Quantcast

ആകാശത്തുനിന്ന് ഭക്ഷണവിതരണം; കടൽത്തീരത്ത് തടിച്ചുകൂടി ഗസ്സക്കാർ -വീഡിയോ

ജോർദാന്റെയും യു.എ.ഇയുടെയും സഹകര​ണത്തോടെ ഈജിപ്താണ് ഗസ്സയിൽ വിമാനമാർഗം മാനുഷിക സഹായം വിതരണം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2024-02-28 13:02:12.0

Published:

28 Feb 2024 12:55 PM GMT

gaza sea food aid
X

144 ദിവസമായി ഇസ്രായേലിന്റെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത വംശഹത്യയെ തുടർന്ന് ഗസ്സൻ ജനത അതീവ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ജീവിതത്തിനും മരണത്തിനുമിടയിലാണ് 23 ലക്ഷം വരുന്ന ജനത. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അതൊന്നും ഗസ്സയിലെ മനുഷ്യരുടെ ദുരിതങ്ങൾക്ക് അറുതി വരുത്തുന്നില്ല.

ലോകരാജ്യങ്ങൾ പലതും ഭക്ഷണമടക്കമുള്ള മാനുഷിക സഹായങ്ങൾ ഫലസ്തീന് വാഗ്ദാനം നൽകുകയും അവ എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന്റെ സുഗമമായ ഒഴുക്കിനെ ഇസ്രായേൽ തടസ്സപ്പെടുത്തുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ജോർദാന്റെയും യു.എ.ഇയുടെയും സഹകര​ണത്തോടെ ഈജിപ്ത് ഗസ്സയിൽ വിമാനമാർഗം ഭക്ഷണം വിതരണം ചെയ്തത്.

തെക്കൻ ഗസ്സയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ വിമാനത്തിൽനിന്ന് വീഴുന്ന ഭക്ഷണം ലഭിക്കാനായി കടൽത്തീരത്ത് തടിച്ചുകൂടി. കടലിലേക്ക് വീണ വസ്തുക്കൾ അവർ ഓടിയെത്തി സ്വന്തമാക്കി. ചിലർ ചെറുവള്ളങ്ങൾ ഉപയോഗിച്ച് കടലിൽനിന്ന് അവശ്യവസ്തുക്കൾ കരയിലേക്കെത്തിച്ചു. 45 ടൺ മാനുഷിക സഹായമാണ് ആകാശമാർഗം എത്തിച്ചത്.

അതേസമയം, മറുവശത്ത് ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ ഇസ്രായേലിലെ തീവ്ര വലതുപക്ഷ സംഘങ്ങൾ തടയുന്നതായും റിപ്പോർട്ടുണ്ട്. തെക്കൻ ഇസ്രായേലിൽനിന്ന് ഗാസയിലേക്കുള്ള ട്രക്കുകൾ നിത്സാനയിൽ ഇവർ തടയുകയാണ്.

സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ ബന്ധുക്കളും ഇക്കൂട്ടത്തിലുണ്ട്. ഈ മാസം നിരവധി തവണയാണ് ഈജിപ്തിൽനിന്ന് മാനുഷിക സഹായങ്ങളുമായി വരുന്ന വാഹനങ്ങൾ ഇവിടെവെച്ച് തടയുന്നത്. ഒരാഴ്ചയായി ഇവിടെ പ്രതിഷേധം തുടരുകയാണ്.



TAGS :

Next Story