Quantcast

ഹിസ്ബുല്ല ആക്രമണം; ലബനാനിൽ നാല് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു

പരിക്കേറ്റ 14 പേരിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ഐഡിഎഫ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 Oct 2024 10:42 AM GMT

Four Reserve Soldiers killed by Hezbollah in south Lebanon
X

ബെയ്റൂത്ത്: ലബനാനിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിന് വീണ്ടും തിരിച്ചടി. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്ച തെക്കൻ ലബനാനിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിനിടെ നാല് റിസർവ് സൈനികർ കൊല്ലപ്പെട്ടതായും 14 പേർക്ക് പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചു. നാല് ഇറാൻ സൈനികർ വധത്തിലേക്ക് നയിച്ച, തെഹ്റാനടക്കമുള്ള ഇടങ്ങളിലേക്ക് ശനിയാഴ്ച പുലർച്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഐഡിഎഫിനു നേരെ ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായത്.

ക്യാപ്റ്റൻ റബ്ബി അവ്റഹാം യോസെഫ് ​ഗോൾ‍ഡ്ബെർ​ഗ് (43), മാസ്റ്റർ സർജന്റ് ​ഗിലാഡ് എൽമാലിയാക് (30), ക്യാപ്റ്റൻ അമിറ്റ് ചയുത് (29), മേജർ ഏലിയാവ് അംറാം അബിത്ബോൽ (36) എന്നിവരാണ് ഏറ്റവുമൊടുവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികർ. എല്ലാവരും അലോൺ ബ്രിഗേഡിൻ്റെ 8207-ാം ബറ്റാലിയനിലെ അം​ഗങ്ങളായിരുന്നു എന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇവരിൽ ഗോൾഡ്‌ബെർഗ് ബറ്റാലിയൻ്റെ റബ്ബിയും ചയുത് പ്ലാറ്റൂൺ കമാൻഡറും അബിറ്റ്ബോൽ ഡെപ്യൂട്ടി കമ്പനി കമാൻഡറുമായിരുന്നു.

പരിക്കേറ്റ 14 പേരിൽ അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ഐഡിഎഫ് പറഞ്ഞു. അഞ്ച് പേർ കൂടി കൊല്ലപ്പെട്ടതോടെ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ ജീവൻ നഷ്ടമാവുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം 41 ആയി. ഇതിനിടെ, ലബനാൻ്റെ വടക്കൻ അതിർത്തിക്കടുത്തുള്ള മെറ്റൂലയിൽ റോക്കറ്റ് ആക്രമണ മുന്നറിയിപ്പ് നൽകി സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേൽ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ, ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ 24 മണിക്കൂറിനിടെ 10 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ​ഗസ്സയിൽ ഹമാസ് ആക്രമണത്തിൽ മൂന്ന് സൈനികരും കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ലബനാനിൽ 10 സൈനികർ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തെക്കൻ ലബനാനിലെ ഗ്രൗണ്ട് ഓപറേഷനു വേണ്ടി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനിടെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് സൈനികരുടെ പേരുകളാണ് ഐഡിഎഫ് ആദ്യം പുറത്തുവിട്ടത്. റിസർവ് സൈനികരായ മേജർ ഡാൻ മാവോറി (43), ക്യാപ്റ്റൻ അലോൻ സഫ്രായ് (28), വാറന്റ് ഓഫീസർമാരായ ഒംരി ലോതൻ (47), ​ഗയ് ഇദാൻ (51), മാസ്റ്റർ സർജന്റ് ടോം സെ​ഗൽ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

മറ്റ് രണ്ടിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് അഞ്ച് പേർ കൂടി കൊല്ലപ്പെട്ടത്. ഐഡിഎഫിന്റെ പർദെസ് ഹന്ന-കർക്കൂറിൽ നിന്നുള്ള ഒകെറ്റ്സ് കെ9 സ്പെഷ്യൽ യൂണിറ്റിലെ കമാൻഡറായ ഫസ്റ്റ് ക്ലാസ് സെർജന്റ് ഗൈ ബെൻ ഹറൂഷ് ആണ് വ്യാഴാഴ്ച കൊല്ലപ്പെട്ടവരിൽ ആറാമൻ. ഇതേ ആക്രമണത്തിൽ മറ്റൊരു സൈനികന് ഗുരുതരമായി പരിക്കേറ്റു. ഇതു കൂടാതെ, തെക്കൻ ലബനാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ടാം കാർമേലി ബ്രിഗേഡിലെ 222-ാം ബറ്റാലിയനിലെ റിസർവ് ഉദ്യോ​ഗസ്ഥരായ ചീഫ് വാറൻ്റ് ഓഫീസർ മൊർദെചൈ ഹൈം അമോയൽ, വാറൻ്റ് ഓഫീസർ ഷ്മുവൽ ഹരാരി, സ്റ്റാഫ് സർജന്റ് മേജർ ഷ്ലോമോ അവിയാഡ് നെയ്മാൻ, സർജൻ്റ് മേജർ ഷുവേൽ ബെൻ നടാൽ എന്നിവരും കൊല്ലപ്പെട്ടു.

ഈ ആക്രമണത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഐഡിഎഫ് വക്താവ് അറിയിച്ചിരുന്നു. ഒരു ഭൂഗർഭ അറയിൽനിന്ന് പുറത്തുകടന്ന് വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്താണ് ഹിസ്ബുല്ല സംഘം ഈ നാലു സൈനികരെ കൊലപ്പെടുത്തിയത്.

ഗസ്സയിൽ ജബാലിയയിൽ ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ഹമാസിന്റെ സൈനികവിഭാഗമായ അൽഖസ്സാം ബ്രിഗേഡ്‌സ് നടത്തിയ ആക്രമണത്തിലാണ് കഴിഞ്ഞദിവസം മൂന്ന് സൈനികർ കൊല്ലപ്പെട്ടത്. നിരവധി സൈനികർക്ക് പരിക്കേറ്റിരുന്നു. 460ാം ആംഡ് ബ്രിഗേഡിന്റെ 196ാം ബറ്റാലിയനിലെ ക്യാപ്റ്റൻ ബറാക് ഇസ്രായേൽ സാഗൻ (22), സർജന്റ് ഇദോ ബെൻ സ്വി (21), സർജന്റ് ഹിലേൽ ഒവാഡിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. സാഗൻ കമാൻഡറും ബെൻ സ്വിയും ഒവാഡിയയും കേഡറ്റുകളുമായിരുന്നു. വടക്കൻ ഗസ്സയിലെ ജബാലിയയിൽ വെള്ളിയാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന ടാങ്കിന് നേരെ നടന്ന ബോംബാക്രമണത്തിലാണ് മൂവരും കൊല്ലപ്പെട്ടത്.

വടക്കൻ ​ഗസ്സയിലെ ജബാലിയ അഭയാർഥി ക്യാപിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേൽ നിരവധി പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്ന ഹമാസ് ആക്രമണം. കഴിഞ്ഞയാഴ്ചയും അഞ്ച് ഇസ്രായേൽ സൈനികർ ലബനാനിലെ ഹിസ്ബുല്ല ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. മേജർ ഒഫെക് ബച്ചാർ, ക്യാപ്റ്റൻ എലാദ് സിമാൻ, സ്ക്വാഡ് ലീഡർ എൽയാഷിഫ് ഐറ്റൻ വിഡെർ, സ്റ്റാഫ് സെർജന്റ് യാകോവ് ഹിലേൽ, യെഹുദാഹ് ദ്രോറർ യ​ഹാലോലം എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരു ഓഫീസർക്കും രണ്ട് സൈനികർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ ​ഗസ്സയിലും ലബനാനിലുമായി ഹമാസ്, ഹിസ്ബുല്ല ആക്രമണത്തിൽ 800ലേറെ ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ആറ് കേണൽമാരും 10 ലഫ്. കേണൽമാരും നിരവധി മേജർമാരുമുൾപ്പെടുന്നു. കഴിഞ്ഞയാഴ്ച ​ഗസ്സയിൽ ഐഡിഎഫിന്റെ ഉന്നത കമാൻഡർ കേണൽ എഹ്സാൻ ദഖ്സ ഗസ്സയിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ബറ്റാലിയൻ കമാൻഡറും രണ്ട് ഓഫീസർമാരും ഉൾപ്പെടെ മൂന്ന്​ സൈനികർക്ക്​ പരിക്കേറ്റതായും ഐഡിഎഫ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നെതന്യാഹുവിന്റെ വസതിക്കു നേരെ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രായേലിന് വീണ്ടും കനത്ത തിരിച്ചടിയുണ്ടായത്.

TAGS :

Next Story