Quantcast

ഇസ്രായേൽ ആക്രമണത്തിൽ നാല്​ ഇറാൻ സൈനികർ കൊല്ലപ്പെട്ടു; ഇനിയെന്ത്?

ഇതിൽ രണ്ട് സൈനികർ ഇറാൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആർമി പ്രസ്താവനയിൽ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-10-26 18:54:32.0

Published:

26 Oct 2024 6:51 PM GMT

Four Iran Soldiers Killed In Israel Air Strikes Saturday
X

തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ച് ഇറാനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഇറാൻ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നു. രണ്ടിടങ്ങളിലായാണ് ഇവർ കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് സൈനികർ ഇറാൻ്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. കൊല്ലപ്പെട്ട സൈനികരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളിലെ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ ആക്രമണം നടത്തിയത്. തെഹ്‌റാൻ, ഖുസെസ്ഥാൻ, ഇലാം എന്നീ മൂന്ന് പ്രവിശ്യകളിലെ സൈനിക കേന്ദ്രങ്ങൾ ഇസ്രായേൽ ഭരണകൂടം ആക്രമിച്ചതായും എന്നാൽ ഇവ പ്രതിരോധിച്ചതായും ഇറാൻ്റെ വ്യോമ പ്രതിരോധ സേന അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാല് സൈനികർ കൊല്ലപ്പെട്ട വിവരം രാത്രിയോടെ പുറത്തുവരുന്നത്. ഇസ്രായേലിനെതിരായ ഭീഷണികൾക്കുള്ള മറുപടിയായിരുന്നു ആക്രമണമെന്നായിരുന്നു ഐഡിഎഫ് വക്താവ് ഡാനിയൽ ഹ​ഗാരിയുടെ പ്രതികരണം.

പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ്​ ഇറാനു നേർക്ക്​ ഇസ്രായേൽ ആക്രമണം നടത്തിയത്​. പ്രതിരോധ, ഇന്‍റലിജൻസ്​ കേന്ദ്രങ്ങളിൽ ആക്രമണം പരിമിതപ്പെടുത്തിയതായി ഡാനിയൽ ഹഗാരി അറിയിച്ചിരുന്നു. ഇന്‍റലിജൻസ്​ സഹാ​യത്തോടെ ഇറാൻ മിസൈൽ നിർമാണ കേന്ദ്രങ്ങൾക്കും മറ്റുമെതിരെ ആക്രമണം നടത്തി പോർവിമാനങ്ങൾ സുരക്ഷിതമായി തിരികെയെത്തിയെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തെ മിസൈൽ പ്രതിരോധ സംവിധാനത്തിലൂടെ ഇറാൻ നേരിടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.

വ്യോമസേനയുടെ നൂറിലേറെ പോർവിമാനങ്ങൾ ആക്രമണത്തിൽ പ​ങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ രം​ഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്​ നടന്നതെന്നും വിദേശ കടന്നുകയറ്റത്തിനെതിരെ പ്രതിരോധിക്കാൻ യുഎൻ ചാർട്ടർ പ്രകാരം രാജ്യത്തിന്​ അവകാശമുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും അതിർത്തി കടന്ന് ആക്രമിക്കുകയും ചെയ്യുന്നത് യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51ന്റെ നഗ്നമായ ലംഘനമാണെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയുടെയും മറ്റു ചില പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഇസ്രായേൽ മേഖലയിൽ കുഴപ്പം സൃഷ്ടിക്കുന്നതെന്നും ഇറാൻ കുറ്റപ്പെടുത്തി.

ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച്​ റഷ്യ, സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ രംഗത്തുവരികയും ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഇറാൻ്റെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ വക്താവ് ജാഫർ യാസർലൂ പറഞ്ഞിരുന്നു. ഇറാനെതിരായ ആക്രമണം അവസാനിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ജാഫർ ഇക്കാര്യം അറിയിച്ചത്.

അമേരിക്കയുമായി മികച്ച ഏകോപനത്തിൽ ആയിരുന്നു ഇറാനെതിരായ ആക്രമണമെന്ന്​ ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. നേരിട്ടുള്ള തിരിച്ചടിക്ക്​ ഇതോടെ അവസാനമായെന്ന്​ ഇസ്രായേലും അമേരിക്കയും ചൂണ്ടിക്കാട്ടി. ഇറാൻ പ്രത്യാക്രമണത്തിന്​ തുനിഞ്ഞാൽ ഇസ്രായേലിന്‍റെ സുരക്ഷയ്ക്ക്​ വേണ്ടി രംഗത്തിറങ്ങുമെന്ന്​ അമേരിക്ക മുന്നറിയിപ്പ്​ നൽകി. ഇസ്രായേലിന്‍റെ ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ ഇറാനിൽ സൈനിക, രാഷ്ട്രീയ നേതൃത്വം തിരക്കിട്ട കൂടിയാലോചനകൾ തുടരുകയാണ്​.

TAGS :

Next Story