ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്
വര്‍ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി ഫലസ്തീനെ പിടികൂടിയെന്നും മാക്രോണിന്‍റെ പ്രസ്താവനയില്‍ പറയുന്നു
ഇമ്മാനുവല്‍ മാക്രോണ്‍
പാരിസ്: ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. വര്‍ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി ഫലസ്തീനെ പിടികൂടിയെന്നും മാക്രോണിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
ഗസ്സയില്‍ മാനുഷിക പ്രവർത്തനങ്ങൾ നടത്താൻ ജോർദാനുമായി സഹകരിച്ച് വരും ദിവസങ്ങളിൽ ഫ്രാൻസ് പ്രവർത്തിക്കുമെന്നും പ്രസ്താവനയിലുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പുതിയ ആസൂത്രിത കുടിയേറ്റങ്ങൾ തടയുന്നതിനുമുള്ള നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗസ്സയില്‍ ആക്രമണം ശക്തമാക്കാനും നീട്ടാനുമുള്ള ഇസ്രായേലിന്‍റെ പ്രഖ്യാപനത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
ഗസ്സയില്‍ ബോംബാക്രമണത്തിലൂടെ സാധാരണക്കാരെ കൊല്ലുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് മാക്രോണ്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബോംബാക്രമണത്തിന് ന്യായീകരണമില്ലെന്നും വെടിനിർത്തൽ ഇസ്രായേലിന് ഗുണം ചെയ്യുമെന്നും മാക്രോൺ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഗസ്സയില്‍ മരണം 21000 കടന്നു. അടുത്ത ഘട്ടം കൂടുതല്‍ മാരകമായിരിക്കുമെന്നാണ് ഇസ്രായേല്‍ മന്ത്രിയുടെ മുന്നറിയിപ്പ്.
Adjust Story Font
16