Quantcast

'അവളുടെ അടഞ്ഞുപോയ കണ്ണിൽ അവസാന മുത്തം, വാരിപ്പുണർന്ന് വെള്ളത്തുണിയിലേക്ക്'; ഹൃദയം തകർക്കുന്ന ഗസ്സയിലെ കാഴ്ച

കൺമുന്നിൽവെച്ച് സ്വന്തം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കാണേണ്ടി വരുന്ന അനേകായിരം മാതാപിതാക്കളുണ്ട് ഗസ്സയില്‍

MediaOne Logo

Web Desk

  • Published:

    22 Nov 2023 11:33 AM GMT

israel palestine,israel palestine conflict,israel palestine war,israel vs palestine,israel,israel palestine tensions,israel palestine news,palestine and israel,israel news,israel palestine attack,gaza kids,heart touching Video,gaza attack,war news,
X

ഗസ്സ സിറ്റി: കഴിഞ്ഞ ഒന്നരമാസമായി ഗസ്സയിലെ മനുഷ്യർക്ക് ചോരയുടെയും മാംസത്തിന്റെയും മണമാണ്...കണ്‍മുന്നില്‍വെച്ച് ഉറ്റവരെയും ഉടയവരെയും നഷ്ടമാകുന്നവര്‍,മാരകമായി പരിക്കേറ്റവര്‍...അങ്ങനെ ദുരിതപര്‍വം താണ്ടുകയാണ് ഗസ്സക്കാര്‍.. ഇസ്രായേലിന്റെ യുദ്ധം ആരംഭിച്ചതു മുതൽ ഗസ്സയിൽ 5500 ലേറെ കുരുന്നു ജീവനുകളാണ് നഷ്ടമായത്. നിഷ്കളങ്കരായ നിരവധി ബാല്യങ്ങളെയാണ് ഇസ്രായേല്‍ യുദ്ധം തുടച്ചുമാറ്റിയത്.

കൺമുന്നിൽവെച്ച് സ്വന്തം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കാണേണ്ടി വരുന്ന അനേകായിരം മാതാപിതാക്കളുണ്ട് ഗസ്സയില്‍. യുദ്ധത്തിനിടെ കൊല്ലപ്പെട്ട സ്വന്തം മകളെ അവസാനമായി താലോലിക്കുന്ന പിതാവിന്റെ ഹൃദയഭേദകമായ വീഡിയോയാണ് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (ട്വിറ്റർ) പ്രചരിക്കുന്നത്.

ഉറങ്ങുന്നത് പോലെ കണ്ണടച്ചുകിടക്കുകയാണ് ആ മകള്‍. അവളെ പിതാവ് അവസാനമായി താലോലിക്കുകയും എന്നെന്നേക്കുമായി അടഞ്ഞുപോയ കണ്ണുകളിൽ ചുംബനം നൽകുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അവൾക്കൊപ്പമുള്ള അവസാന നിമിഷങ്ങളോരോന്നും ആ പിതാവിന് ഇനി ഓർമ മാത്രമാണ്. ആ സമയമെല്ലാം അയാൾ അവളെ വാരിപ്പുണരുകയും അവളെ കൊഞ്ചിക്കുകയും ചെയ്യുകയാണ്.

ഒടുവിൽ അവളുടെ ഊഴമെത്തിയപ്പോൾ പതുക്കെ, അവൾക്ക് വേദനിക്കാതെ സൂക്ഷ്മതയോടെ അവളെ സ്‌ട്രെച്ചറിലേക്ക് ആ പിതാവ് കിടത്തി. ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് വെള്ളത്തുണിയിലും അവളെ പൊതിയുന്നതാണ് ആ ദൃശ്യങ്ങളിലുള്ളത്..കാണുന്നവരുടെയെല്ലാം കണ്ണുനിറയിക്കുന്ന വീഡിയോ എ.ഐ എത്തിക്സ് ഗവേഷകയും അക്കാദമിക് വിദഗ്ധയുമായ ഡോ. നൂർ നയിമാണ് പങ്കുവെച്ചത്.

നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

അതേസമയം, യുദ്ധത്തിലിതുവരെ 1800ലേറെ കുട്ടികളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. അതിലേറെ കുഞ്ഞുങ്ങൾക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. യുദ്ധത്തിൽ കുഞ്ഞുങ്ങളെ കൂട്ടക്കുരുതി ചെയ്യുന്നതിനെതിരെ ലോകാരോഗ്യ സംഘടനയടക്കം രംഗത്തെത്തിയിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമനങ്ങളും കാറ്റിൽ പറത്തിയാണ് സ്‌കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ഇസ്രായേൽ ക്രൂരമായ ആക്രമണം നടത്തുകയാണെന്ന് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 3000 പേർ വിദ്യാർഥികളാണ്. വിദ്യാലയങ്ങളുടെ മുറ്റത്ത് കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നത് കരളലിക്കുന്ന കാഴ്ചയാണെന്നും സുരക്ഷിത ജീവിതത്തിനും സുസ്ഥിര വിദ്യാഭ്യാസത്തിനുമുള്ള ഫലസ്തീനി കുട്ടികളുടെ അവകാശത്തിനായി ലോക രാജ്യങ്ങൾ ഇടപെടണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story