Quantcast

നക്ഷത്രക്കണ്ണുള്ള രാജകുമാരി; ഡയാനയുടെ ഓര്‍മകള്‍ക്ക് കാല്‍ നൂറ്റാണ്ട്

എഡ്വേർഡ് ജോൺ സ്പെൻസറുടെയും ഫ്രാൻസസ് റൂത്ത് ബുർക് റോച്ചിയുടെയും മൂന്നാമത്തെ മകളായി 1961ലായിരുന്നു ​​ഡയാനയുടെ ജനനം

MediaOne Logo

Web Desk

  • Published:

    31 Aug 2022 7:06 AM GMT

നക്ഷത്രക്കണ്ണുള്ള രാജകുമാരി; ഡയാനയുടെ ഓര്‍മകള്‍ക്ക് കാല്‍ നൂറ്റാണ്ട്
X

ലണ്ടന്‍: പുഞ്ചിരി നിറഞ്ഞ കണ്ണുകളും കാരുണ്യം നിറഞ്ഞ മുഖവും..ഡയാന...വെയ്‍ല്‍സിന്‍റെ രാജകുമാരി...ലോകം ഇത്രയധികം സ്നേഹിച്ചൊരു രാജകുമാരി വേറയുണ്ടാകില്ല. ജീവിച്ചിരിക്കുമ്പോഴും മരണത്തിനു ശേഷവും ഡയാന എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. ഡയാനയുടെ സൗന്ദര്യവും ഫാഷനും പ്രണയവും സ്വകാര്യജീവിതവുമെല്ലാം പാപ്പരാസികള്‍ക്ക് വാര്‍ത്തയായിരുന്നു. ഡയാനയുടെ ഓര്‍മകള്‍ക്ക് ഇന്ന് കാല്‍നൂറ്റാണ്ട് തികയുകയാണ്.


എഡ്വേർഡ് ജോൺ സ്പെൻസറുടെയും ഫ്രാൻസസ് റൂത്ത് ബുർക് റോച്ചിയുടെയും മൂന്നാമത്തെ മകളായി 1961ലായിരുന്നു ​​ഡയാനയുടെ ജനനം. രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു വലിയ കുടുംബത്തിലാണ് ഡയാന വളർന്നത്. 1969 ൽ ഡയാനയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് മാതാപിതാക്കൾ രണ്ടുപേരും പിന്നീട് പുനർവിവാഹം ചെയ്തു. എന്നാൽ മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഡയാനയെ മുറിവേല്‍പിച്ചു. ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.

വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു പാത്രമായിട്ടുണ്ട്. 1996 ആഗസ്ത് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. ചാള്‍സിന് കാമില പാര്‍ക്കറുമായുള്ള പ്രണയമായിരുന്നു അതിനു കാരണം.


ജനങ്ങളുടെ രാജകുമാരി എന്നാണ് ഡയാന അറിയപ്പെട്ടിരുന്നത്. രാജകൊട്ടാരത്തിന്‍റെ പ്രൗഢജീവിതത്തില്‍ നിന്നും ഇറങ്ങി അവര്‍ എപ്പോഴും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കാണാന്‍ ശ്രമിച്ചിരുന്നു. അക്കാലത്ത് സമൂഹം തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന എയ്ഡ്സ് രോഗികളെയും ക്ഷയരോഗികളെയും അവര്‍ ചേര്‍ത്തുനിര്‍ത്തി. ചാള്‍സ് രാജകുമാരനുമായുള്ള വേര്‍പിരിയലിനു ശേഷവും അവര്‍ തന്‍റെ ജീവിതത്തിലൂടെ മാതൃക കാട്ടി. തനിക്ക് ലഭിച്ച കോടികള്‍ വിലയുള്ള വസ്ത്രങ്ങളും സമ്മാനങ്ങളും പരസ്യമായി ലേലം ചെയ്തു. പിന്നീട് ആ തുക ചാരിറ്റിക്കായി വിനിയോഗിച്ചു.

ഡയാനയുടെ ജീവനെടുത്ത ആഗസ്ത് 31

1997 ആഗസ്റ്റ് 31ന് പാരീസിലെ ഒരു കാർ അപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. ഡയാനയുടെ കാമുകൻ എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ വംശജനായ ഡോഡി ഫെയ്ദ്, ഡ്രൈവർ ഹെന്‍റി പോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. മോട്ടോർ സൈക്കിളിൽ തന്നെ പിന്തുടർന്ന ഒരു കൂട്ടം പാപ്പരാസികളെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡയാനക്ക് അപകടം സംഭവിച്ചത്. അമിത വേഗതയിൽ വന്ന കാർ ഒടുവിൽ ഒരു ഹൈവേയുടെ നടുവിലുള്ള തൂണിൽ ഇടിക്കുകയായിരുന്നു.


അപകടത്തിന് തൊട്ടുപിന്നാലെ അവിടെയുണ്ടായാരുന്ന പാപ്പരാസികൾ ഡയാനയെയും മറ്റുളവരെയും സഹായിക്കാൻ ശ്രമിക്കുന്നതിനുപകരം ചിത്രങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെന്നാണ് സാക്ഷി മൊഴികൾ പറയുന്നത്. അപകടത്തിന് പിന്നാലെ ലോകമൊട്ടാകെ ആദ്യം പാപ്പരാസികളെ കുറ്റപ്പെടുത്തി. എന്നാൽ ഡയാനയുടെ ഡ്രൈവർ പോള്‍ മദ്യപിച്ചിരുന്നതായും രക്തത്തിലെ മദ്യത്തിന്‍റെ അളവ് നിയമപരമായ പരിധിയെക്കാൾ മൂന്ന് മടങ്ങ് കൂടുതലാണെന്ന് പ്രോസിക്യൂട്ടർമാർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2008 ഏപ്രിലിൽ, ഒരു ബ്രിട്ടീഷ് ജൂറി, ഡ്രൈവറും പാപ്പരാസികളും കടുത്ത അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഒരു പോലെ കുറ്റക്കാരാണെന്ന് വിധിച്ചു.

ഡയാനയുടെ മരണവാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു കോടിയോളം ജനങ്ങളാണ് പ്രിയപ്പെട്ട രാജകുമാരിയുടെ സംസ്കാരചടങ്ങില്‍ പങ്കെടുത്തത്. രാജകുമാരിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഡയാന മെമ്മോറിയല്‍ ഫണ്ടിലേക്ക് വന്‍തുക സംഭാവന ലഭിക്കുകയും ചെയ്തു.



TAGS :

Next Story