10 ഗ്രാം സ്വർണത്തിന് 1.85 ലക്ഷം രൂപ; ഉള്ളതെല്ലാം പെറുക്കിവിറ്റ് ശ്രീലങ്കക്കാർ
വരും ദിവസങ്ങളിൽ രണ്ടു ലക്ഷം രൂപ കവിയുമെന്ന് സ്വർണവ്യാപാരികൾ
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ വഴികളും തേടുകയാണ് ശ്രീലങ്കൻ ജനത. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം മൂലം ജനങ്ങൾ തെരുവിൽ പോരാട്ടം തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. ഈ തകർച്ചക്കിടയിലും ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വർണം വാങ്ങാനുള്ള തിരക്കല്ല, കൈവശമുള്ള ഒരു തരി പൊന്നുപോലും വിറ്റ് പണമാക്കാനുള്ള ഓട്ടത്തിലാണ് ശ്രീലങ്കയിലെ ജനങ്ങൾ.
ശ്രീലങ്കയില്‍ 24 കാരറ്റ് സ്വർണത്തിന് 205,000 രൂപയാണ്. അത് 22 കാരറ്റിലേക്ക് മാറ്റുമ്പോൾ 185,000 രൂപയായി മാറും. കഴിഞ്ഞ ആഴ്ച 24 കാരറ്റിന് 210,000 ആയി കുതിച്ചുയർന്നിരുന്നു. വരും ദിവസങ്ങളിൽ 10 ഗ്രാമിന് രണ്ട് ലക്ഷം രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വർണവ്യാപാരികൾ പറയുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. സ്വർണം വിൽക്കാൻ ഇത്രയുമധികം തിരക്ക് മുമ്പൊന്നും കണ്ടിട്ടില്ലെന്നാണ് കൊളംബോയിലെ ജ്വല്ലറി ഉടമകൾ എ.എൻ.ഐയോട് പറഞ്ഞു.ഡോളർ പ്രതിസന്ധിയാണ് സ്വർണവിലയിലെ ഇത്തരം ഏറ്റക്കുറച്ചിലുകൾക്ക് പിന്നിലെന്നും ഉടമകള്‍ പറഞ്ഞു.ഒരു വർഷം മുമ്പ് സ്വർണത്തിന്റെ 100-200 രൂപയ്ക്കിടയിലായിരുന്നു സ്വർണത്തിന്റെ വില വർധിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധികാരണം 10,000 രൂപക്ക് മുകളിലാണ് ഓരോ ദിവസവും വർധിക്കുന്നത്.
സാമ്പത്തിക തകർച്ചകൾക്കിടയിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും വീട്ടുവാടക കൊടുക്കാനുമെല്ലാം നെട്ടോട്ടമോടുകയാണ് ശ്രീലങ്കൻ ജനത. ഈ സമയത്ത് കൈയിലുള്ള സ്വർണം വിറ്റാൽ അത്രയും പണം ലഭിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ലോകത്തിലെ ഏറ്റവും ദരിദ്രമായ കറൻസിയായി ശ്രീലങ്കൻ കറൻസി മാറിക്കഴിഞ്ഞു. ശനിയാഴ്ച ഔദ്യോഗികമായി യുഎസ് ഡോളറിനെതിരെ ശ്രീലങ്കൻ രൂപ 315 എന്ന റെക്കോർഡിലെത്തി. അതേസമയം, ചില സ്വകാര്യ മണി എക്സ്ചേഞ്ചർമാർ ഒരു ഡോളറിന് ശ്രീലങ്കൻ രൂപ 345-380 വരെ ഈടാക്കുന്നുണ്ടെന്നും സ്വര്‍ണവ്യാപാരികള്‍ പറയുന്നു. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ സമ്പദ് വ്യവസ്ഥ തകർച്ചയുടെ വക്കിലാണ്. ഈ പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്നും പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ പൗരന്മാർ രാജ്യത്തുടനീളം പ്രതിഷേധം നടത്തുകയാണ്.
Adjust Story Font
16