Quantcast

തമിഴരെയും മുസ്‌ലിംകളെയും എതിർപക്ഷത്ത് നിർത്തി അധികാരത്തിൽ; ഗോതബയയെ പുറത്താക്കിയത് കൂടെനിന്ന ബുദ്ധഭൂരിപക്ഷം

'പ്രസിഡൻറ് കാലയളവിലെ 31 മാസത്തിനിടയിൽ ഗോതബയ ഒരു പ്രസ് കോൺഫറൻസ് പോലും വിളിച്ചില്ല. ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് നേരെത്ത എഴുതി തയാറാക്കിയ ദുർബല പ്രസംഗങ്ങൾ നടത്തുകയായിരുന്നു. എതിരെ നിന്നതിന്റെ പേരിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ ആത്മാവ് ഇയാളെ വേട്ടയാടുകയാണ്'

MediaOne Logo

Web Desk

  • Updated:

    2022-07-15 13:22:52.0

Published:

15 July 2022 12:57 PM GMT

തമിഴരെയും മുസ്‌ലിംകളെയും എതിർപക്ഷത്ത് നിർത്തി അധികാരത്തിൽ; ഗോതബയയെ പുറത്താക്കിയത് കൂടെനിന്ന ബുദ്ധഭൂരിപക്ഷം
X

കൊളംബോ: ജനകീയ പ്രക്ഷോഭം കടുത്തതോടെ രാജിവെച്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ അധികാരത്തിലെത്തിയത് തമിഴരെയും മുസ്‌ലിംകളെയും എതിർപക്ഷത്ത് നിർത്തി. 2019 ലെ ഈസ്റ്റർ സൺഡേ ബോംബിങ്ങിന് ശേഷം രാജ്യത്ത് ഭൂരിപക്ഷം വരുന്ന ബുദ്ധമതാനുയായികളുടെ വീരപുരുഷനായി പ്രസിഡൻറായ അദ്ദേഹത്തെ പുറത്താക്കിയതും അവർ തന്നെയായിരുന്നു. എൽ.ടി.ടിഇക്കെതിരെയുള്ള യുദ്ധത്തിന് പ്രതിരോധ സെക്രട്ടറിയായി 2009ൽ നേതൃത്വം നൽകിയ ഗോതബയ മത ഭാഷാ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വികാരം ആളിക്കത്തിച്ചാണ്‌ അധികാരത്തിയത്. പക്ഷേ ചുരുങ്ങിയ കാലം കൊണ്ട് ഇയാൾ നാടിനെ തകർച്ചയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ശ്രീലങ്കൻ പൗരന്മാർ അൽജസീറയടക്കമുള്ള ലോകമാധ്യമങ്ങളോട് പറയുന്നത്.

ഗോതബയ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ സിംഹള ബുദ്ധഭൂരിപക്ഷത്തിന്റെ പ്രതിനിധിയായാണ് പ്രസിഡൻറ് പദവിയിലെത്തിയതെന്നും എന്നാൽ അവർ തന്നെ അദ്ദേഹത്തെ പുറത്താക്കിയെന്നും 22 കാരനായ ഐ.ടി ബിരുദദാരി അക്രം അഷ്‌റഫ് ചൂണ്ടിക്കാട്ടി.


വംശീയതയും സൈനികതയുമായിരുന്നു ഗോതബയയുടെയും സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദയുടെയും ഊർജമെന്നും സിംഹള വോട്ടർമാരുടെ വൻ പിന്തുണയോടെയാണ് ഇവർ അധികാരത്തിലെത്തിയതെന്നും അന്താരാഷ്ട്ര ദുരന്ത നിവാരണ സംഘത്തിനൊപ്പം ശ്രീലങ്കയിലുള്ള അലൻ കീനൻ പറഞ്ഞു. എന്നാൽ ഇവർക്ക് ഒരു നേരത്തെ അന്നത്തിനും മരുന്നിനും ഇന്ധനത്തിനുമായി അലയുന്ന ദശലക്ഷക്കണക്കിന് ജനങ്ങളെ രക്ഷിക്കാനായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പെട്ടെന്ന് തിരിച്ചുകയറാനാകാത്ത തരത്തിൽ സാമ്പത്തികമായി മുച്ചൂടും തകർന്ന നിലയിലാണ് ഇവരെ രാജ്യത്തെ ഉപേക്ഷിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

രാജപക്‌സെ സഹോദരങ്ങൾ ഭരണത്തിൽ നിന്ന് പുറത്തായതോടെ സ്വേച്ഛാധിപത്യ ദേശീയതയുടെ അനന്തരഫലങ്ങളെ കുറിച്ചുള്ള എന്നെന്നും നിലനിൽക്കുന്ന പാഠങ്ങൾ ശ്രീലങ്കൻ പൗരന്മാർ പഠിക്കുമെന്നും ജനകീയ സമരത്തെ തുടർന്ന് കണ്ടെത്തിയ ജനാധിപത്യ വഴിയിലൂടെ മുന്നേറുമെന്നും കീനൻ പ്രത്യാശ പ്രകടിപ്പിച്ചു.


സമരത്തിൽ പങ്കെടുത്ത ശാന്തി യേശുദാസൻ മുൻ ഭരണകൂടത്തെ കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. തമിഴ് വംശത്തിൽപ്പെട്ട തന്റെ സമുദായത്തിനെതിരെയുള്ള അതിക്രമത്തിനും വേർതിരിവിനുമാണ് സാക്ഷിയായതെന്നും നോർത്ത് വാവുനിയയിൽ താമസിക്കുന്ന തന്റെ ബന്ധുക്കളിൽ പലരെയും നഷ്ടപ്പെട്ടുവെന്നും 2009 മുതൽ പലരെയും കാണാനില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കാൻ താൽപര്യമില്ലാത്ത ഗോതബയ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ പുതുതലമുറയുടെ ജീവിതം കൂടി നശിപ്പിച്ചെന്നും അവർ കുറ്റപ്പെടുത്തി.

തമിഴ് വിഘടനവാദികളെ പരാജയപ്പെടുത്തി രജപക്‌സെ സഹോദരങ്ങൾ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിന് അറുതി വരുത്തിയെങ്കിലും അവർക്ക് അതല്ലാതെ മറ്റു വീക്ഷണങ്ങളില്ലായിരുന്നുവെന്ന് മുൻ സ്‌കൂൾ അധ്യാപകനായ ധർമനാഥ് ഡിസ്സനായകെ പറഞ്ഞു. ദീർഘവീക്ഷണമോ ഉൾക്കാഴ്ചയോ ഇല്ലാതിരുന്ന ഗോതബയക്കെതിരെ അഴിമതി ആരോപണമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സ്വാതന്ത്ര്യാനന്തരം ചില കുടുംബങ്ങളുടെ കൈകളിലാണ് ശ്രീലങ്കയുടെ ഭരണമെന്നും അവയിൽ പ്രധാനകുടുംബമാണ് ഗോതബയടക്കമുള്ളവരുടെ രജപക്‌സെ കുടുംബമെന്നും കൊളംബോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡമോക്രാറ്റിക് റിഫോംസ് ആൻഡ് ഇലക്ട്രൽ സ്റ്റഡീസ്(ഐആർഇഎസ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ മഞ്ജുള ഗജനായകെ പറഞ്ഞു. അതുല്യമായ സേവന മികവ് കൊണ്ടോ കഴിവ് കൊണ്ടോയല്ല ഗോതബയ പ്രസിഡൻറായതെന്നും മറിച്ച് രജപക്‌സെ കുടുംബാംഗമായത് കൊണ്ടായിരുന്നുവെന്നും ഐആർഇഎസ് ചൂണ്ടിക്കാട്ടി.

''വർഗീയത ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം പ്രസിഡൻറ് പദവിയിലെത്തിയത്, ജനാധിപത്യത്തിലോ ജനാധിപത്യ ഭരണത്തിലോ വിശ്വസിക്കാത്തവരുടെ പിന്തുണയും അദ്ദേഹം നേടി. ജനാധിപത്യ ശബ്ദങ്ങളും ഇടങ്ങളും തകർക്കുന്നത് അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗവും സ്വജനപക്ഷപാത പദ്ധതി മെച്ചപ്പെടുത്താനുള്ള വഴിയുമണ്'' അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തെ ജനങ്ങൾ തന്നെ പുറത്താക്കിയത് രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അജ്ഞത, പിടിവാശി, തന്റെ ജനങ്ങളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവില്ലായ്മ എന്നിവയായിരുന്നു ഗോതബയ രജപക്സെയുടെ പ്രസിഡന്റ് കാലത്തിന്റെ കാതലെന്നും ആധുനിക കൃഷിയെ അദ്ദേഹം നിരോധിച്ച് രണ്ട് ദശലക്ഷം കർഷകരെ ദരിദ്രരാക്കിയെന്നും 2022 ലെ ലിന്നെൻ മെഡൽ ഫോർ സുവോളജി നേടിയ രോഹൻ പെതിയാഗോഡ പറഞ്ഞു.

പണ വിതരണവും പണപ്പെരുപ്പവും അനുപാതം കണക്കിലെടുക്കാതെ അദ്ദേഹം ട്രില്യൺ കണക്കിന് രൂപ അച്ചടിച്ചുവെന്നും ഈ 'നവീകരണങ്ങൾ' സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന വിദഗ്ധ ഉപദേശത്തിന് വഴങ്ങാൻ അദ്ദേഹം വിസമ്മതിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പ്രസിഡൻറ് കാലയളവിലെ 31 മാസത്തിനിടയിൽ അദ്ദേഹം ഒരു പ്രസ് കോൺഫറൻസ് പോലും വിളിച്ചില്ല. ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് നേരെത്ത എഴുതി തയാറാക്കിയ ദുർബല പ്രസംഗങ്ങൾ നടത്തുകയായിരുന്നു. എതിരെ നിന്നതിന്റെ പേരിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ ആത്മാവ് ഇയാളെ വേട്ടയാടുകയാണ്' രോഹൻ പറഞ്ഞു. 2005 നും 2015നും ഇടയിൽ 13 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ദി സൺഡേ ലീഡറിന്റെ ഫൗണ്ടിംഗ് എഡിറ്റർ ലസന്ത വിക്രമാതുംഗെയുടെ കൊലപാതകത്തിൽ ഗോതബയക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു.



ആരാണ് ഗോതബയ രജപക്സെ

  • 1971 ശ്രീലങ്കൻ സൈന്യത്തിൽ ചേർന്നു. 20 വർഷത്തോളം സേവനം
  • സഹോദരൻ മഹിന്ദ രജപക്സെയുടെ പ്രസിഡൻറ് കാലയളവിൽ പ്രതിരോധ സെക്രട്ടറിയായി
  • 2009 തമിഴ് പുലികൾക്കെതിരെയുള്ള യുദ്ധത്തിന് മേൽനോട്ടം വഹിച്ചു
  • 2019 ഈസ്റ്റർ സൺഡേ ബോംബിങ്ങിന് ശേഷം സജീവ രാഷ്ട്രീയത്തിലെത്തി
  • 2019ൽ പ്രസിഡൻറ് പദവി നേടി
  • 2022 ജൂലൈ 13ന് മാലിദ്വീപിൽ നിന്ന് രാജിവെച്ചു

Gotabaya was expelled by the Buddhist majority

TAGS :

Next Story