ഉഗാണ്ടയിൽ വീണ്ടും എബോള; രണ്ട് മരണം
നാല് വയസുള്ള കുട്ടിയും ഒരു മെയിൽ നഴ്സുമാണ് രോഗം ബാധിച്ച് മരിച്ചത്.

കംപാല: ഉഗാണ്ടയിൽ വീണ്ടും എബോള സ്ഥിരീകരിച്ചു. നാല് വയസ്സുള്ള കുട്ടിയാണ് രോഗം ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്. കുട്ടി രാജ്യത്തെ എബോള ബാധിതർക്കുള്ള റെഫറൽ സെന്ററായ മുലാഗോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഉഗാണ്ടയിൽ പുതുതായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരി 30ന് ഒരു മെയിൽ നഴ്‌സ് രോഗം ബാധിച്ചു മരിച്ചിരുന്നു. എബോള വീണ്ടും പൊട്ടിപ്പുറപ്പെട്ടത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുമ്പായിരുന്നു നഴ്‌സിന്റെ മരണം.
നിരീക്ഷണത്തിലുണ്ടായിരുന്ന എട്ട് എബോള രോഗികളെയും ഡിസ്ചാർജ് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ള 265 പേർ കംപാലയിൽ കർശന നിരീക്ഷണത്തിൽ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ആറാം തവണയാണ് ഉഗാണ്ടയിൽ എബോള സ്ഥിരീകരിക്കുന്നത്. സുഡാനിൽ നേരത്തെ എബോള സ്ഥിരീകരിച്ചിരുന്നു. അവിടെ നിന്നാണ് ഉഗാണ്ടയിലേക്കും രോഗം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. എബോളക്ക് ഇതുവരെ അംഗീകൃത വാക്‌സിൻ കണ്ടെത്തിയിട്ടില്ല.
2014-16 കാലയളവിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 11,000 ആളുകളാണ് മരിച്ചത്. രോഗബാധിതരയുടെ ശരീരസ്രവങ്ങളിൽ നിന്നാണ് വൈറസ് പടരുന്നത്. പനി, ഛർദി, മസിൽ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
Adjust Story Font
16