കൈക്കൂലി ആരോപണം: ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അന്വേഷണവുമായി യു.എസ്
ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്
വാഷിങ്ടൺ: കൈക്കൂലി ആരോപണമുയർന്നതിന് പിന്നാലെ ഗൗതം അദാനിക്കും അദാനി കമ്പനിക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് യു.എസ്. വഴിവിട്ട സഹായങ്ങൾ ലഭിക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് യു.എസ് അന്വേഷണം നടത്തുന്നതെന്നാണ് റിപ്പോർട്ട്.ബ്ലൂംബെർഗാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. യു.എസ് പ്രൊസിക്യൂട്ടർമാർ അന്വേഷണം തുടങ്ങിയെന്നാണ് ബ്ലൂംബർഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗൗതം അദാനി ഉൾപ്പടെയുള്ളവർ ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസുർ പവർ ഗ്ലോബലിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. യു.എസിലെ അറ്റോർണി ഓഫീസും, വാഷിങ്ടണിലെ തട്ടിപ്പ് അന്വേഷണ യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്.
എന്നാൽ ചെയർമാനെതിരെ ഒരു അന്വേഷണവും നടക്കുന്നതായി ഞങ്ങൾക്കറിയില്ലെന്നാണ്, ബ്ലൂംബെർഗിന് നൽകിയ ഇ മെയിൽ മറുപടിയിൽ അദാനി കമ്പനി അധികൃതർ വിശദീകരിച്ചത്. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അഴിമതി വിരുദ്ധ നിയമങ്ങളും കൈക്കൂലി വിരുദ്ധ നിയമങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടെതെന്നും കമ്പനി വിശദീകരിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അന്വേഷണം പ്രഖ്യാപിച്ചതിനെ പറ്റി പ്രതികരിക്കാൻ അന്വേഷണ സംഘവും തയാറായിട്ടില്ല. അസുർ പവർ അധികൃതരും പ്രതികരിച്ചിട്ടില്ല.
ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ ആരോപണങ്ങൾ മാത്രമാണുള്ളത്. തെളിവുകളോ മറ്റ് രേഖകളോ ലഭിച്ചിട്ടില്ല. എന്നാൽ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് യു.എസിന്റെ തീരുമാനം.അമേരിക്കൻ നിക്ഷേപകരുമായോ വിപണികളുമായോ ബന്ധപ്പെട്ട വിദേശ അഴിമതി ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷിക്കാൻ അമേരിക്കൻ നിയമപ്രകാരം ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു വർഷം മുമ്പ് യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കമ്പനിയുടെ 11100 കോടി ഡോളറിൻ്റെ മൂല്യം ഇടിഞ്ഞിരുന്നു. 2023-ൻ്റെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായി മറിയ അദാനി ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ആദ്യ 20 പേരുടെ പട്ടികയിൽ നിന്ന് പുറത്തായതും വലിയ വാർത്തയായിരുന്നു.
Adjust Story Font
16