ഇസ്രായേലിന് വീണ്ടും തിരിച്ചടി; ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ അഞ്ച് ഉന്നത സൈനികർ കൊല്ലപ്പെട്ടു
ഇസ്രായേലിനു നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെടുന്ന ഐഡിഎഫ് സേനാംഗങ്ങളുടെ എണ്ണം വർധിക്കുന്നത്.
ബെയ്റൂത്ത്: ലബനാനിൽ ആക്രമണം കടുപ്പിച്ചിരിക്കെ ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടി. ദക്ഷിണ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. റിസർവ് സൈനികരായ മേജർ ഡാൻ മാവോറി (43), ക്യാപ്റ്റൻ അലോൻ സഫ്രായ് (28), വാറന്റ് ഓഫീസർമാരായ ഒംരി ലോതൻ (47), ഗയ് ഇദാൻ (51), മാസ്റ്റർ സർജന്റ് ടോം സെഗൽ (28) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇസ്രായേലിനു നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെടുന്ന ഐഡിഎഫ് സേനാംഗങ്ങളുടെ എണ്ണം വർധിക്കുന്നത്.
ദക്ഷിണ ലബനാനിലെ 8ാം ആംഡ് ബ്രിഗേഡിൻ്റെ 89ാം ബറ്റാലിയൻ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും. ഡെപ്യൂട്ടി ബറ്റാലിയൻ കമാൻഡറായിരുന്നു മാവോറി. വ്യാഴാഴ്ച തെക്കൻ ലബനാൻ ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ഹിസ്ബുല്ല വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു. ഇതോടെ, സെപ്തംബർ 30ന് കരയാക്രമണം ആരംഭിച്ച ശേഷം ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം 32 ആയി.
കഴിഞ്ഞയാഴ്ചയും അഞ്ച് ഇസ്രായേൽ സൈനികർ ഹിസ്ബുല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരു ഓഫീസർക്കും രണ്ട് സൈനികർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗസ്സയിൽ ക്രൂരമായ ആക്രമണം തുടരുന്നതിനിടെ കഴിഞ്ഞമാസം 30ലേറെ പേരുടെ മരണത്തിനിടയാക്കിയ പേജർ, വാക്കിടോക്കി സ്ഫോടനത്തിലൂടെയാണ് ഇസ്രായേൽ ലബനാനിലും ആക്രമണം ആരംഭിക്കുന്നത്. ഇതിനു മറുപടിയെന്നോണം ഹിസ്ബുല്ല മിസൈൽ ആക്രമണം നടത്തുകയും പിന്നാലെ ഇസ്രായേൽ ലബനാനിൽ വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കുകയുമായിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ ആയിരത്തോളം പേരാണ് ലബനാനിൽ കൊല്ലപ്പെട്ടത്. 5000ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിലും ലബനാനിലുമായി കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 800ന് അടുത്തായി. ഇവരിൽ ആറ് കേണൽമാരും 10 ലഫ്. കേണൽമാരും നിരവധി മേജർമാരുമുൾപ്പെടുന്നു. കഴിഞ്ഞയാഴ്ച ഗസ്സയിൽ ഐഡിഎഫിന്റെ ഉന്നത കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായത്.
വടക്കൻ ഗസ്സയിലുണ്ടായ ആക്രമണത്തിലായിരുന്നു 41കാരനായ ബ്രിഗേഡ് കമാൻഡർ അഹ്‌സൻ ദഖ്സ കൊല്ലപ്പെട്ടത്. തൻ്റെ ടാങ്കിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ജബാലിയ പ്രദേശത്തു നടന്ന സ്ഫോടനത്തിലാണ് 401-ാം ബ്രിഗേഡിൻ്റെ കമാൻഡർ കേണൽ ദഖ്സ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞിരുന്നു. പ്രദേശം നിരീക്ഷിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഒരു സ്ഫോടകവസ്തു വന്ന് പതിച്ചതെന്നും ഹഗാരി വ്യക്തമാക്കിയിരുന്നു.
നഹാൽ ബ്രിഗേഡ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റീൻബേർഗ് (42), ഗോസ്റ്റ് യൂണിറ്റ് എന്നറിയപ്പെടുന്ന മൾട്ടിഡൊമെയ്ൻ യൂണിറ്റിൻ്റെ കമാൻഡർ കേണൽ റോയി ലെവി (44), ഗസ്സ ഡിവിഷൻ ദക്ഷിണ ബ്രിഗേഡിൻ്റെ കമാൻഡർ കേണൽ അസഫ് ഹമാമി (41), ഗോലാനി ബ്രിഗേഡ് ചീഫിൻ്റെ ഫോർവേഡ് കമാൻഡ് ടീമിൻ്റെ തലവൻ കേണൽ ഇറ്റ്സാക്ക് ബെൻ ബസത് (44), ജൂഡിയ ആൻഡ് സമരിയ ഡിവിഷനിൽ നിന്ന് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥൻ റിസർവ് കേണൽ ലയൺ ബാർ (53) എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ട കേണലുമാർ. ഒക്‌ടോബർ ഏഴ് മുതൽ ഹമാസുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട 749 സൈനികരുടെയും ഇവരടക്കമുള്ള ഓഫീസർമാരുടെയും റിസർവിസ്റ്റുകളുടെയും പേരുകൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തുവിട്ടിരുന്നു.
Adjust Story Font
16