Quantcast

ഹിജാബ് ധരിച്ചതിന് അന്ന് നാടുകടത്തി, ഇന്ന് ഉർദു​ഗാന്റെ പരിഭാഷകയായി മധുരപ്രതികാരം

ഹിജാബ് ധരിച്ച് പാര്‍ലമെന്‍റിലെത്തിയതിന് മര്‍വയുടെ പൗരത്വം റദ്ദാക്കുകയായിരുന്നു അന്ന് സര്‍ക്കാര്‍ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-06-24 17:26:49.0

Published:

24 Jun 2021 2:36 PM GMT

ഹിജാബ് ധരിച്ചതിന് അന്ന് നാടുകടത്തി,  ഇന്ന് ഉർദു​ഗാന്റെ പരിഭാഷകയായി മധുരപ്രതികാരം
X

തുർക്കി പ്രസി‍ഡന്റ് റജബ് തയ്യിബ് ഉർദു​ഗാന്റെ ഔദ്യോ​ഗിക വിവർത്തക ഫാത്തിമ അബുഷനാബ് ആണ് ഇപ്പോൾ രാജ്യത്തെ ചർച്ചാ വിഷയം. ഹിജാബ് ധരിച്ചുകൊണ്ട് തുർക്കി പ്രസിഡന്റിനൊപ്പം ലോകം ചുറ്റുന്ന ഫാത്തിമ അബുഷനാബ് ഇപ്പോൾ വാർത്തയിൽ ഇടംപിടിച്ചത്, ചരിത്രത്തോടുള്ള ഒരു മധുരപ്രതികാരത്തിന്റെ ഭാ​ഗമായാണ്.


അമേരിക്കൻ പ്രസി‍‍ഡന്റ് ജോ ബൈഡനുമായി തുർക്കി പ്രസി‍ഡന്റ് ഉർദു​ഗാൻ നടത്തിയ കൂടിക്കാഴ്ച്ചയിൽ വിവർത്തകയായിരുന്നു ഫാത്തിമ അബൂഷനാബ്. പല വിദേശ രാജ്യങ്ങളിലും പ്രസിഡന്‍റിന്‍റെ കൂടെയുള്ള പ്രധാന മുഖങ്ങളില്‍ ഒന്നാണ് ഫാത്തിമ അബൂഷനാബ്. എന്നാൽ രസകരമായ വസ്തുത, ഹിജാബ് ധരിച്ച് പാർലമെന്റിൽ പ്രവേശിച്ചതിന് 1999ൽ തുർക്കി നാടുകടത്തിയതായിരുന്നു ഫാത്തിമ അബൂഷനാബിന്റെ മാതാവ് മർവ കവാശിയെ.

നജ്മദ്ദീൻ അർബക്കാന്റെ നേതൃത്വത്തിലുള്ള ഇസ്‍ലാമിക് വെർച്ച്യു പാർട്ടിയുടെ പ്രതിനിധിയായി 1999ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു മർവ കവാശി. എന്നാൽ ഹിജാബ് ധരിച്ചുകൊണ്ട് സത്യപ്രതിജ്ഞക്കെത്തിയ മർവ പാർലമെന്റിലെ തീവ്ര സെക്ക്യൂലറിസ്റ്റുകളെ അസ്വസ്ഥരാക്കുകയുണ്ടായി.


രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് മർവ കവാശിയെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് പാർലമെന്റ് വിലക്കുകയും സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അവിടം കൊണ്ടും തീരാത്ത പ്രതികാര നടപടി, അവരുടെ പൗരത്വം റദ്ദാക്കുന്നതിലാണ് അന്ന് അവസാനിച്ചത്. തുർക്കി പൗരത്വം നഷ്ടമായ മർവ കവാശി, പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.



തുടർന്ന് വർഷങ്ങൾക്ക് ശേഷം, 2017ലാണ് മർവ കവാശിക്ക് തുർക്കി പൗരത്വം തിരികെ ലഭിക്കുന്നത്. ഉർദു​ഗാൻ ഭരണത്തിന് കീഴിൽ തുർക്കിയുടെ മലേഷ്യൻ സ്ഥാനപതിയായും മർവ നിയമിതയായി. മകൾ ഫാത്തിമ അബൂഷനബ് പ്രസി‍ഡന്റിന്റെ ഓഫീസിലും നിയമിക്കപ്പെട്ടു. ഹിജാബ് ധരിച്ചുകൊണ്ട് അമേരിക്കൻ പ്രസി‍‍ഡന്റ് ജോ ബൈഡന്റെ കൂടെയുള്ള ഫാത്തിമ അബൂഷനബിന്റെ ചിത്രവും ചർച്ചയായിരുന്നു.

തുർക്കിയിൽ നടന്ന രാഷ്ട്രീയ പരിവർത്തനത്തിന്റെ അടയാളമായി സമൂഹമാധ്യമങ്ങളിൽ ഫാത്തിമ അബൂഷനബിന്റെ ചിത്രം ഉയർത്തിക്കാട്ടുകയുണ്ടായി. അമേരിക്കയിലെ വിർജീനിയ യൂണിവേഴ്സിറ്റിൽ നിന്നും ഇന്റർനാഷണൽ റിലേഷനിൽ ബിരുദം നേടിയ ഫാത്തിമ, വിഖ്യാത നയരൂപീകരണ സംഘടനയായ വുഡ്രോ വിൽസൻ സെന്ററിലെ ​ഗവേഷകയുമാണ്.

TAGS :

Next Story