Quantcast

ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് ജോ ബൈഡൻ

കരാർ വൈകുന്നതിനെതിരെ ജറൂസലമിൽ നെതന്യാഹുവിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    3 March 2024 2:42 AM GMT

Ramadan,Joe Biden ,Gaza ,Ceasefire,israel ,israel war,latest malayalam news,ഗസ്സ,വെടിനിര്‍ത്തല്‍,ജോ ബൈഡന്‍,ഇസ്രായേല്‍,യുദ്ധം,ഗസ്സ വെടിനിര്‍ത്തല്‍
X

ദുബൈ: ഗസ്സയിൽ റമദാന് മുമ്പ് വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച്​ രണ്ടാം വാരത്തിൽ മുസ്​ലിം വ്രതമാസം ആരംഭിക്കും മുമ്പ്​ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്നും അതിനായി കഠിനാധ്വാനം തുടരുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി എന്നിവരുമായി കഴിഞ്ഞ ദിവസം ബൈഡൻ ഫോണിൽ സംസാരിച്ചു.

ഭക്ഷണവിതരണത്തിന്​ കാത്തിരുന്ന ഫലസ്​തീൻകാർക്കു നേരെ നടന്ന ആക്രമണത്തിൽ 118 പേർ കൊല്ലപ്പെടുകയും 760 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതോടെ വഴിമുട്ടിയ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം നടക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്​, ഇസ്രായേൽ സംഘങ്ങളുമായി ഇന്ന്​ കൈറോയിൽ വെവ്വേറെ ചർച്ച നടത്താനായിരുന്നു ​ ധാരണ.

എന്നാൽ കൈറോയിലേക്ക്​ സംഘത്തെ അയക്കുന്നതു സംബന്ധിച്ച്​ ഇസ്രായേലിനുള്ളിൽ അവ്യക്​തത തുടരുകയാണെന്ന്​​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട്​ അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്നാണ്​ യുദ്ധകാര്യ മന്ത്രിസഭയുടെ തീരുമാനമെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഗസ്സ അൽ റാഷിദ് റൗണ്ടബൗട്ടിൽ ഭക്ഷണ വിതരണത്തിന് കാത്തിരിക്കുന്നവർക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 118 ആയി. ഇസ്രായേലിന്‍റെ കൊടും ക്രൂരതക്കെതിരെ ലോകത്തൊന്നാകെ രൂപപ്പെട്ട പ്രതിഷേധം ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കാൻ ഇസ്രായേൽ അനുകൂല രാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്​. അമേരിക്ക ഇന്നലെ രണ്ട്​ വിമാനങ്ങളിൽ സഹായ പാക്കറ്റുകൾ എയർഡ്രോപ്പ്​ ചെയ്​തു. എന്നാൽ കരമാർഗം പരമാവധി സഹായം ഉറപ്പാക്കുകയാണ്​ പ്രധാനമെന്ന്​ യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു. സഹായം ലഭ്യമാക്കാൻ സാധ്യമായ എല്ലാ നീക്കങ്ങളും തുടരുമെന്ന്​ അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു.

എന്നാൽ ഗസ്സയിലെ റഫക്കു നേരെയും മറ്റും ഇന്നലെയും ഇസ്രായേൽ ബോംബാക്രമണം നടത്തി. ഗസ്സയിലെ മാനുഷിക ദുരന്തം തീവ്രമായി തുടരുന്നതായി അഭയാർഥികൾക്കായുള്ള യു.എൻ സമിതി അറിയിച്ചു. പിന്നിട്ട 24 മണിക്കൂറിനിടെ, 92 പേർ കൂടി കൊല്ല​പ്പെട്ടതോടെ ആകെ മരണസംഖ്യ 30, 320 ആയി. ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡിന്‍റെ ഒളിയാക്രമണത്തിൽ മൂന്ന്​ സൈനികർ കൊല്ലപ്പെട്ടതായും 14 പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽ സേന സ്​ഥിരീകരിച്ചു. പരിക്കേറ്റ ​സൈനികരിൽ 5 പേരുടെ നില ഗുരുതരമാണ്​. സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചതായും ഇസ്രായേൽ സേന അറിയിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഹമാസുമായി ഉടൻ കരാറിന്​ തയാറാകണമെന്നാവശ്യപ്പെട്ട്​ നടന്ന ജറൂസലം മാർച്ച്​ സമാപിച്ചു.

നെതന്യാഹുവിന്‍റെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചവരിൽ ഏതാനും പേരെ സൈന്യം അറസ്​റ്റ്​ ചെയ്​തു. യു.എസ്​ വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസ്​ ഇസ്രായേൽ മന്ത്രി ഗാൻറ്​സുമായി നാളെ ചർച്ച നടത്തുമെന്ന്​ വൈറ്റ്​ ഹൗസ്​ അറിയിച്ചു. നെതന്യാഹുവിനെ അറിയിക്കാതെയാണ്​ ഗാൻറ്​സും കമലാ ഹാരിസും തമ്മിലെ ചർച്ചയെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അതിനിടെ, യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ തകരാർ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പൽ റൂബിമാർ ചെങ്കടലിൽ മുങ്ങി. യെമൻ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ​വെസ്​റ്റ്​ ബാങ്കിലെ ജെനിൻ ക്യാമ്പിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈന്യത്തിനെതിരെ ​ഫലസ്​തീൻ പോരാളികൾ ശക്​തമായ പ്രതിരോധം തീർത്തു. ഇസ്രായേൽ വിട്ടയച്ച ഫലസ്​തീൻ തടവുകാരൻ ഖൈസ്​ അൽ സാദിക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

TAGS :

Next Story