Quantcast

ഒടുവിൽ സൈന്യമിറങ്ങി; യു.കെയിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ...

ഇന്ധനക്ഷാമം പരിഹരിക്കാൻ സൈന്യത്തെ രംഗത്തിറക്കാമെന്ന് ഡിപ്പാർട്ട്മെൻറ് ഫോർ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി നേരത്തെ ഉത്തരവിറക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-04 10:03:48.0

Published:

4 Oct 2021 9:52 AM GMT

ഒടുവിൽ സൈന്യമിറങ്ങി; യു.കെയിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ...
X

യു.കെയിൽ ഇന്ധനക്ഷാമം അപരിഹാര്യമായി തുടർന്നതോടെ ബ്രിട്ടീഷ് സൈന്യം രംഗത്തിറങ്ങി. ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബി.പി. (ബി.പി.എൽ) ന്റെ സ്‌റ്റോറേജ് ഡിപ്പാർട്ട്‌മെൻറിൽ തിങ്കളാഴ്ച സൈന്യം ജോലിക്കെത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രക്‌സിറ്റ്, കോവിഡ് എന്നിവ മൂലം തൊഴിലാളികളില്ലാത്തതിനാൽ ബ്രിട്ടനിലെ പെട്രോൾ, പോൾട്രി, പോർക്ക്, മരുന്ന്, പാൽ എന്നിവയുടെ വിതരണം ദിവസങ്ങളായി അവതാളത്തിലാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ സൈന്യത്തെ രംഗത്തിറക്കാമെന്ന് ഡിപ്പാർട്ട്മെൻറ് ഫോർ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി നേരത്തെ ഉത്തരവിറക്കിയിരുന്നു.

അധിക മുൻകരുതലായി തങ്ങൾ അധികം ഡ്രൈവർമാരെ ഇറക്കിയെന്നാണ് സൈന്യത്തെ ഇറക്കിയതിനെ കുറിച്ച് ധനമന്ത്രി റിഷി സുനക് എൽ.ബി.സി റേഡിയോയോട് പറഞ്ഞത്.

നിലവിൽ ഡസനിലധികം ഗ്യാസ് സ്‌റ്റേഷനുകൾ ലണ്ടനിൽ അടഞ്ഞുകിടക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടർമാർ പറയുന്നു. ലണ്ടനിലും രാജ്യത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുമായി 22 ശതമാനം പമ്പുകൾ ഇന്ധനമില്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണെന്ന് ദി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോർഡൻ ബാൽമർ പറയുന്നു. സ്‌റ്റോക്ക് സാധാരണ നിലയിലാകാൻ 10 ദിവസമെങ്കിലും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ബ്രക്‌സിറ്റുമായ ബന്ധപ്പെട്ടല്ല തൊഴിലാളി ക്ഷാമമെന്നാണ് ബ്രിട്ടീഷ് മന്ത്രിമാർ പറയുന്നത്. ആഗോളതലത്തിൽ തന്നെ ഈ പ്രശ്‌നം ഉണ്ടെന്നാണ് അവർ പറയുന്നത്. എന്നാൽ അയൽരാജ്യങ്ങളിലൊന്നും ഇന്ധനപ്രതിസന്ധിയില്ല.

പമ്പുകളിൽ ഇന്ധനക്ഷാമം ഉണ്ടായതോടെ പലരും പെട്രോളും ഡീസലും വാങ്ങിക്കൂട്ടാൻ ശ്രമിച്ചത് സാഹചര്യം കൂടുതൽ ദുഷ്‌കരമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യത്തെ ഇറക്കാൻ നേരത്തെ ഗവൺമെൻറ് ഉത്തരവിട്ടിരുന്നത്. ബ്രക്സിറ്റിന് ശേഷം യു.കെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതാണ് ട്രക്ക് ഡ്രൈവർമാരില്ലാത്ത അവസ്ഥയിലെത്തിച്ചത്. എന്നാൽ ഇന്ധനമെത്തിക്കാൻ ഡ്രൈവർമാരില്ലാത്തതിനാൽ ഈ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിദേശ ട്രക്ക് ഡ്രൈവർമാർക്ക് ഹ്രസ്വകാല വിസ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോറി ഡ്രൈവർമാർക്കും പോൾട്രി ജോലിക്കാർക്കുമായി ഡിസംബർ 24 വരെ 10,500 താത്കാലിക തൊഴിൽ വിസ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.

യു.കെയിലെ 8000 ഇന്ധനപമ്പുകളിൽ പകുതിയിലും പെട്രോളില്ലെന്ന് ദി പെട്രോൾ ഡീറ്റേലേഴ്സ് അസോസിയേഷൻ മുമ്പ് പറഞ്ഞിരുന്നു. പരിഭ്രാന്തമായ വാങ്ങിക്കൂട്ടലാണ് ഇതിന്റെ പ്രധാന കാരണമെന്നും അവർ പറഞ്ഞു.

ട്രക്ക് ഡ്രൈവർമാരില്ലാതായത് എങ്ങനെ?

ജനുവരിയിൽ യൂറോപ്യൻ യൂനിയനിൽനിന്ന് യു.കെ പിൻവാങ്ങിയതും കോവിഡ് മഹാമാരിയും മൂലം പല വിദേശ ഡ്രൈവർമാരും രാജ്യം വിട്ടു. ഇത് പരിഹരിക്കാനാണ് ഹ്രസ്വ വിസ അനുവദിക്കാൻ തുടങ്ങിയത്.

വിവിധ മേഖലകളിലായി ഒരു ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് കണക്ക്. 40,000 പേർ ഹെവി ഗിയർ ലൈസൻസിനായി കാത്തിരിക്കുന്നുവെന്നും വാർത്തയുണ്ട്. ഇന്ധനം കൊണ്ടുപോകാൻ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാർ വേണമെന്നതും 57 വയസ്സ് വരെ മാത്രമേ ജോലി ചെയ്യാൻ പറ്റൂവെന്നതും രംഗത്തെ ബാധിക്കുന്നുണ്ട്. മക്ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, യു.കെയിലെ വൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്‌കോ എന്നിവിടങ്ങളിലും ഡ്രൈവർമാരുടെ അഭാവമുണ്ടെന്നാണ് വിവരം.

1970 ൽ ഊർജ വിതരണം സ്തംഭിച്ച ദിനങ്ങളോടാണ് പലരും പ്രതിസന്ധിയെ താരതമ്യം ചെയ്തിരുന്നത്. 2000 ത്തിൽ കൂടിയ ഊർജ വിലക്കെതിരെ ജനങ്ങൾ സമരം ചെയ്തതിനെ തുടർന്നും ഇന്ധനവിതരണം മുടങ്ങിയിരുന്നു.

TAGS :

Next Story