘോഷത്തിരക്കിലമർന്ന സമയത്തായിരുന്നു ആക്രമണം. ആൾക്കൂട്ടത്തിനിടയിലേക്ക് പ്രതി ബിഎംഡബ്ല്യു കാർ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മനഃശാസ്ത്ര ഡോക്ടറും ഇസ്‌ലാം വിമർശകനുമായ താലിബ് അബ്ദുൽ മുഹ്സിൻ അറസ്റ്റിലായിരുന്നു.
Summary: ‘Incompetent fool’: Elon Musk asks German Chancellor Olaf Scholz to quit over Christmas market attack
Adjust Story Font
16