പാകിസ്താനിലെ കബാലിൽ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിനുള്ളിൽ സ്ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു
50 ഓളം പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു
സ്ഫോടനം നടന്ന സ്ഥലം
ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ കബാലിൽ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിനുള്ളിൽ (Counter Terrorism Department (CTD) ഉണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.മരിച്ചവരിൽ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. ഖൈബർ പഖ്തൂണഖ്വ പ്രവിശ്യയിലെ സ്വാത് താഴ്വരയിലെ തീവ്രവാദ വിരുദ്ധ ഡിപ്പാർട്ട്മെന്‍റിലാണ് സ്ഫോടനം നടന്നത്. കെട്ടിടസമുച്ചയത്തിൽ തന്നെയാണ് കബൽ ജില്ലാ പൊലീസ് സ്റ്റേഷനും റിസർവ് പൊലീസ് സേനയുടെ ആസ്ഥാനവും.
എന്നാൽ പ്രധാനമായും കേടുപാടുകൾ സംഭവിച്ചത് സിടിഡി കെട്ടിടത്തിനാണ്. കെട്ടിടത്തിൽ പഴയ വെടിമരുന്ന് സ്റ്റോർ ഉണ്ടെന്നും ഇത് സ്ഫോടനത്തിന് കാരണമായോ അതോ ആക്രമണമാണോ എന്ന് പൊലീസ് അന്വേഷിക്കുകയാണെന്നും പ്രവിശ്യാ പൊലീസ് മേധാവി അക്തർ ഹയാത്ത് വ്യക്തമാക്കി.അതേസമയം, സ്വാത്തിലെ ആശുപത്രികളിൽ പ്രവിശ്യാ ആരോഗ്യ വകുപ്പ് അടിയന്തരാവസ്ഥ ഏർപ്പെടുത്തി.
ചാവേർ ആക്രമണം നടന്നതായി ജില്ലാ പോലീസ് ഓഫീസർ ഷാഫി ഉള്ളാ ഗന്ധപൂർ (ഡിപിഒ) നേരത്തെ അവകാശപ്പെട്ടിരുന്നു.ആക്രമണത്തെക്കുറിച്ചുള്ള അവകാശവാദങ്ങളോട് പ്രതികരിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് സ്ഫോടനത്തെ അപലപിക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം അധികാരികളോട് നിർദ്ദേശിച്ചതായി റേഡിയോ പാകിസ്താനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16