Quantcast

ഡെന്മാർക്കിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധം; ഗ്രെറ്റ തുൻബർഗ് അറസ്റ്റിൽ

സ്റ്റുഡന്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്കുപ്പേഷൻ എന്ന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കോപെൻഹേഗൻ സർവകലാശാല കവാടം ഉപരോധിച്ചായിരുന്നു പ്രതിഷേധം നടന്നത്

MediaOne Logo

Web Desk

  • Published:

    5 Sep 2024 10:42 AM GMT

Greta Thunberg arrested in Copenhagen for protesting against Israel in Gaza war, Israel attack on Gaza, University of Copenhagen,
X

കോപെൻഹേഗൻ: ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് അറസ്റ്റിൽ. ഡെന്മാർക്കിലെ കോപെൻഹേഗൻ സർവകലാശാലയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെയായിരുന്നു നടപടി. ഗ്രെറ്റയ്‌ക്കൊപ്പം അഞ്ചു വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെടിനിർത്തലിനായുള്ള അന്താരാഷ്ട്ര മുറവിളികൾ ശക്തമാകുമ്പോഴും ഗസ്സയിൽ രൂക്ഷമായ ആക്രമണം തുടരുന്ന ഇസ്രായേലിനെതിരെയായിരുന്നു കോപെൻഹേഗൻ സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം നടന്നത്. സ്റ്റുഡന്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്കുപ്പേഷൻ എന്ന വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരവധി പേർ സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് കാര്യാലയത്തിലേക്കുള്ള കവാടം ഉപരോധിക്കുകയായിരുന്നു. ഫലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായ കഫിയ്യ ഉടുത്തായിരുന്നു ഗ്രെറ്റ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതിനിടെ, സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

അതേസമയം, ഗ്രെറ്റയുടെ അറസ്റ്റിൽ പ്രതികരിക്കാൻ പൊലീസ് വിസമ്മതിച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കോപെൻഹേഗൻ പൊലീസ് വക്താവ് പറഞ്ഞു. പ്രതിഷേധം നടത്തിയ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. കാംപസിലെ പ്രവേശന കവാടം ഉപരോധിച്ചതിനാണു നടപടിയെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ഗ്രെറ്റയുമുണ്ടെന്ന് സംഘാടകർ സ്ഥിരീകരിച്ചു. ഗ്രെറ്റയെ പൊലീസ് കൈയാമം വച്ചു പിടിച്ചുകൊണ്ടുപോകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫലസ്തീനിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുമ്പോഴും ഇസ്രായേലിലെ അക്കാദമിക സ്ഥാപനങ്ങളുമായി കോപെൻഹേഗൻ സർവകലാശാല സഹകരണം തുടരുന്നത് പ്രതിഷേധാർഹമാണെന്ന് സ്റ്റുഡന്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്കുപ്പേഷൻ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇസ്രായേലിനെതിരെ അക്കാദമിക ബഹിഷ്‌ക്കരണം പ്രഖ്യാപിക്കണമെന്ന ഒറ്റ ആവശ്യമുയർത്തിയാണ് അഡ്മിനിസ്‌ട്രേറ്റീവ് കവാടം ഉപരോധിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിനെതിരെ നേരത്തെയും ശബ്ദമുയർത്തിയ സാമൂഹിക പ്രവർത്തകയാണ് ഗ്രെറ്റ തുൻബർഗ്. അതേസമയം, അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമായി ഇസ്രായേൽ നരനായാട്ടിനെതിരായ വിദ്യാർഥി പ്രതിഷേധം കനക്കുകയാണ്. ഇതിന്റെ ഭാഗമായായിരുന്നു കോപെൻഹേഗനിലും വിദ്യാർഥികൾ ഉപരോധ സമരം സംഘടിപ്പിച്ചത്.

Summary: Greta Thunberg arrested in Copenhagen for protesting against Israel in Gaza war

TAGS :

Next Story