Quantcast

പോളിയോ കുടിച്ച് മടങ്ങി, ഇസ്രായേൽ ബോംബിൽ അറ്റുപോയ കുഞ്ഞിക്കാലുകൾ; മുറിവുണങ്ങാതെ ഗസ്സ

ഹനാൻ അൽ ദഖിക്ക് മൂന്ന് വയസ്സാണ് പ്രായം, ഇളയവളായ മിസ്‌കിന് രണ്ടുവയസ് തികഞ്ഞിട്ടില്ല. പോളിയോ എടുത്ത് വീട്ടിലേക്ക് മടങ്ങി ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വീടിന് മേലേക്ക് ഇസ്രായേലിന്റെ ബോംബ് വീഴുന്നത്

MediaOne Logo

Web Desk

  • Published:

    23 Dec 2024 1:30 PM GMT

israel bomb attack_gaza
X

'എന്റെ കാലുകൾ എവിടെ പോയി...', 'അമ്മ എവിടെ'... കണ്ണുതുറന്നാലുടനെ മൂന്നുവയസ്സുകാരി ഹനാനും കുഞ്ഞനുജത്തി മിസ്‌കും ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചോരവാർന്ന് കുഞ്ഞിക്കാലുകൾ മുറിച്ചുമാറ്റിയിട്ട് നാലുമാസം കഴിഞ്ഞു. എന്നിട്ടും, ഓടിക്കളിക്കാൻ ഇനി എപ്പോഴാണ് കഴിയുക എന്ന ആശങ്ക മാത്രമേ ഈ കുരുന്നുകൾക്കുള്ളൂ.

സെപ്‌തംബർ 2ന് രാവിലെയാണ് ഷൈമ അൽ-ദഖി തന്റെ രണ്ട് പെൺമക്കളുമായി പുറത്തേക്കിറങ്ങിയത്. യുദ്ധം തുടരുന്നതിനിടെ ഗസ്സയിൽ പോളിയോ വിതരണം ആരംഭിച്ചിരുന്നു. ഗസ്സയിൽ കഴിഞ്ഞ മാസങ്ങളിൽ ഏതാനും കുട്ടികളിൽ പോളിയോ ബാധിച്ചത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന അടിയന്തരമായി വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. പതിവിലും നേരത്തെ എഴുന്നേറ്റ് തന്റെ കുഞ്ഞുങ്ങൾക്ക് പോളിയോ കൊടുക്കാനായിരുന്നു ഷൈമയുടെ യാത്ര.

ഹനാൻ അൽ ദഖിക്ക് മൂന്ന് വയസ്സാണ് പ്രായം, ഇളയവളായ മിസ്‌കിന് രണ്ടുവയസ് തികഞ്ഞിട്ടില്ല. പോളിയോ എടുത്ത് വീട്ടിലേക്ക് മടങ്ങി ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് വീടിന് മേലേക്ക് ഇസ്രായേലിന്റെ ബോംബ് വീഴുന്നത്. ഷൈമ മരിച്ചു, ഇവരുടെ ഭർത്താവ് മുഹമ്മദ് അൽ-ദഖി ഉൾപ്പെടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞുമക്കൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയുന്നതിന് മുൻപ് തന്നെ അരക്ക് താഴേക്ക് അവരുടെ അവയങ്ങൾ നഷ്‌ടപ്പെട്ടു കഴിഞ്ഞിരുന്നു.

ഹനാന്റെ രണ്ടുകാലുകളും രക്തംവാർന്നൊഴുകിയതിനെ തുടർന്ന് മുറിച്ചുമാറ്റുകയല്ലാതെ മറ്റ് നിവൃത്തി ഉണ്ടായിരുന്നില്ല ഡോക്‌ടർമാർക്ക്. ഒന്ന് കാൽമുട്ടിന് മുകളിലേക്കും മറ്റൊന്ന് താഴേക്കുമാണ് മുറിച്ചുകളഞ്ഞത്. ആ മൂന്നുവയസുകാരിയുടെ കുടലിന് വരെ പരിക്കേറ്റിരുന്നു. കുടലിൻ്റെ ഒരു ഭാഗം നീക്കം ചെയ്യാൻ അവൾക്ക് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. കൊച്ചു മിസ്‌കിന് അവളുടെ ഇടതുകാലാണ് നഷ്‌ടമായത്.

എന്താണ് സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ പിതാവിൻ്റെ സഹോദരി ഷെഫ അൽ- ദഖി നിങ്ങൾ സ്വപ്‌നം കണ്ടതാണെന്ന് പറഞ്ഞ് കുഞ്ഞുങ്ങളെ സമാധാനിപ്പിക്കും. കഴിഞ്ഞ നാലുമാസമായി ഒരു ദുസ്വപ്‍നത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ഷെഫ കുഞ്ഞുങ്ങളോട് പറയുന്നത്. കണ്ണുതുറന്നാൽ കുഞ്ഞുങ്ങൾക്ക് പരിഭ്രാന്തിയാണ്. കിളക്കുഞ്ഞുങ്ങൾ ചിറകിൽ ഒതുങ്ങുന്നത് പോലെ അവർ ഷെഫയെ പറ്റിച്ചേർന്നുകിടക്കും. കുഞ്ഞുങ്ങളെ സമാധാനിപ്പിച്ച് ഉറക്കുമ്പോഴും ചിന്തകളുടെ നിലയില്ലാക്കയത്തിലേക്കാണ് ഷെഫ ചെന്നുവീഴുന്നത്.

ഇനി എന്ത് ഭാവിയാണ് എന്റെ കുഞ്ഞുങ്ങൾ പ്രതീക്ഷിക്കേണ്ടത്? വളർന്നുവരുമ്പോൾ മറ്റുള്ള കുട്ടികളെ കാണുമ്പോൾ അവർക്ക് എന്തുതോന്നും? ഹനാൻ ഇഷ്‌ടപ്പെട്ട അവളുടെ വസ്ത്രം എങ്ങനെ ധരിക്കും? മനോഹരമായ ഷൂ ചോദിക്കുമ്പോൾ ഞാൻ അവരോട് എന്ത് പറയും? അവരുടെ അമ്മ സ്വർഗത്തിലാണെന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാൻ കഴിയൂ. മിസ്‌ക് വളരെ ചെറിയ കുഞ്ഞാണ്, അവൾക്ക് തിരിച്ചറിവായിട്ടില്ല. പക്ഷേ, മൂന്ന് വയസുള്ള ഹനാന് കാര്യങ്ങൾ തിരിച്ചറിയാം. അവളുടെ പരിക്കുകൾ ഗുരുതരമാണെന്ന് അവൾ മനസിലാക്കി കഴിഞ്ഞു.

കുഞ്ഞുങ്ങൾക്ക് മാനസികമായി പിന്തുണ നൽകാനുള്ള സാധ്യത പോലും ആശുപത്രിയിലില്ല. വളരെ തിരക്കേറിയതും സൗകര്യമില്ലാത്തതുമായ അന്തരീക്ഷത്തിലാണ് ആശുപത്രിയും ജീവനക്കാരും പ്രവർത്തിക്കുന്നതെന്നും ഷെഫ പറയുന്നു.

ഷെഫക്ക് മൂന്ന് മക്കളുണ്ട്. ഹനാൻ അവരോടൊപ്പം കളിച്ചാണ് വളർന്നത്, ഹനാന്റെ പ്രായമുള്ള മകൾ ഹാല ആശുപത്രിയിൽ ഇവരെ കാണാൻ വന്നിരുന്നു. ഹനാൻ ആദ്യം നോക്കിയത് ഹാലയുടെ കാലുകളിലേക്കാണ് പിന്നെ സ്വന്തം കാലിലേക്കും.. എല്ലാ സമയത്തും അവർ ഒരുമിച്ച് ഓടിക്കളിക്കുമായിരുന്നു എന്ന് ഷെഫ ഓർത്തു. ഇപ്പോൾ ആശുപത്രി കിടക്കയിലിരുന്നാണ് അവർ കളിക്കുന്നത്. കുഞ്ഞുങ്ങൾ അവരുടെ വളർച്ചയുടെ പ്രധാന ഘട്ടത്തിലായതിനാൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ കിടത്തിയിരിക്കുകയാണ്. എങ്കിലും, ഇവിടെ നൽകുന്ന ചികിത്സ അവരെ വളരെയധികം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നല്ല. കാരണം, ആ ആശുപത്രി പോലും ഏത് നിമിഷവും നിലംപൊത്താമെന്ന ഘട്ടത്തിലാണ് നിലകൊള്ളുന്നത്.

സമയം കളയാൻ ബാക്കിയായ കുഞ്ഞിക്കൈകൾ കൊണ്ട് അവർ ചിത്രം വരക്കും. ഇസ്രായേൽ ആക്രമണം തുടങ്ങിയപ്പോൾ മുതൽ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഷൈമക്ക് പേടിയുണ്ടായിരുന്നതായി ഷെഫ പറയുന്നു. കുട്ടികൾക്ക് വേണ്ട ഭക്ഷണവും ഫോർമുലയും വാങ്ങാൻ കഴിയാതെ ആശങ്കയിലായിരുന്നു അവൾ. ഒടുവിൽ പോളിയോ കൊടുക്കാൻ അനുവദിച്ചെന്ന് അറിഞ്ഞപ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് അവൾ പുറത്തേക്കിറങ്ങിയത്. തന്റെ കുട്ടികൾക്ക് ആ സംരക്ഷണമെങ്കിലും കിട്ടുമെന്ന് ഷൈമ കരുതി. ഷെഫയോടും അവരുടെ കുട്ടികൾക്ക് പോളിയോ കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

സ്വന്തം കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആർക്കും താങ്ങാനാകില്ല, പോളിയോ എടുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രതിരോധശേഷി ലഭിക്കും, തൊട്ടടുത്ത നിമിഷം ഇസ്രായേൽ ബോംബെറിഞ്ഞ് അവരുടെ കാലുകൾ വേർപെടുത്തും... പിന്നെ എന്താണ് ഇതിന്റെയൊക്കെ അർഥമെന്ന് ഷെഫ ചോദിക്കുന്നു.

ഇസ്രായേൽ ഗസ്സയിലെ ആരോഗ്യമേഖല തകർത്ത് തരിപ്പണമാക്കി കളഞ്ഞു. അതിനാൽ ഹനാനും മിസ്‌കിനും ഗസ്സയിൽ വെച്ച് അവരുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയില്ല. ഗസ്സയിൽ നിന്ന് ചികിത്സയ്ക്കായി വിടേണ്ട ആളുകളുടെ പട്ടികയിൽ അവരുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഈ ലിസ്റ്റിൽ വരുന്ന പേരുകൾ ശേഖരിക്കുന്നുണ്ട്. എന്നാൽ, ഇസ്രായേലിന്റെ അനുവാദം ലഭിച്ചില്ലെങ്കിൽ ആർക്കും തന്നെ പുറത്തേക്ക് പോകാൻ കഴിയില്ല. കുഞ്ഞുങ്ങളുടെ പേരുകൾ ഇതുവരെ ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെന്നും ഷെഫ പറയുന്നു.

മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണ്.. പ്രോസ്തെറ്റിക് കൈകാലുകൾ അത്യാവശ്യമുള്ള കൊച്ചു പെൺകുട്ടികളാണവർ. അവരുടെ മാനസികനില അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കാലുകൾ കിട്ടിയാൽ മാത്രം പോര, ഈ ഒരു അന്തരീക്ഷത്തിൽ നിന്ന് അവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഹനാനും മിസ്‌കും വളർന്നുകൊണ്ടിരിക്കുകയാണ്. അവരുടെ പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥികൾ വളരുന്നത് വെല്ലുവിളികൾ ഉയർത്തുന്നു. നിരവധി ശസ്ത്രക്രിയകളും ആവശ്യമായി വന്നേക്കും.

ആ കുഞ്ഞ് പെൺകുട്ടികളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന് ഷെഫയ്ക്ക് അറിയാം... ഹനാന് ഷൂസ് വളരെ ഇഷ്‌ടമാണ്. പക്ഷേ, ഷൂസുകളിടാൻ അവൾക്കിപ്പോൾ കഴിയുന്നില്ല... എനിക്ക് എന്നാണ് പാർക്കിൽ പോയി കളിക്കാൻ കഴിയുക എന്നും അവൾ ചോദിക്കുന്നുണ്ട്... ഷെഫക്ക് ഉത്തരങ്ങളില്ല...

TAGS :

Next Story