യുക്രൈനിൽ അയയാതെ റഷ്യ; ഉപരോധം പ്രഖ്യാപിച്ച് ലോകരാജ്യങ്ങൾ
യു.എസിനും യൂറോപ്യൻ യൂനിയനും പിന്നാലെ കാനഡ, ജപ്പാൻ, ആസ്‌ട്രേലിയ അടക്കം കൂടുതൽ ലോകരാജ്യങ്ങളും റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്
യുക്രൈനിൽ റഷ്യ സൈനികനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ. അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധന നടപടികൾ കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ, കാനഡ, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റഷ്യയ്‌ക്കെതിരെ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യൻ വികസന ബാങ്കായ വെബടക്കമുള്ളവയ്ക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം റദ്ദാക്കുകയാണെന്ന് ബൈഡൻ അറിയിച്ചു. ഉപരോധത്തോടെ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനോ യൂറോപ്യൻ മാർക്കറ്റിൽ വ്യാപാരം നടത്താനോ റഷ്യയ്ക്കാകില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
റഷ്യ സൈനികനീക്കത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ കൂടുതൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ബൈഡന്റെ മുന്നറിയിപ്പുണ്ട്. റഷ്യൻ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധകളെയും പ്രമുഖ വ്യക്തിത്വങ്ങളെയുമെല്ലാം കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഇന്നലെ ബ്രസൽസിൽ ചേർന്ന ഇ.യു യോഗത്തിൽ തീരുമാനമായിട്ടുണ്ട്. റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്ന നിക്ഷേപകർക്ക് വിലക്കേർപ്പെടുത്താനും തീരുമാനമുണ്ട്. അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനെതിരെ ഉപരോധം ഏർപ്പെടുത്തേണ്ടെന്ന നിലപാടാണ് ഇ.യു വിദേശകാര്യ മന്ത്രിമാർ സ്വീകരിച്ചത്.
നടപടി കടുപ്പിച്ച് കാനഡയും ജപ്പാനും ആസ്‌ട്രേലിയയും
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും റഷ്യയ്‌ക്കെതിരായ ഉപരോധം പ്രഖ്യാപിച്ചു. ഒരു പരമാധികാരെ രാജ്യത്തിനുനേരെയുള്ള അധിനിവേശമാണ് റഷ്യയുടേതെന്ന് ഉപരോധം പ്രഖ്യാപിച്ച് ട്രൂഡോ വിമർശിച്ചു. റഷ്യയുമായി സാമ്പത്തിക ഇടപാട് നടത്തുന്നതിന് കാനഡ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി. റഷ്യ സ്വതന്ത്ര രാജ്യമായി കണക്കാക്കുന്ന കിഴക്കൻ യുക്രൈനിലെ രണ്ട്് വിമത പ്രദേശങ്ങളിൽ നിക്ഷേപം നടത്തുന്നതിനും നിരോധനമുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ഉപരോധം പ്രഖ്യാപിച്ചു. നിരവധി റഷ്യൻ പ്രമുഖർക്ക് വിസാവിലക്ക് ഏർപ്പെടുത്തുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിങ്, ഗതാഗത, ഊർജ, എണ്ണ, വാതക, ടെലികമ്മ്യൂണിക്കേഷൻ മേഖലകളെയെല്ലാം ലക്ഷ്യമിട്ടാണ് ആസ്‌ട്രേലിയയുടെ ഉപരോധം. ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഇന്നലെ ഉപരോധം പ്രഖ്യാപിച്ചത്.
Adjust Story Font
16