ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണം; മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രതി
മാർച്ചിൽ കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് ഭീകരാക്രമണം വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞിരുന്നു.
കൊളംബോ: 2019ൽ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ ഭീകരാക്രമണ കേസിൽ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ പ്രതിയാക്കി കോടതി. സിരിസേനയോട് ഒക്ടോബറിൽ ഹാജരാവണമെന്നും കോടതി നിർദേശിച്ചു.
കൊളംബോ ഫോർട്ട് ഏരിയയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ സമർപ്പിച്ച സ്വകാര്യ ഹരജിയിൽ ഉത്തരവിട്ടത്. ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിനിരയായവരുടെ നീതിക്കു വേണ്ടിയുള്ള ദേശീയ കാത്തലിക് കമ്മിറ്റി അംഗമാണ് ഫാ. സിറിൽ ഗാമിനി ഫെർണാണ്ടോ.
മൂന്ന് വർഷത്തിലേറെയായി, ശ്രീലങ്കയിലെ കത്തോലിക്കാ സഭയും 274 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌ത ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങളും നീതി ആവശ്യപ്പെട്ട് രംഗത്തുണ്ട്.
മാർച്ചിൽ കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് ഭീകരാക്രമണം വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പറഞ്ഞിരുന്നു. ആക്രമണങ്ങൾക്ക് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുപരമോ ആയ ലക്ഷ്യമുണ്ടെന്നും കർദിനാൾ പറഞ്ഞിരുന്നു. ഭീകരാക്രമണം സംബന്ധിച്ച് യു.എന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 49ാമത് സെഷന്‍നില്‍ സംസാരിക്കുമ്പോഴായിരുന്നു ശ്രീലങ്കയിലെ റോമന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് നിര്‍ണായക ആവശ്യം ഉന്നയിച്ചത്. ആക്രമണം നടന്ന് ആറ് മാസത്തിന് ശേഷം, ദേശീയ സുരക്ഷ വാഗ്ദാനം ചെയ്ത് മുൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഈസ്റ്റർ ദിന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള മുൻ അന്വേഷണങ്ങളിലെ കണ്ടെത്തലുകൾ പുറത്തുവിടാനും അന്താരാഷ്ട്ര തല സഹായത്തോടെ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം തുടരാനും ഈ മാസമാദ്യം പുറത്തിറക്കിയ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ഇതാദ്യമായല്ല 2019ലെ ഈസ്റ്റർ സ്‌ഫോടനങ്ങളിൽ അന്നത്തെ പ്രസിഡന്റായിരുന്ന സിരിസേനയ്ക്കെതിരെ ആരോപണം ഉയരുന്നത്. ഈസ്റ്റർ ബോംബ് സ്‌ഫോടനങ്ങൾ അന്വേഷിക്കാനായി 2019 മെയിൽ നിയമിക്കപ്പെട്ട പാർലമെന്ററി സെലക്ട് കമ്മിറ്റി, സർക്കാരിനേയും സുരക്ഷാ സംവിധാനങ്ങളെയും പ്രസിഡന്റ് സിരിസേന അടിമുടി നശിപ്പിച്ചതായും അത് ശ്രീലങ്കയെ നടുക്കിയ ഭീകരാക്രമണങ്ങൾക്കു കാരണമായ ഗുരുതര വീഴ്ചകളിലേക്ക് നയിച്ചെന്നും കുറ്റപ്പെടുത്തുന്നു.
ആക്രമണങ്ങൾക്കു മുമ്പ് ശ്രീലങ്കയ്ക്ക് ഇന്ത്യൻ ഇന്റലിജൻസിൽ നിന്ന് വിവരം ലഭിച്ചിട്ടും, സംഭവം തടയുന്നതിൽ പരാജയപ്പെട്ട സിരിസേനയെയും അദ്ദേഹത്തിന്റെ ഇന്റലിജൻസ് മേധാവികളെയും പ്രോസിക്യൂട്ട് ചെയ്യാൻ 2021 ഫെബ്രുവരിയിൽ പ്രസിഡൻഷ്യൽ അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ അത്തരത്തിൽ മുൻകൂട്ടി അറിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു സിരിസേനയുടെ വാദം.
2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയിൽ 274 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നത്. ചർച്ചുകളിലും ഹോട്ടലുകളിലും നടന്ന ആക്രമണത്തിൽ 542ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. അക്രമവുമായി ബന്ധപ്പെട്ട് 200ഓളം പേരെയാണ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16