കാലങ്ങളായി ഒരു വിവരവുമില്ല: ലെറ്റർ ബോക്‌സിലൂടെ നോക്കിയ യുവാവ് കണ്ടത് സഹോദരിയുടെ മമ്മിഫൈഡ് മൃതദേഹം
അധികൃതരുടെ അനാസ്ഥയാണ് ഇത്രയും ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം
ലണ്ടൻ: ഏറെക്കാലമായി വിവരങ്ങളൊന്നുമില്ലാതിരുന്ന സഹോദരിയെ അന്വേഷിച്ചെത്തിയ യുവാവ് കണ്ടത് സഹോദരിയുടെ മമ്മിഫൈഡ് മൃതദേഹം. ഇംഗ്ലണ്ടിലെ സറിയിലാണ് സംഭവം. ലോറ വിൻഹാം എന്ന 38കാരിയുടെ മൃതദേഹമാണ് കുടുംബാംഗങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്. 2017ൽ മരണം സംഭവിച്ചു എന്നു കരുതുന്ന മൃതദേഹം മമ്മിഫൈ ചെയ്ത നിലയിലായിരുന്നു.
സ്‌കിറ്റ്‌സഫ്രീനിയ എന്ന മാനസികരോഗം നേരിട്ടിരുന്ന ലോറ കുടുംബവുമായി അകന്ന് സാമൂഹ്യ സുരക്ഷാ സേവനങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. കുടുംബാംഗങ്ങൾ തന്റെ ജീവൻ അപായപ്പെടുത്തും എന്ന ചിന്തയായിരുന്നു ലോറയ്ക്ക്. ലോറയുമായി ബന്ധപ്പെടാൻ കുടുംബം നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.
ഏറെക്കാലമായി വിവരമൊന്നും ഇല്ലാഞ്ഞതിനെ തുടർന്ന് കുടുംബം ലോറ താമസിക്കുന്ന അപാർട്ട്‌മെന്റിലെത്തിയെങ്കിലും ആളനക്കമില്ലാഞ്ഞതിനാൽ തിരിച്ചു പോകാനൊരുങ്ങവേയാണ് സഹോദരൻ റോയ് ലെറ്റർ ബോക്‌സിലൂടെ ഉള്ളിലേക്ക് നോക്കുന്നതും തറയിൽ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുന്നതും. 2021 മേയിലാണ് സംഭവം നടക്കുന്നതെങ്കിലും ഇതിന് മൂന്നു വർഷം മുമ്പ് 2017ൽ ലോറ മരിച്ചുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.
അധികൃതരുടെ അനാസ്ഥയാണ് ഇത്രയും ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇനിയൊരു കുടുംബത്തിനും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇപ്പോൾ തുറന്നുപറച്ചിലുമായി എത്തിയതെന്നും സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമെന്നും ഇവർ പ്രതികരിച്ചു.
Adjust Story Font
16