Quantcast

ഫലം വന്ന് കഴിഞ്ഞും വോട്ടെണ്ണിത്തീരാതെ അമേരിക്ക; ഇന്ത്യയെ കണ്ടുപഠിക്കെന്ന് മസ്‌ക്

ഫലപ്രഖ്യാപനത്തിന് 11 ദിവസം ശേഷവും കാലിഫോർണിയയിൽ വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    24 Nov 2024 10:04 AM GMT

ഫലം വന്ന് കഴിഞ്ഞും വോട്ടെണ്ണിത്തീരാതെ അമേരിക്ക;  ഇന്ത്യയെ കണ്ടുപഠിക്കെന്ന് മസ്‌ക്
X

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലവിൽ 19 ദിവസങ്ങളായി, ഫലം വന്ന് 11 ദിവസവും. ഡൊണാൾഡ് ട്രംപ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും ജനുവരിയിൽ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്യും. എന്നാൽ ഫലം വന്ന് ഇത്രയും ദിവസമായിട്ടും യുഎസിലെ കാലിഫോർണിയ സംസ്ഥാനത്തിൽ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല.

വോട്ടെണ്ണൽ വൈകുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലോകസമ്പന്നനും യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പ് തലവനുമായ ഇലോൺ മസ്‌ക്. ഇന്ത്യയിൽ ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ താരതമ്യം ചെയ്താണ് മസ്‌ക് വിമർശനമുയർത്തിയത്. രാജ്യത്തുടനീളമുള്ള 640 ദശലക്ഷം വോട്ടുകൾ എണ്ണാൻ ഇന്ത്യ എടുത്തത് ഒരു ദിവസമാണെന്നും കാലിഫോർണിയ ഇപ്പോഴും വോട്ടെണ്ണുകയാണെന്നും പറഞ്ഞാണ് മസ്‌ക് തന്റെ എക്‌സിലൂടെ പ്രതികരിച്ചത്. ഇന്ത്യയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പോസ്റ്റ് റീറ്റ്വീറ്റ് ചെയ്താണ് മസ്‌കിന്റെ പ്രതികരണം.




കാലിഫോർണിയയിൽ നിലവിൽ 98 ശതമാനം വോട്ടുകൾ മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളു. ഇതുവരെയും സംസ്ഥാനം ഔദ്യോഗികമായി ആര് ജയിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ല. 58.6 ശതമാനം വോട്ടുകളാണ് സംസ്ഥാനത്തിൽ കമല ഹാരിസ് നേടിയിരിക്കുന്നത്, 38.2 വോട്ടുകളാണ് ട്രംപിന് ഇതുവരെ നേടാൻ കഴിഞ്ഞത്. ശേഷിക്കുന്ന എട്ട് ലക്ഷം വോട്ടുകൾ എണ്ണിയാലും കമലയ്ക്ക് തന്നെയായിരിക്കും സംസ്ഥാനത്തിൽ ഭൂരിപക്ഷം. എന്നാൽ ഫലം പ്രഖ്യാപിച്ചാലെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനാവു.

കാലിഫോർണിയയാണ് യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം. 39 ദശലക്ഷമാണ് ജനസംഖ്യ. നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ 16 ദശലക്ഷം പേരാണ് സംസ്ഥാനത്ത് വോട്ടുചെയ്തത്. സംസ്ഥാനത്ത് താപാൽ വഴിയാണ് വോട്ടുകളധികവും രേഖപ്പെടുത്താറുള്ളത്. ഈ തപാലുകൾ ഓരോന്നായി പരിശോധിച്ചാണ് വോട്ട് സ്ഥിരീകരിക്കുക. ഇതാണ് ഫലപ്രഖ്യാപനം വൈകാനുള്ള പ്രധാന കാരണം.

ഡിസംബർ ഒന്ന് വരെയാണ് വോട്ടർമാർ വരുത്തിയ തെറ്റുകൾ തിരുത്താനും കാലിഫോർണിയയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്. പലരും വോട്ടിങ് പേപ്പറിൽ ഒപ്പ് രേഖപ്പെടുത്താത്തതും ഒപ്പ് രേഖപ്പെടുത്തേണ്ടയിടത്ത് ഒപ്പിടാത്തതും വോട്ട് അംഗീകരിക്കുന്നതിന് അനുയോജ്യമായ കവറുകൾ ഉപയോഗിക്കാത്തതുമാണ് വലിയൊരു ശതമാനം പിഴവുകളും.

TAGS :

Next Story